ലോക്സഭ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെയും ഇടതുപക്ഷ മുന്നണിയുടെയും പരാജയത്തിനുള്ള കാരണങ്ങൾ വിലയിരുത്തി സിപിഎം അവലോകന റിപ്പോർട്ട്. പാർട്ടി കേഡർമാരുടെ ധിക്കാരപരമായ പെരുമാറ്റങ്ങൾ ആളുകളെ പാർട്ടിയിൽ നിന്ന് അകറ്റുന്നെന്നും പാർട്ടി വിലയിരുത്തി.
തെറ്റായ പ്രവണതകളെ അംഗീകരിക്കുന്ന പ്രവണത സിപിഎമ്മിലില്ലെന്നും മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗങ്ങൾ തുടങ്ങിയ എല്ലാവരുടെയും തിരുത്തേണ്ടതായ തെറ്റുകൾ തിരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ച റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത തെറ്റാണ്. പാർട്ടിക്കകത്ത് പിണക്കങ്ങളും പ്രശ്നങ്ങളുമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ടെന്നും ഈ തെറ്റായ പ്രചാരവേല തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന് വോട്ട് ശതമാനത്തിൽ കുറവ് ഉണ്ടായെന്നും കഴിഞ്ഞ രണ്ട് തവണകളിലായി 7 ശതമാനത്തിന്റെ കുറവാണ് മുന്നണിക്കുണ്ടായതെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം മൂലം വിവിധ ജനവിഭാഗങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മൂലമുണ്ടായ അതൃപ്തിയാണ് എൽഡിഎഫിനുള്ള തിരഞ്ഞെടുപ്പ് പിന്തുണ കുറയാനുള്ള ഒരു കാരണമെന്നും ഗണ്യമായ ഒരു വിഭാഗം ജനങ്ങൾക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്ക്, കേന്ദ്രത്തിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം കോൺഗ്രസിന് മാത്രമേ സാധ്യമാകൂ എന്ന ചിന്തയാണ് കോൺഗ്രസിന്റെ വിജയത്തിന് കാരണമെന്നും സിപിഎം വിലയിരുത്തി.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കേന്ദ്രത്തിന്റെ കടന്നാക്രമണത്തിനെതിരെ എൽഡിഎഫ് പ്രചാരണം നടത്തിയിട്ടും ജനങ്ങളിലേക്ക് എത്തിയില്ലെന്നും പാർട്ടി വിലയിരുത്തി. പല മണ്ഡലങ്ങളിലും പാർട്ടിയുടെ പരമ്പരാഗത അടിത്തറയിൽ നിന്ന് ബിജെപിയിലേക്ക് വോട്ട് ചോർച്ച ഉണ്ടായെന്നും പാർട്ടി വിലയിരുത്തി. ആറ്റിങ്ങൽ, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ പാർട്ടിയുടെ അടിത്തറ വോട്ടുകൾ ബിജെപിയിലേക്ക് പോയി.
തൃശൂരിൽ കോൺഗ്രസിന്റെയും ചില ക്രിസ്ത്യൻ വിഭാഗങ്ങളുടെയും വോട്ടുകളാണ് ബിജെപിയുടെ വിജയത്തിന് കാരണം. 'ഹിന്ദു വികാരങ്ങളും' ജാതി സ്വാധീനവും മറ്റു സീറ്റുകളിലും പാർട്ടിയുടെ വോട്ട് അടിത്തറയെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ടെന്നും സിപിഎം വിലയിരുത്തി.
എസ്എൻഡിപി നേതൃത്വം ബിജെപിക്ക് അനുകൂലമായി പ്രവർത്തിച്ചെന്നും സിപിഎം വിലയിരുത്തി. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും - രണ്ട് തീവ്രവാദ സംഘടനകൾ - മുസ്ലീം ലീഗുമായി ചേർന്ന് എൽഡിഎഫിനെതിരെയും കോൺഗ്രസിന് അനുകൂലമായും ശക്തമായ പ്രചാരണം നടത്തി.
