KERALA

വിഭാഗീയത കൊടിയേറി; സിപിഐ സമ്മേളനം 30 മുതൽ

ബി ശ്രീജൻ

സംസ്ഥാന സമ്മേളനത്തിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ സിപിഐ കേരള ഘടകം നേരിടുന്നത് അസാധാരണ പ്രതിസന്ധി. സെക്രട്ടറി കാനം രാജേന്ദ്രനെതിരെ മുൻ അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മായിലിന്റെയും മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സി ദിവാകരന്റെയും നേതൃത്വത്തിൽ പത്തോളം മുതിർന്ന നേതാക്കൾ സംഘടിച്ചതോടെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചനകൾ. ചരിത്രത്തിൽ ഇന്നേവരെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സിപിഐയിൽ മത്സരം നടന്നിട്ടില്ല. കാനം സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ട കോട്ടയം സമ്മേളനത്തിൽ കെ ഇ ഇസ്മയിലിന്റെ പേര് ഉയർന്നു വന്നിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹം പിൻവാങ്ങി, ഏകകണ്ഠമായ തിരഞ്ഞെടുപ്പിന് അരങ്ങൊരുക്കുകയായിരുന്നു. അതിനു മുൻപും വെളിയം ഭാർഗവന് എതിരായി സി കെ ചന്ദ്രപ്പനെ ഒരുപക്ഷം ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ ഒരു സമ്മേളനം കൂടി കാത്തിരിക്കാൻ സുമനസ്സ് കാട്ടി ചന്ദ്രപ്പൻ വെളിയത്തെ വീണ്ടും തിരഞ്ഞെടുക്കാൻ സഹായിക്കുകയായിരുന്നു

കെഇയും സിഡിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത് ഭാരവാഹികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന 75 വയസ്സെന്ന പ്രായപരിധിയാണ്. ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ട ദിവാകരൻ അത്തരമൊരു പരിധി പാർട്ടി കോൺഗ്രസ് നിശ്ചയിച്ചിട്ടില്ലെന്നും ഭരണഘടന ഭേദഗതി ചെയ്യാതെ തീരുമാനം നടപ്പാക്കാനാവില്ലെന്നും പറഞ്ഞു.ദേശീയ കൗൺസിൽ പാർട്ടി സമ്മേളനങ്ങൾക്കായി തയാറാക്കിയ മാർഗ്ഗരേഖയിലാണ് ഈ നിർദേശമുള്ളത്. വിമത വിഭാഗത്തിന് ഊർജം പകർന്നത് ബിഹാർ സമ്മേളനത്തിൽ 78 വയസുള്ള രാം നരേഷ് പാണ്ഡേയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തതാണ്. ദേശീയ കൗൺസിൽ മാർഗനിർദേശം അവിടത്തെ പ്രതിനിധികൾ അവഗണിക്കുകയായിരുന്നു.

കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരായ നേതാക്കളെ സംസ്ഥാന കൗൺസിലിലേക്ക് തിരുകിക്കയറ്റാനാണ് ശ്രമമെന്ന് വിമത വിഭാഗം ആരോപിക്കുന്നു

പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കിയാൽ ഇസ്മായിലിനും ദിവാകരനുമൊപ്പം മുതിർന്ന നേതാക്കളായ എ കെ ചന്ദ്രനും എൻ അനിരുദ്ധനും സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്താകും. അനാരോഗ്യം അലട്ടുന്ന കെ ആർ ചന്ദ്രമോഹനും മാറിനിൽക്കാനാണ് സാധ്യത. ഇവർക്ക് പകരം കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരായ നേതാക്കളെ സംസ്ഥാന കൗൺസിലിലേക്ക് തിരുകിക്കയറ്റാനാണ് ശ്രമമെന്ന് വിമത വിഭാഗം ആരോപിക്കുന്നു. 50 വയസ്സിന് താഴെയുള്ളവരാകണം പുതിയ കൗൺസിലിലെ അംഗങ്ങൾ എന്നതും സ്ത്രീകൾക്ക് 15 ശതമാനം പ്രാതിനിധ്യം വേണമെന്നതും തങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങൾക്ക് വേണ്ടി ഔദ്യോഗികപക്ഷം മറയാക്കിയേക്കുമെന്നാണ് വിമതർ കരുതുന്നത്.

