ഏക വ്യക്തിനിയമം സംബന്ധിച്ച വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ലഭിച്ച ക്ഷണം മുസ്ലീംലീഗ് സ്വീകരിക്കുന്നതില്‍ അന്തിമ തീരുമാനം നാളെ. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. നാളെ രാവിലെ 9.30 നാണ് യോഗം തീരുമാനിച്ചിക്കുന്നത്.
ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കുമോയെന്ന ചോദ്യം കഴിഞ്ഞ കുറച്ചുദിവസങ്ങളായി അന്തരീക്ഷത്തിലുണ്ട്. വിഷയത്തില്‍ ലീഗ് നേതാക്കള്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായമാണ് നിലവിലുള്ളത്.
അതേസമയം, സിപിഎമ്മിന്റെ ക്ഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണോയെന്ന് പരിശോധിച്ച് തീരുമാനമെക്കുമെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ വിഷയത്തിൽ സിപിഎം രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നാണ് മറുപക്ഷത്തിന്റെ വാദം.
ക്ഷണം വന്ന ശേഷം തീരുമാനമെന്ന നയപരമായ നിലപാടിലായിരുന്നു ഇന്നലെവരെയും മുസ്ലിം ലീഗ് ഔദ്യോഗിക നേതൃത്വം. ക്ഷണം ലഭിച്ച ശേഷവും സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ മുസ്ലിം ലീഗിനായിട്ടില്ല. സിപിഎം ഔഗ്യോഗികമായി ക്ഷണിച്ചെന്നും പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നുമാണ് ഇന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്‍റെ മറുപടി. യു ഡി എഫിൽ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഏകസിവിൽ കോഡിലെ സി പി എം നിലപാട് ആത്മാര്‍ഥമാവണമെന്നും മറ്റു അജണ്ടകള്‍ പാടില്ലെന്നും പി എം എ സലാം പറഞ്ഞു.
യു സി സിക്കെതിരെ സെമിനാര്‍ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനത്തോടൊപ്പം തന്നെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവരെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും കോണ്‍ഗ്രസിന് ക്ഷണമുണ്ടാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് വ്യക്തതയില്ലാത്തതുകൊണ്ടാണ് യോജിച്ചുള്ള പ്രക്ഷോഭത്തിലേക്ക് ക്ഷണിക്കാത്തതെന്നായിരുന്നു സിപിഎമ്മിന്‍റെ വിശദീകരണം. ഫാസിസത്തിനെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെ എല്ലാവരെയും ഒന്നിച്ച് അണിനിരത്തേണ്ട സാഹചര്യമുണ്ട്. സിപിഎമ്മിന് മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്നും ലീഗ് എടുക്കുന്ന ഏത് ശരിയായ നിലപാടിനെയും പിന്തുണക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിതമായിട്ടാണെന്നും രാഷ്ട്രീയമായ ക്ഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിന്‍റെ ക്ഷണത്തെ ഔഗ്യോഗിക പക്ഷത്തെ നേതാക്കള്‍ സ്വാഗതം ചെയ്തെങ്കിലും മുസ്ലിം ലീഗിലെ വിമത പക്ഷം ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി മുസ്ലിം ലീഗിനെ മാത്രം പരിപാടിയിലേക്ക് വിളിക്കുന്നത് കെണിയാണെന്നായിരുന്നു കെ എം ഷാജിയും എം കെ മുനീറും ഉള്‍പ്പെടുന്ന വിമതപക്ഷത്തിന്‍റെ വിമര്‍ശനം. പാര്‍ട്ടിക്കകത്ത് നിന്ന് വരുന്ന ഈ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ നേതാക്കളുടെ മാധ്യമ പ്രതികരണങ്ങള്‍ക്ക് വരെ മുസ്ലിം ലീഗ് നിയന്ത്രണമേര്‍പ്പെടുത്തി. പക്ഷേ വിലക്കിന് ശേഷവും സി പി എമ്മിന്‍റെ ക്ഷണം കെണിയാണെന്ന വിമര്‍ശനം ആവര്‍ത്തിക്കുകയാണ് ഒരു വിഭാഗം നേതാക്കള്‍. സി പി എമ്മിന്‍റെ നിലപാട് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉന്നയിക്കുന്നു. സി പി എമ്മിന്‍റെ ക്ഷണം ദുരുദ്ദേശപരമാണെന്നും വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്നും ഇ ടി മുഹമ്മദ് ബഷീർ തുറന്നടിച്ചു. എന്‍ ആര്‍ സി പ്രക്ഷോഭകാലത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കാത്തതും വ്യക്തി നിയമത്തിലെ സിപിഎം നിലപാടും ഉയര്‍ത്തിയാണ് മുനീര്‍ പക്ഷത്തെ നേതാക്കള്‍ സി പി എം ക്ഷണം കെണിയാണെന്ന വിമര്‍ശനം ഉന്നയിക്കുന്നത്.
കോണ്‍ഗ്രസിനെ പുറത്തുനിര്‍ത്തി മുസ്ലിം ലീഗ്, സി പി എം വേദിയിലെത്തുന്നതിനോട് യു ഡി എഫിലെ മറ്റു ഘടക കക്ഷികള്‍ക്കും താല്‍പര്യമില്ലെന്നാണ് സൂചന. മുസ്ലിം ലീഗ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍റെ പ്രതികരണം. കോണ്‍ഗ്രസില്ലാതെ സിപിഎമ്മുമായി വേദി പങ്കിടുന്നതിലെ സാംഗത്യം അണികളെ ബോധ്യപ്പെടുത്തലും മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസിന്‍റെ അതൃപ്തിയും വിമതപക്ഷത്തിന്‍റെ എതിര്‍പ്പും സിപിഎം സെമിനാറിലേക്കുള്ള മുസ്ലിം ലീഗിന്‍റെ വഴി മുടക്കാനാണ് സാധ്യത. ഇനി എതിര്‍പ്പുകളെല്ലാം മറികടന്ന് സെമിനാറില്‍ പങ്കെടുക്കാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ മുസ്ലിം ലീഗ് ഇടത്തോട്ടാണെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയും ചെയ്യും.