കാനം രാജേന്ദ്രന് ശേഷം സിപിഐയില്‍ ആര്? ബിനോയ് വിശ്വം എന്നാണ് 'താത്കാലിക' ഉത്തരം. കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെ, കോട്ടയത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് ബിനോയ് വിശ്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയെങ്കിലും, 'ഗ്രൂപ്പു പോരിന്റെ ഭൂതങ്ങള്‍' ഉറങ്ങിക്കിടക്കുന്ന സിപിഐയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല.
ബിനോയ് വിശ്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയതില്‍ പരസ്യ വിമര്‍ശനവുമായി കെ ഇ ഇസ്മായില്‍ രംഗത്തുവന്നുകഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിന്തുടര്‍ച്ചാവകാശമില്ലെന്നും ബിനോയ് വിശ്വത്തെ ചുമതല ഏല്‍പ്പിക്കണം എന്ന് നിര്‍ദേശിച്ച് കാനം കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്ത് തങ്ങളാരും കണ്ടിട്ടില്ലെന്നുമാണ് കെ ഇ ഇസ്മായിലിന്റെ പ്രതികരണം.
'ബിനോയ് വിശ്വം മികച്ച സഖാവാണ്. നല്ല സംഘാടകനാണ്. എന്നാല്‍ ബിനോയ് വിശ്വത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കാനത്തിന്റെ കത്ത് ഞങ്ങള്‍ കണ്ടിട്ടില്ല. പാര്‍ട്ടിയുടെ കീഴ്‌വഴക്കം ലംഘിച്ചെന്ന സംശയം പ്രവര്‍ത്തകര്‍ക്കുള്ളതുപോലെ വ്യക്തിപരമായി തനിക്കുമുണ്ട്. സെക്രട്ടറിയെ അടിയന്തരമായി നിയമിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ദേശീയ നേതൃത്വം ചര്‍ച്ചകള്‍ക്ക് ശേഷം സെക്രട്ടറിയെ നിയമിച്ചാല്‍ മതിയായിരുന്നു'- കെ ഇ ഇസ്മായില്‍.
ആരോഗ്യകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അവധിക്ക് കത്തുനല്‍കിയ കാനം രാജേന്ദ്രന്‍, കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത് ദേശീയ സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല നല്‍കണം എന്നായിരുന്നു. ഇതില്‍ കാര്യമായ എതിര്‍പ്പുയര്‍ന്നില്ലെങ്കിലും, 'കാനത്തിന്റെ പട്ടട അണയും മുന്‍പ് ഇങ്ങനെയൊരു തീരുമാനം വേണോ' എന്ന ചോദ്യം പ്രകാശ് ബാബുവിന്റെ ഭാഗത്തുനിന്നുണ്ടായി. സംസ്ഥാന സെക്രട്ടറി പദം എത്രനാള്‍ ഒഴിഞ്ഞുകിടക്കുന്നോ, അത്രയും അപകടം സംഭവിക്കും എന്ന തിരിച്ചറിവാണ് തിടുക്കപ്പെട്ട് ഈ തീരുമാനം എടുക്കുന്നതിലേക്ക് കേന്ദ്രനേൃത്വത്തെ നയിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത്, സംസ്ഥാന സെക്രട്ടറി പദം അധികനാള്‍ ഒഴിച്ചിട്ടാല്‍, അടി കടുക്കുമെന്ന ആധി ദേശീയ നേതൃത്വത്തിനുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം 28ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഈ യോഗത്തില്‍ 'എന്തും സംഭവിക്കാം' എന്നൊരു അഭ്യൂഹം സിപിഐ അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നുണ്ട്.
മാറ്റിനിര്‍ത്തലുകളും വെട്ടിവീഴ്ത്തലുകളും തരണം ചെയ്താണ് കാനം രാജേന്ദ്രന്‍ 2015ല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയത്. പിന്നീട്, കെ ഇ ഇസ്മായിലിനേയും സംഘത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഒതുക്കി അറ്റത്തിരുത്തുകയായിരുന്നു. പാര്‍ട്ടി പൂര്‍ണമായും കാനം പിടിച്ചു എന്ന സ്ഥിതിയായി. 2022 സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായ വീണ്ടും പടയൊരുക്കത്തിന് കോപ്പുകൂട്ടല്‍ നടന്നെങ്കിലും കാനം അതിനെയും അതിജീവിച്ചു. പ്രകാശ് ബാബു മത്സര രംഗത്തുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍, അവസാന നിമിഷ സമവായ നീക്കത്തിലൂടെ പ്രകാശ് ബാബുവിനെ കാനം തത്ക്കാലത്തേക്ക് കൂടെനിര്‍ത്തി. എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍, ബാക്കിയെല്ലാ ജില്ലകളിലും കാനം പക്ഷം മേല്‍ക്കൈ നേടി.
