മതവിശ്വാസങ്ങളും ബഫർ സോണും സംബന്ധിച്ച പാർട്ടി നിലപാടുകൾ ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മതങ്ങൾക്ക് എതിരല്ല പാർട്ടി. വിശ്വാസങ്ങൾക്ക് വിരുദ്ധമായി പാർട്ടി ഒന്നും ചെയ്യില്ല. സിപിഎം മതത്തിനെതിരാണ് എന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് അനുകൂലമായ നിലപാടാണ് ബഫർ സോൺ വിഷയത്തില്‍ സർക്കാർ സ്വീകരിക്കുക എന്നും പ്രശ്നങ്ങൾ കരട് ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം നിലപാട് ആവർത്തിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദർശന പരിപാടിയിലാണ് എംവി ഗോവിന്ദൻ നിലപാടറിയിച്ചത്.
മത സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതാണ് പാർട്ടി നിലപാട്. അതിൽ മത വിരുദ്ധമായ ഒന്നിനും സ്ഥാനമില്ല. അതുകൊണ്ട് തന്നെ പാഠ്യപദ്ധതി പരിഷ്‌കരണത്തിലും അത്തരം ഉള്ളടക്കങ്ങൾ ഉണ്ടാകില്ല. ബഫർ സോൺ വിഷയത്തിൽ ജനങ്ങളെ ചേർത്ത് നിർത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പുത്തൻപള്ളി അറബി കോളേജിലായിരുന്നു ഗോവിന്ദന്റെ പരാമർശം.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാർ ഉൾപ്പടെയുള്ള ഗൃഹസന്ദർശന പരിപാടി ഞായറാഴ്ചയാണ് ആരംഭിച്ചത്. ജനുവരി 21 വരെയാണ് പരിപാടി. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളുമായി പങ്കുവെക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സർക്കാരിനെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം കേൾക്കുകയും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ അവരെ അറിയിക്കുകയും ചെയ്യും