24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും. പുത്തരിക്കണ്ടം മൈതാനിയിലെ പൊതുസമ്മേളന നഗരിയിലും പ്രതിനിധി സമ്മേളന നഗരിയായ ടാഗോര്‍ തീയേറ്ററിലെ വെളിയം ഭാര്‍ഗവന്‍ നഗറിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിക്കുള്ളിലെ കല്ലുകടികള്‍ മറനീക്കി പുറത്ത് വരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്.
ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് ശേഷം തിങ്കളാഴ്ച പുതിയ സംസ്ഥാന കൗണ്‍സിലിനെയും സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തിരഞ്ഞെടുക്കും.
സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള പ്രായ പരിധി 75 ആക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കെ ഇ ഇസ്മായിലിനും സി ദിവാകരനും കടുത്ത അതൃപ്തിയുണ്ട്. ഇരു നേതാക്കളും പരസ്യമായി കാനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. അതിനാല്‍ തന്നെ ഇത്തവണ മത്സരത്തിലൂടെ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിലേക്കാവും കാര്യങ്ങള്‍ നീങ്ങുക.
പ്രതിഷേധ സൂചകമായി കൊടിമര കൈമാറ്റ ചടങ്ങ് കെ ഇ ഇസ്മായിലും സി ദിവാകരനും ബഹിഷ്‌കരിച്ചിരുന്നു. തീരുമാനം നടപ്പാകുകയാണെങ്കില്‍ 75 വയസ് പിന്നിട്ട ഇരുനേതാക്കളും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് സംസ്ഥാന സംഘടനാതലത്തില്‍ പ്രായപരിധി നടപ്പാക്കരുതെന്ന് പ്രമേയം കൊണ്ടുവരാനും വോട്ടെടുപ്പ് ആവശ്യപ്പെടാനുമാണ് ഇവരുടെ നീക്കം. പ്രായപരിധി നടപ്പായില്ലെങ്കില്‍ കാനത്തിനെതിരെ മത്സരരംഗത്ത് കെ ഇ ഇസ്മായിലുണ്ടാകുമെന്നാണ് സൂചന.
സമ്മേളനം തുടങ്ങും മുന്‍പ് തന്നെ വിഭാഗീയതക്കെതിരെ താക്കീതുമായി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നായിരുന്നു കാനം വ്യക്തമാക്കിയത്.