പ്രായപരിധി ചൂണ്ടിക്കാട്ടി കെ ഇ ഇസ്മായിലേയും സി ദിവാകരനേയും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ, പാര്‍ട്ടിയില്‍ കാനം രാജേന്ദ്രന് സമ്പൂര്‍ണ ആധിപത്യമായി. സി ദിവാകരന്റെ ഭാഗത്തുനിന്ന് ഇടയ്ക്കിടക്കുണ്ടായ ചില പൊട്ടലും ചീറ്റലും മാറ്റിനിര്‍ത്തിയാല്‍ കാനത്തിന്റെ മൂന്നാം ടേം വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോവുകയായിരുന്നു. കാനം കാലം കഴിയുന്നതുവരെ കാത്തിരിക്കാം എന്ന നിലപാടിലായിരുന്നു പ്രകാശ് ബാബു. അപ്പോഴാണ്, കാനത്തിന്റെ അപ്രതീക്ഷിത മരണവും ബിനോയ് വിശ്വത്തിന്റെ കടന്നുവരവും.
പാര്‍ലമെന്ററി രംഗമാണ് ഏറെനാളായി ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തന മേഖല. കാനം കഴിഞ്ഞാല്‍, സംസ്ഥാന പാര്‍ട്ടിയില്‍ രണ്ടാമന്‍ എന്ന വിശേഷണം ഒരിക്കലും ബിനോയ് വിശ്വത്തിന് ഇല്ലായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ബിനോയ് വിശ്വത്തെ ഡി രാജയ്ക്ക് ശേഷം ജനറല്‍ സെക്രട്ടറിയാക്കിയേക്കും എന്ന അഭ്യൂഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ്, തനിക്ക് പകരം ബിനോയ് എന്ന നിര്‍ദേശം കാനം മുന്നോട്ടുവച്ചത്. ഇത് പ്രകാശ് ബാബുവിനെയും ഇസ്മായില്‍ പക്ഷത്തേയും ഞെട്ടിച്ചു.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കവേ, സംഘടനാ രംഗത്ത് പ്രവൃത്തി പരിചയമില്ലാത്ത ബിനോയ് വിശ്വത്തെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കുന്നത് തിരിച്ചടിയാകുമെന്നും എതിര്‍പക്ഷം ചൂണ്ടിക്കാട്ടുന്നു. സിപിഐയ്ക്ക് ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സമയത്താണ് കാനത്തിന്റെ അപ്രതീക്ഷിത വിയോഗം. പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുമിച്ചുകൊണ്ടുപോകാന്‍ ബിനോയ് വിശ്വത്തിന് കഴിയുമോ എന്ന ചോദ്യം എതിര്‍പക്ഷം ഉയര്‍ത്തുന്നു.
സിപിഎമ്മിനും ബിനോയ് വിശ്വത്തോട് വലിയ താത്പര്യമില്ല. സിപിഎമ്മുമായി പലപ്പോഴും കൊമ്പുകോര്‍ത്തിട്ടുണ്ടെങ്കിലും ഭരണ, വികസന കാഴചപ്പാടുകളില്‍ കാനം പൂര്‍ണമായും സര്‍ക്കാരിനൊപ്പമായിരുന്നു. ബിനോയ് വിശ്വത്തിന്റെ തീവ്ര പരിസ്ഥിതി നിലപാടുകള്‍ സര്‍ക്കാരിന് തലവേദനയാകുമെന്ന് സിപിഎം കരുതുന്നുണ്ട്.
പാര്‍ട്ടിയിലെ പടയൊരുക്കം തടയാന്‍ കാനം പക്ഷം ചില സമവായ നീക്കങ്ങളും നടത്തുന്നുണ്ട്. ആറ് മാസം കഴിയുമ്പോള്‍ ബിനോയ് വിശ്വത്തിന്റെ രാജ്യസഭ കാലാവധി അവസാനിക്കും. ഒഴിവുവരുന്ന സീറ്റിലേക്ക് പ്രകാശ് ബാബുവിനെ പരിഗണിക്കാമെന്ന് കാനം പക്ഷം സമവായ സാധ്യത തുറന്നിട്ടിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിലും കൗണ്‍സിലിലും മൃഗീയഭൂരിപക്ഷമാണ് കാനം പക്ഷത്തിന്. അതിനാല്‍ത്തന്നെ, പ്രകാശ് ബാബുവും കെ ഇ ഇസ്മായിലും കലാപത്തിന് ശ്രമിച്ചാലും അടിച്ചൊതുക്കാന്‍ പറ്റുമെന്ന വിശ്വാസവും കാനം പക്ഷത്തിനുണ്ട്.