ഷാജഹാന്‍ 
KERALA

ഷാജഹാന്റെ കൊലപാതകം: നേരിട്ട് പങ്കുള്ളയാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍; വധ ഭീഷണി ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍

ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതായാണ് വിവരം

വെബ് ഡെസ്ക്

പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ പിടിയിലായതായി സൂചന. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളയാളും സഹായിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതായാണ് വിവരം. അതേസമയം, ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ആസൂത്രിത കൊലയ്ക്ക് പിന്നില്‍ ബിജെപിയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഷാജഹാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സുരേഷും മൊഴി നല്‍കിയിരിക്കുന്നത്.

ഷാജഹാന്റെ കൊലപാതകത്തില്‍ എട്ട് പ്രതികളുണ്ടെന്നാണ് എഫ്ഐആര്‍. കൊലപാതകത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ താമസിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നത്. പ്രതികളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നുമുണ്ട്. അതിനിടെയാണ് കൃത്യത്തില്‍ നേരിട്ട് പങ്കുള്ളയാളും സഹായിച്ചയാളും പിടിയിലായതെന്നാണ് വിവരം. പാലക്കാട് ഡിവൈഎസ്പി വി.കെ രാജുവിന്‍റെ നേത്യത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. പ്രധാന പ്രതികളെ വൈകാതെ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.

അതേസമയം, കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് ഷാജഹാന്റെ ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതകം ആസൂത്രിതമാണ്. ഷാജഹാന് ബിജെപിയുടെ വധ ഭീഷണി ഉണ്ടായിരുന്നു. പ്രതികളായ ശബരീഷും അനീഷും നവീനും ഭീഷണിപ്പെടുത്തിയിരുന്നു. ആസൂത്രിത കൊലയ്ക്ക് പിന്നിൽ ബിജെപി ആണ്. അവരുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല. ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് തർക്കം തുടങ്ങിയതെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ബിജെപി നേതൃത്വം പ്രതികരിച്ചത്. സിപിഎമ്മിലെ പ്രാദേശിക വിഭാഗീയതയാണ് കൊലപാതകത്തിന് കാരണമെന്നും ബിജെപി ആരോപിച്ചു. എന്നാല്‍, കൊലയാളി സംഘത്തിലുള്ളവര്‍ നേരത്തെ പാര്‍ട്ടി അംഗങ്ങളായിരുന്നെങ്കിലും ഇപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്‍റെ മറുപടി. ആർഎസ്എസാണ് ഇവർക്ക് സഹായം നൽകി വന്നത്. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. പിന്നെങ്ങനെയാണ് ഇവർ സിപിഎം പ്രവർത്തകരെന്ന് പറയുക, എന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ചോദിച്ചത്.

പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍കമ്മിറ്റി അംഗവും കുന്നങ്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു ഷാജഹാന്‍. ഓഗസ്റ്റ് 14ന് രാത്രി ഒന്‍പതരയോടെ കുന്നങ്കാട് ജംഗ്ഷനില്‍വച്ചാണ് ഒരു സംഘമാളുകള്‍ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ എട്ടംഗസംഘമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അനീഷ്, ശബരീഷ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. കൊലപാതക കാരണം രാഷ്ട്രീയ വിരോധമാണെന്നും എഫ്ഐആര്‍ പറയുന്നു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 19 അംഗ സംഘത്തിനാണ് കേസ് അന്വേഷണ ചുമതല. നാല് സിഐമാരും മൂന്ന് എസ്ഐമാരും സംഘത്തിലുണ്ട്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം