കേരള പോലീസിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ച പോരാട്ടത്തിനിറങ്ങി ഒടുവില്‍ എല്‍ഡിഎഫില്‍നിന്ന് പുറത്തെത്തി നില്‍ക്കുകയാണ് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പോലീസില്‍ തുടങ്ങിയ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്കും സിപിഎം നേതാക്കളിലേക്കും നീണ്ടതോടെയാണ് അന്‍വര്‍ പാര്‍ട്ടിക്ക് അനഭിമതനായത്. ഒടുവില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍തന്നെ ബന്ധം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതോടെ പി വി അന്‍വര്‍ സിപിഎമ്മിന്റെ ശത്രുപട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. പി വി അന്‍വര്‍ എന്ന വിശ്വസ്തനായ പോരാളിയെ കടിച്ചുകുടയാന്‍ ഇട്ടുനല്‍കുന്നതായിരുന്നു ഏറ്റവും ഒടുവില്‍ സിപിഎം സ്വീകരിച്ചിരുന്ന നിലപാട്.
സിപിഎം സൈബര്‍ അണികളുടെ മുന്‍നിര പോരാളിയായിരുന്നു പി വി അന്‍വര്‍. പ്രതിപക്ഷ നേതാകളെ യാതൊരുവിധ ദാക്ഷിണ്യവുമില്ലാതെ കടന്നാക്രമിക്കുന്ന സ്വഭാവമായിരുന്നു അന്‍വറിന്. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അന്‍വറിന്റെ വാക്കുകളുടെ ചൂട് പലവട്ടം അറിഞ്ഞു. അന്ന് അന്‍വറിന് സൈബര്‍ പോരാളികളുടെ പിന്തുണ ആവോളം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പോലീസിനെയും പാര്‍ട്ടിയെയും തിരുത്താനിറങ്ങിയ ഇടപെടലുകളാണ് അന്‍വറിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്തിച്ചത്.
പോലീസിന് എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പരാതി എഴുതി വാങ്ങിച്ച് വിവാദം അവസാനിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയും പാര്‍ട്ടിയും ആദ്യം ശ്രമിച്ചത്. മലപ്പുറത്ത്നിന്ന് തിരുവനന്തപുരത്ത് നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മാധ്യമങ്ങളെ കണ്ട അന്‍വര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ അവിടെ അവസാനിച്ചില്ല, ആരോപണങ്ങള്‍ എഡിജിപി എംആര്‍ അജിത്ത് കുമാറിലേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയിലേക്കും കടുപ്പിക്കുന്നതായിരുന്നു പിന്നീട് കണ്ടത്. അന്‍വറിന്റെ ആരോപണങ്ങളിലെ കേന്ദ്ര ബിന്ദുവായിരുന്ന മലപ്പുറം മുന്‍ എസ് പി എസ് സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്ത് വിവാദം അവസാനിപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടന്നു. എന്നാല്‍ ഇവിടം കൊണ്ടും തൃപ്തനാകാന്‍ അന്‍വര്‍ തയ്യാറല്ലാന്നായിരുന്നു പിന്നീടുള്ള പ്രതികരണം. നിരന്തരം വാര്‍ത്താസമ്മേളനം വിളിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങള്‍ പി വി അന്‍വര്‍ തുടര്‍ന്നു.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ അന്‍വറിന് മറുപടിയായെത്തി. നിശബ്ദനായില്ലെങ്കില്‍ വരാനിരിക്കുന്ന നടപടികളുടെ സൂചനയായിരുന്നു അന്ന് മുഖ്യമന്ത്രി നല്‍കിയത്. അന്‍വര്‍ പഴയ കോണ്‍ഗ്രസുകാരനാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇഎംഎസും കോണ്‍ഗ്രസുകാരനായിരുന്നു എന്ന് ഓര്‍മിപ്പിച്ച് അന്‍വര്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് വിഷയം ഗതിമാറിയത്.
