KERALA

'യുഡിഎഫിലെ കക്ഷിയെ പുകഴ്ത്തേണ്ടിയിരുന്നില്ല'; എം വി ഗോവിന്ദനെതിരെ സിപിഐ , ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് ബിനോയ് വിശ്വം

യുഡിഎഫ് വിടില്ലെന്ന ലീഗിന്റെ മറുപടി ചോദിച്ചു വാങ്ങിയത് പോലെയായെന്ന് സിപിഐ

ദ ഫോർത്ത് - തിരുവനന്തപുരം

മുസ്ലീം ലീഗിനെ പുകഴ്ത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടില്‍ സിപിഐയ്ക്ക് അതൃപ്തി. യുഡിഎഫിലെ ഒരു കക്ഷിയെ പുകഴ്ത്തേണ്ട കാര്യമില്ലായിരുന്നെന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇപ്പോൾ നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്നും സിപിഐ പറയുന്നു. യുഡിഎഫ് വിടില്ലെന്ന ലീഗിന്റെ മറുപടി ചോദിച്ചു വാങ്ങിയത് പോലെയായി. യുഡിഎഫിൽ അസംതൃപ്‌തി ഉണ്ടെങ്കിൽ ആദ്യം ലീഗ് ആണ് പറയേണ്ടിയിരുന്നതെന്നും സിപിഐ നേതൃത്വം വ്യക്തമാക്കുന്നു.

അതിനിടെ ലീഗ് വിഷയത്തില്‍ സിപിഐയില്‍ ഭിന്നത പ്രകടമാക്കിയിരിക്കുകയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം . അടിസ്ഥാനപരമായി ലീഗ് വർഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. എസ്ഡിപിഐ, പിഎഫ്ഐ പോലുള്ള വര്‍ഗീയ സംഘടനകളെ പോലെ ലീഗിനെ കണക്കാക്കാനാകില്ല. രാഷ്ട്രീയമായി വിമർശിക്കപ്പെടുന്ന കാര്യങ്ങൾ ദേശീയ തലത്തിൽ ലീഗില്‍ നിന്നുണ്ടായിട്ടുണ്ടെങ്കിലും, വർഗീയ പാർട്ടിയായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിനെ മുന്നണിയിലെടുക്കുന്നുവെന്ന ചർച്ചകൾ അപക്വമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് യുഡിഎഫ് വിടില്ലെന്ന് നിലപാട് അറിയിച്ചിട്ടും ഇക്കാര്യം ചർച്ച ചെയ്യുന്നത് വാർത്താ ദാരിദ്ര്യമാണെന്നും ബിനോയ് വിശ്വം വിമർശിച്ചു. ലീഗ് വർഗീയ പാർട്ടിയാണെന്ന സിപിഐയുടെ ഔദ്യോഗിക നിലപാട് തള്ളുന്നതാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

മുസ്ലീം ലീ​ഗ് യുഡിഎഫില്‍ അതൃപ്തരാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ലീഗ് വര്‍ഗീയ പാർട്ടിയല്ലെന്ന പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നത്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ മുസ്ലീം ലീഗിന് സിപിഎമ്മിന് ഒപ്പം ചേരാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതോടെ എം വി ഗോവിന്ദൻ പറഞ്ഞതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്ന് വ്യക്തമാക്കി മുസ്ലീംലീഗ് നേതൃത്വം രംഗത്തെത്തി. ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സിപിഎമ്മിന്റെ മനസ്സിലിരുപ്പ് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു.

ഇതിന് പിന്നാലെ കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും ലീഗിന്റെ മതേതര നിലപാടിനെയാണ് സ്വാഗതം ചെയ്തതെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