കിസ്ത്യൻ സഭയിലെ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി. സഭയ്ക്കുള്ളിൽ വളർന്നുവരുന്ന മുസ്ലീം വിരുദ്ധ വികാരം മുതലെടുത്തെന്നും പാർട്ടി വിലയിരുത്തുന്നു. ജനങ്ങളുടെ മാനസികാവസ്ഥയും അവരുടെ ഇഷ്ടാനിഷ്ടങ്ങളും അളക്കാൻ പാർട്ടി യൂണിറ്റുകൾക്ക് കഴിയുന്നില്ലെന്നും ജനങ്ങളുമായുള്ള പാർട്ടിയുടെ അടുത്ത ബന്ധം ദുർബലമായത് തിരുത്തപ്പെടേണ്ടതുണെന്നും പാർട്ടി വിലയിരുത്തി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുവാക്കളെയും വിദ്യാർഥികളെയും പങ്കെടുപ്പിക്കുന്നതിൽ പോരായ്മ ഉണ്ടായി യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ രാഷ്ട്രീയ അവബോധം ഉയർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കണ്ണൂരിൽ പാർട്ടിക്കെതിരെ വരുന്ന വിമർശനങ്ങളെ കുറിച്ചും എംവി ഗോവിന്ദൻ പ്രതികരിച്ചു. സ്വർണം പൊട്ടിക്കലുൾപ്പെടെയുള്ള ക്രിമിനൽ നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യുന്ന പ്രസ്ഥാനമല്ല പാർട്ടിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എസ്എഫ്‌ഐക്കെതിരായ വിമർശനങ്ങളെയും മുഖ്യമന്ത്രിയുടെ പ്രസ്താനവയെയും എംവി ഗോവിന്ദൻ ന്യായീകരിച്ചുഎസ്എഫ്ഐക്കെതിരെയാ പ്രചാരവേല മാധ്യമങ്ങൾ മത്സരിച്ച് സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖപ്രസംഗങ്ങൾ എഴുതി എസ്എഫ്ഐയെ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞഞു.
എസ്എഫ്ഐക്ക് വരുന്ന വീഴ്ചകളോ പ്രശ്നങ്ങളോ അവർ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന വിശ്വാസമാണ് ഞങ്ങൾക്കുള്ളത്. വാഹനത്തിന്റെ മുന്നിൽ എടുത്തുചാടുമ്പോൾ അവരെ മാറ്റുകയെന്നതാണ് രക്ഷാപ്രവർത്തനം. ആ പ്രവർത്തനം കണ്ടുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഗോവിന്ദൻ പറഞ്ഞു.
ഇതിനിടെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനവും സിപിഎം വിലയിരുത്തി. 33.35 ശതമാനം വോട്ടുകളാണ് ഈ തവണ പാർട്ടിക്ക് ലഭിച്ചത്. 2019 ൽ ഇത് 35.10 ശതമാനമായിരുന്നു. 2019 ൽ നിന്ന് 2024 ൽ എത്തുമ്പോൾ 1.75 ശതമാനം വോട്ടിന്റെയും 2014 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 7 ശതമാനം വോട്ടുകളും മുന്നണിക്ക് കുറഞ്ഞെന്നും സിപിഎം വിലയിരുത്തി.
യുഡിഎഫിന് 2024 ൽ 2019 നെ അപേക്ഷിച്ച് 2.8 ശതമാനം വോട്ട് വോട്ട് വിഹിതം കുറഞ്ഞെങ്കിലും 2014 മുതൽ ഉള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 3.98 ശതമാനമായി വർധിച്ചെന്നും അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
അതേസമയം ബിജെപിയുടെ എൻഡിഎ സഖ്യം പത്ത് വർഷം കൊണ്ട് വോട്ട് ശതമാനം ഇരട്ടിയാക്കിയെന്നും സിപിഎം വിലയിരുത്തി. 2019 ൽ നിന്ന് 2024 ൽ എത്തുമ്പോൾ 3.64 ശതമാനം വോട്ടുകളാണ് പാർട്ടി വർധിപ്പിച്ചത്.