KERALA

അപക്വം; എംവി ഗോവിന്ദന്റെ ലീഗ് പ്രശംസയില്‍ അതൃപ്തി തുറന്ന് പറഞ്ഞ് കാനം

സ്ഥിരമായി ഒരു ശത്രുവോ മിത്രമോ ഇല്ല എന്ന പ്രസ്താവന ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടിക്ക് സ്വീകാര്യമായ ഒന്നാണെന്നും കാനത്തിന്റെ വിമര്‍ശനം

ദ ഫോർത്ത് - തിരുവനന്തപുരം

മുസ്ലിം ലീഗിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തിയ പ്രസ്താവന അപക്വമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംവി ഗോവിന്ദന്റെ പ്രസ്താവനകള്‍ അനവസരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചുവെന്ന് കാനം അതൃപ്തിയറിയിച്ചു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം പറയുന്നതെന്ന് അറിയില്ലെന്നും പറയാനുണ്ടായ സാഹചര്യം അദ്ദേഹം തന്നെ വിശദീകരിക്കട്ടെയെന്നും കാനം പറഞ്ഞു.

ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നു എന്നത് മാധ്യമങ്ങള്‍ കൊടുക്കുന്ന വ്യാഖ്യാനം മാത്രമാണ്. എല്‍ഡിഎഫില്‍ മുന്നണി വിപുലീകരണത്തെ കുറിച്ച് ഒരു ചര്‍ച്ചയും ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും മുന്നണിയിലേക്ക് ഏത് പാര്‍ട്ടി വന്നാലും അത് ശക്തികൂട്ടുക മാത്രമേയുള്ളൂവെന്നും കാനം വ്യക്തമാക്കി.

എംവി ഗോവിന്ദന്റെ ലീഗ് പ്രശംസയില്‍ സിപിഐയുടെ അതൃപ്തി കൂടിയാണ് കാനത്തിന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. ദേശീയ രാഷ്രീയത്തില്‍ ബിജെപിക്കെതിരായ വിശാല കൂട്ടുകെട്ടിനെ സംബന്ധിച്ചാണ് പറഞ്ഞതെങ്കില്‍ അത് ശരിയാണെന്നും എന്നാല്‍ എംവി ഗോവിന്ദന്റെ പ്രസ്താവന മൂലം യുഡിഎഫില്‍ ഐക്യം വര്‍ധിപ്പിച്ചുവെന്നും കാനം പറഞ്ഞു.

രാഷ്ടീയത്തില്‍ സ്ഥിരമായി ഒരു ശത്രുവോ മിത്രമോ ഇല്ല എന്ന എംവി ഗോവിന്ദന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചത്. ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് അങ്ങനെയൊരു നിലപാടെടുക്കാന്‍ പറ്റുമോ എന്ന് സംശയമുണ്ടെന്നും അത് ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടിക്ക് സ്വീകാര്യമായ ഒന്നാണെന്നും കാനം വിമര്‍ശിച്ചു. എംവി ഗോവിന്ദന്റേത് സിപിഎമ്മിന്റെ നിലപാട് മാത്രമാണെന്നും അത് എല്‍ഡിഎഫില്‍ ഘടക കക്ഷികള്‍ക്ക് ബാധകമായ കാര്യമല്ലെന്നും കാനം മറുപടി നല്‍കി.

മുസ്ലീം ലീഗിനോട് രാഷ്ട്രീയ വിവേചനമില്ലെന്ന് ആവര്‍ത്തിച്ചായിരുന്നു ഇക്കഴിഞ്ഞ ഒന്‍പതാം തീയതി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രശംസ. ഗവര്‍ണര്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടിനെ ലീഗും ആര്‍എസ്പിയും പിന്തുണച്ചതോടെ യുഡിഎഫ് പ്രതിസന്ധിലായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം ലീഗ് നില്‍ക്കുന്നു എന്നതിനെ സിപിഎം പിന്തുണക്കും. ലീഗ് എടുക്കുന്ന നിലപാട് സംബന്ധിച്ചാണ് തീരുമാനമെടുക്കുക. ബിജെപിക്ക് അനുകൂലമായെടുക്കുന്ന നിലപാടുകളോട് യുഡിഎഫില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. വര്‍ഗീയതക്കെതിരായ പോരാട്ടങ്ങള്‍ക്ക് ആരൊക്കെ യോജിക്കുന്നോ അവരെയൊക്കെ ചേര്‍ത്തുപിടിക്കുന്ന വിശാലമായ കാഴ്ചപ്പാടാണ് സി പി എമ്മിന്. എല്ലാകാലത്തും ആരും ശത്രുവും മിത്രവുമല്ല. വര്‍ഗീയ നിലപാടെടുക്കുന്ന എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോള്‍ ലീഗിനെ സി പി എം വിമര്‍ശിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