മുതിര്‍ന്ന സിപിഎം നേതാവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന എം എം ലോറന്‍സ് (95) അന്തരിച്ചു. കൊച്ചിയിലാണ് അന്ത്യം. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി ദീര്‍ഘകാലം സിപിഎമ്മിന്റെ അനിഷേധ്യനായ നേതാവായിരുന്നു എം എം ലോറന്‍സ്.
വി എസ് അച്യുതാനന്ദന്റെ വിമര്‍ശകന്‍ എന്ന നിലയ്ക്കും ശ്രദ്ധേയന്‍. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതംകൊണ്ട് പലപ്പോഴും പാര്‍ട്ടി നേതൃത്വത്തിന് ലോറന്‍സ് അനഭിമതനായി മാറി. 19ആം വയസില്‍ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളും ജയില്‍വാസവും ട്രേഡ് യൂണിയന്‍ രംഗത്തെ അറിവും പരിചയവുമാണ് എം എം ലോറന്‍സ് എന്ന തൊഴിലാളി നേതാവിനെ പാകപ്പെടുത്തി എടുത്തത്.
1946-ല്‍ പതിനേഴാം വയസിലാണ് ലോറന്‍സ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ച് എറണാകുളത്ത് തൊഴിലാളി വര്‍ഗ പ്രസ്ഥാനം കെട്ടിപ്പടുത്തതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് അദ്ദേഹം. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരില്‍ ഒരാളുമായിരുന്നു.
1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഈയൊരു തവണ മാത്രമാണ് അദ്ദേഹത്തിന് ജയിക്കാനായത്. 1969-ല്‍ കൊച്ചി യേര്‍ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പില്‍ തോറ്റു. 1970-ലും 2006-ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്തും 1977-ല്‍ പള്ളുരുത്തിയും 1991-ല്‍ തൃപ്പൂണിത്തുറയിലും മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
എറണാകുളം ജില്ലയില്‍ സിപിഎമ്മില്‍ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. 1967 മുതല്‍ 1978 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1964 മുതല്‍ 1998 വരെ സിപിഎം സംസ്ഥാന സമിതി അംഗവും 1978 മുതല്‍ 1998 വരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 1986 മുതല്‍ 1998 വരെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. 1986 മുതല്‍ 1998 വരെ എല്‍ഡിഎഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചു.
പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്ന് ലോറന്‍സ് തന്റെ ആത്മകഥയായ 'ഓര്‍മച്ചെപ്പ് തുറക്കുമ്പോള്‍' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 1998-ല്‍ പാലക്കാട് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ലോറന്‍സിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് തഴഞ്ഞിരുന്നു. അതേവര്‍ഷം തന്നെ അദ്ദേഹത്തെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് എറണാകുളം ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.
സിപിഎമ്മിനെ ഞെട്ടിച്ച 'സേവ് സിപിഎം ഫോറ'വുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിന്നീട് 2005 മലപ്പുറം സമ്മേളനത്തിലൂടെ സംസ്ഥാന സമിതിയില്‍ തിരിച്ചെത്തിയെങ്കിലും 2015-ലെ ആലപ്പുഴ സമ്മേളനത്തില്‍ പ്രായാധിക്യത്തെത്തുടര്‍ന്ന് ഒഴിവാക്കി. നിലവില്‍ സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാവായിരുന്നു.