കീഴ് ഘടകങ്ങളിലെ സമ്മേളനങ്ങളിലെല്ലാം എതിർപ്പില്ലാതെ നടപ്പാക്കിയ നിബന്ധന സംസ്ഥാന തലത്തിൽ വരുമ്പോൾ മാത്രം പ്രശ്നമാകുന്നതെങ്ങനെയെന്നാണ് കാനം രാജേന്ദ്രന്റെ ചോദ്യം

അതേ സമയം ജില്ലാ സമ്മേളനങ്ങൾ ഉൾപ്പെടെ കീഴ് ഘടകങ്ങളിലെ സമ്മേളനങ്ങളിലെല്ലാം എതിർപ്പില്ലാതെ നടപ്പാക്കിയ നിബന്ധന സംസ്ഥാന തലത്തിൽ വരുമ്പോൾ മാത്രം പ്രശ്നമാകുന്നതെങ്ങനെയെന്നാണ് കാനം രാജേന്ദ്രന്റെ ചോദ്യം. ജില്ലകളിൽ ഇപ്പോൾ വിമർശനം ഉയർത്തുന്ന നേതാക്കൾ കൂടി മുൻകൈ എടുത്താണ് കേന്ദ്ര തീരുമാനം നടപ്പാക്കിയത്.

സിപിഐ ഭരണഘടന അനുസരിച്ച് ദേശീയ കൗൺസിൽ തയാറാക്കിയ മാർഗരേഖ സാധുവാണ്. ഭരണഘടനയിലെ 11 (7) വകുപ്പ് പ്രകാരം സമ്മേളന നടത്തിപ്പിനും തീരുമാനങ്ങൾക്കും മാർഗരേഖ നൽകുവാൻ ദേശീയ കൺസിലിന് അവകാശം ഉറപ്പാക്കുന്നുണ്ട്. ഓരോ ഘടക സമ്മേളനത്തിലെയും പ്രാതിനിധ്യം ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതും ഇതിൻ്റെ അടിസ്ഥാനത്തിലാണ്. പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ചേർന്ന ദേശീയ കൗൺസിലാണ് ഇപ്പോൾ തീരുമാനമെടുത്തത്. അതുകൊണ്ടു തന്നെ ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന വാദത്തിന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ലഭിക്കില്ല. വിമതർക്ക് ചെയ്യാനാകുന്ന കാര്യം പ്രായപരിധി നിബന്ധനക്ക് എതിരെ ഒരു പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ കേന്ദ്ര നേതൃത്വം എതിർത്താൽ അത്തരം ഒരു അവതരണം തന്നെ അസാധ്യമാകും.

കെ ഇ ഇസ്മായിലും സി ദിവാകരനും മാധ്യമങ്ങളോട് സംസാരിച്ചതനുസരിച്ച് വിമതർ കാനത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്തി മത്സരത്തിനൊരുങ്ങാൻ പദ്ധതിയിടുന്നെന്നത് വ്യക്തമാണ്. അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവിനെ സ്ഥാനാർഥിയാക്കാനാണ് ഇവരുടെ ശ്രമം. പ്രകാശ് ബാബു ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെങ്കിലും കാനം തുടരുന്നതിൽ അദ്ദേഹത്തിനും അതൃപ്തിയുണ്ടെന്ന് അറിയുന്നു. മത്സരം ഉണ്ടെങ്കിൽ മത്സരിച്ചു ജയിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് കാനം. ആകെയുള്ള 563 പ്രതിനിധികളിൽ 350 പേരെങ്കിലും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണക്ക്. എന്നാൽ കാനത്തിന്റെ അനാരോഗ്യവും അധികാരഭ്രമവും പ്രചാരണ വിഷയങ്ങളാക്കി പ്രതിനിധികളിൽ നല്ലൊരു ഭാഗത്തെ സ്വാധീനിക്കാനാവും ഇസ്മായിൽ പക്ഷം ശ്രമിക്കുക. അങ്ങനെ വന്നാൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരം പൊടിപാറും.

ജനറൽ സെക്രട്ടറി ഡി രാജയുടെ നേതൃത്വത്തിൽ കേന്ദ്ര നേതാക്കൾ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്. മത്സരം ഒഴിവാക്കി, സമയവായ അന്തരീക്ഷം സൃഷ്ടിക്കാൻ അവർ ശ്രമിക്കും. ഒരു സമവായ സ്ഥാനാർത്ഥിയായി രാജ്യസഭാ എം പി ബിനോയ് വിശ്വത്തെ നിർദേശിച്ച് മത്സരം ഏതുവിധേനയും ഒഴിവാക്കാനാവും അവർ ശ്രമിക്കുക. പ്രതിനിധികൾക്കിടയിൽ ഭൂരിപക്ഷം ഉള്ളപ്പോൾ അത്തരം ഒരു ഒത്തുതീർപ്പിന് കാനം തയാറാകുമോയെന്നു കാത്തിരുന്ന് കാണണം.

സിപിഐ 24 -ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം സെപ്തംബർ 30 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്താണ് നടക്കുന്നത്. ജില്ലാ സമ്മേളനങ്ങൾ തിരഞ്ഞെടുത്ത 563 പ്രതിനിധികളാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാനായി തലസ്ഥാനത്ത് എത്തുന്നത്. ടാഗോർ തിയേറ്ററിലാണ് പ്രതിനിധി സമ്മേളനം, പുത്തരിക്കണ്ടത്ത് പൊതുസമ്മേളനവും നടക്കും.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും