സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്ന് 765 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണ് വ്യാപിക്കുന്നതെന്നും ഒരു മാസത്തിനിടെ 20 കോവിഡ് മരണം സംഭവിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കേസുകള്‍ വര്‍ധിക്കുന്നതിനാൽ സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ജീവിതശൈലി രോഗം ഉളളവർ, ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവരും ലക്ഷണം കണ്ടാൽ പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് അധികവും. ഐസിയുവില്‍ ചികിത്സയിലുള്ളവരിൽ അധികവും പ്രായമുള്ളവരാണ്. അവരില്‍ പ്രമേഹവും, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആവശ്യകത മുന്നില്‍ കണ്ട് പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെഎംഎസ്സിഎല് നിര്‍ദ്ദേശിച്ചതായി മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടതാണ്. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഫെബ്രുവരിയില്‍ കേസുകള്‍ തീരെ കുറവായിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തോടെയാണ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടായത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം പാടില്ല. ജനിതക പരിശോധനയ്ക്ക് അയച്ചതില്‍ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളത്. ജനിതക പരിശോധന വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്കി.