കേരള സി എം എന്ന പേരിൽ പുറത്തിറങ്ങിയ പിണറായി വിജയനെ സ്തുതിക്കുന്ന വീഡിയോ ഗാനത്തെ ചൊല്ലി സൈബർ ഇടങ്ങളിൽ ഗൂഢാലോചന സിദ്ധാന്തങ്ങൾ നിറയുമ്പോഴും പാട്ടിന്റെ പിറവിക്കു പിന്നിൽ അസ്വാഭാവികതകളൊന്നും ഇല്ലെന്ന നിഗമനത്തിലാണ് സിപിഎം, ഡി വൈ എഫ് ഐ പ്രാദേശിക ഘടകങ്ങൾ. ഗാനത്തിന്റെ രചയിതാവും സംവിധായകനുമായ നിഷാന്ത് നിള സജീവ പാർട്ടി പ്രവർത്തകൻ ആണെന്നതും ഗാനത്തിന്റെ ചിത്രീകരണത്തിലും നിർമാണത്തിലും സഹകരിച്ച ഏതാണ്ട് എല്ലാപേരും സിപിഎം അനുഭാവികൾ ആണെന്നതും ഗൂഢാലോചന സിദ്ധാന്തങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നാണ് ആദ്യ നിഗമനം.
നിഷാന്ത് നിള സംഘപരിവാർ സ്വാധീനത്തിൽ നിർമിച്ച ഗാനമാണ് ഇതെന്നും എസ്ഡിപിഐ ആണ് പിറകില്ലെന്നുമുളള ആരോപണങ്ങൾ അസംബന്ധമാനെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ
പാട്ടിനെ ചൊല്ലിയുള്ള സൈബറിട സംവാദങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ ദ ഫോർത്തിനോട് പറഞ്ഞു. നിലവിൽ സംഘടന ഔദ്യോഗികമായി ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേ സമയം, നിഷാന്ത് നിള സംഘപരിവാർ സ്വാധീനത്തിൽ നിർമിച്ച ഗാനമാണ് ഇതെന്നും എസ്ഡിപിഐ ആണ് പിറകില്ലെന്നുമുളള ആരോപണങ്ങൾ അസംബന്ധമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ദ ഫോർത്ത് അഭിമുഖത്തിൽ പറഞ്ഞതുപോലെതന്നെ നിഷാന്ത് നിള നിലവിൽ ഡിവൈഎഫ്ഐ അരുവിക്കുഴി യൂണിറ്റ് പ്രസിഡന്റ് ആണെന്ന് ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് സെക്രട്ടറി രതീഷ് പറഞ്ഞു. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്ന സംഘടനയുടെ സജീവ പ്രവർത്തകനായ നിഷാന്ത് സ്ഥിരമായി ഏരിയ കമ്മിറ്റി ഓഫീസിൽ വരാറുണ്ടെന്നും രതീഷ് ദ ഫോർത്തിനോട് പറഞ്ഞു.
വൈറലായ വീഡിയോ ഗാനത്തോടുളള വിവാദങ്ങളോട് പ്രതികരിച്ച് നിഷാന്തും രംഗത്തെത്തി. താൻ സംഘപരിവാറിന്റെയോ കോൺഗ്രസിന്റെയോ എസ്ഡിപിഐയുടെയോ ഏജന്റ് അല്ലെന്നും ചെറുപ്പകാലം മുതലുളള പിണറായി വിജയനോടുളള ആരാധനയാണ് വീഡിയോ ഗാനം തയാറാക്കിയതിനു പിന്നിലെന്നും അദ്ദേഹം ദ ഫോർത്തിനോട് പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ എവിടെ ചെന്നാലും പിണറായിക്ക് നേരെ വിമർശനങ്ങൾ കേട്ടിരുന്നു. ഒരു പാർട്ടി പ്രവർത്തകൻ എന്നതിനപ്പുറം പിണറായിയോടുളള ആരാധനയാണ് വിമർശകർക്കുളള മറുപടിയായി ഇത്തരത്തിൽ ഒരു വീഡിയോ ഗാനം ചിത്രീകരിക്കാൻ പ്രേരണ ആയതെന്ന് നിഷാന്ത് പറഞ്ഞു.
കേരള സിഎം വീഡിയോ ഗാനം പുറത്തിറങ്ങിയതു മുതൽ വലിയ രീതിയിലുളള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നു കൊണ്ടിരിക്കുന്നത്. ഇടതു സൈബർ ഇടങ്ങളിൽ അടക്കം നിഷാന്തിനെതിരെ വലിയ തോതിലുളള വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നിരുന്നു. വീഡിയോ ഗാനം തയാറാക്കിയതിന് ആറ് ലക്ഷം രൂപയാണ് ചെലവായിരിക്കുന്നത്. ഇത്രയും ഭീമമായ തുക എവിടെ നിന്നും ലഭിച്ചുവെന്ന തരത്തിലുളള ചോദ്യങ്ങളും വിമർശകർ ഉന്നയിച്ചിരുന്നു. അതേസമയം, കേരള സിഎമ്മിൽ മുഴുനീളം അഭിനയിച്ച നെയ്യാറ്റിൻകര സ്വദേശി സതീഷാണ് നിർമാണ ചെലവ് വഹിച്ചതെന്ന് നിഷാന്ത് പറഞ്ഞു. പാർട്ടി അനുഭാവിയായ സതീഷ് സിനിമ മോഹങ്ങളുള്ള വ്യക്തിയാണെന്നും നിഷാന്ത് കൂട്ടിച്ചേർത്തു.
എട്ട് മിനുട്ട് ദൈർഘ്യമുളള പിണറായി സ്തുതി ഗീതത്തിലെ വരികൾ ഇടതു അനുഭാവികൾക്കിടയിലും പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. ഇരട്ട ചങ്കൻ, കാരണഭൂതൻ, ദൈവത്തിന്റെ വരദാനം തുടങ്ങിയ വിശേഷണങ്ങളിൽ അഭിമാനം കൊളളുന്ന പാർട്ടി പ്രവർത്തകർക്ക് പോലും തീയിൽ കുരുത്ത കുതിരയും ഒറ്റയ്ക്ക് വളർന്ന മരവും മണ്ണിൽ മുളച്ച സൂര്യനും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനുമൊക്കെയായി നിഷാന്തിന്റെ ഭ്രമകൽപ്പനയിലുണ്ടായ പിണറായി വിജയനെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആറ് ദിവസം മുൻപ് ഇറങ്ങിയ ഗാനം യൂട്യൂബിൽ 82,000 പേർ കണ്ടുകഴിഞ്ഞു.