അന്‍വറിനെ കൂട്ടമായി ആക്രമിക്കുന്ന സിപിഎം നേതാക്കളെ ആയിരുന്നു പിന്നീട് കണ്ടത്. എല്‍ഡിഎഫ് കണ്‍വീനറും, മുതിര്‍ന്ന നേതാക്കളും പരോക്ഷമായും പ്രത്യക്ഷമായും അന്‍വറിനെ തള്ളിപ്പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയും പലവട്ടം അന്‍വറിനെ തള്ളിയും മുന്നറിയിപ്പ് നല്‍കിയും രംഗത്തെത്തി. ഏറ്റവും ഒടുവില്‍ പ്രതിപക്ഷത്തെ പോലും അപ്രസക്തമാക്കുന്ന ആരോപണങ്ങളുമായി നിലമ്പൂര്‍ എംഎല്‍എ കളം നിറഞ്ഞതോടെ സിപിഎം സംസ്ഥാന സെക്രട്ടറിതന്നെ പാര്‍ട്ടിയുടെ എല്ലാം സംരക്ഷണവും പിന്‍വലിച്ച് അന്‍വറിനെ സിപിഎം പ്രവര്‍ത്തകര്‍ക്ക് മുന്നിലേക്ക് ഇറക്കിവിടുന്ന കാഴ്ചയാണ് കണ്ടത്.
അന്‍വറിനെ ആഘോഷിച്ചിരുന്ന സിപിഎം സൈബര്‍ പോരാളികള്‍ തന്നെയാണ് ആദ്യം അന്‍വറിനെ തള്ളിപ്പറഞ്ഞത്. സൈബര്‍ ഇടങ്ങളില്‍ അവര്‍ അന്‍വറിനെ പരസ്യമായി വെല്ലുവിളിച്ചു. വിമര്‍ശിച്ചു, അധിക്ഷേപിച്ചു. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് വെള്ളിയാഴ്ച ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആഹ്വാനം ചെയ്തതോടെ പ്രതിഷേധം തെരുവിലേക്കിറങ്ങുകയും ചെയ്തു. പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്ന കാഴ്ചയായിരുന്നു വെള്ളിയാഴ്ച വൈകിട്ടോടെ കണ്ടത്. അന്‍വറിന്റെ കോലം കത്തിച്ചും വെല്ലുവിളി മുദ്രാവാക്യങ്ങളുമായി നിലമ്പൂര്‍ ടൗണിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. മലപ്പുറത്തെ 18 ഏരിയാ കമ്മിറ്റികളും പ്രതിഷേധം സംഘടിപ്പിച്ചു.
ഒരിക്കല്‍ വേട്ടയാടിയവരുമായി കൂട്ടുകൂടിപാര്‍ട്ടിക്ക് എതിരെ തിരിയുന്നു എന്ന വാദം ഉയര്‍ത്തിയാണ് പി വി അന്‍വറിനെ പ്രതിരോധിക്കാന്‍ നേതാക്കള്‍ നടത്തുന്ന ശ്രമം. ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഉള്‍പ്പെടെ ഈ വാദം ഉയര്‍ത്തുന്ന പോസ്റ്റുകളുമായി യുവജന സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ സജീവമാണ്. അന്‍വറിന്റെ ആത്മാഭിമാനകാഴ്ചകള്‍ കേരളം കാണാന്‍ പോകുന്നതേ ഉള്ളു എന്ന മുന്നറിയിപ്പാണ് എ എ റഹീം എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയിരിക്കുന്നത്. വര്‍ഗ വഞ്ചകന്‍ എന്ന ചാപ്പ നല്‍കി അന്‍വറിനെ നിശബ്ദനാക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നാണ് നടപടികള്‍ക്ക് എതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.
എന്നാല്‍, ഇടതുപക്ഷ എംഎല്‍എ എന്ന പ്രിവിലേജ് പിന്‍വലിച്ചതോടെ തന്റെ പരിമിതികള്‍ അവസാനിച്ചു എന്നാണ് അന്‍വറിന്റെ നിലപാട്. ഇനി പിന്നോട്ടില്ലെന്നും പോരാടാന്‍ വേണ്ടി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും പ്രഖ്യാപിച്ചാണ് അന്‍വറിന്റെ പ്രതിരോധം. അന്‍വറിന്റെ വിശദീകരണങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുമോ അതോ സിപിഎം പ്രതിരോധത്തില്‍ അന്‍വറിന്റെ രാഷ്ട്രീയഭാവി എന്താകും എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് വരും ദിവസസങ്ങളില്‍ ബാക്കിയാകുന്നത്.