KERALA

ഇ പിയില്‍ സിപിഎം 'ജാഗ്രതയില്‍', നിർണായക സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന്; തിരഞ്ഞെടുപ്പ് അവലോകനം പ്രധാന അജണ്ട

കണ്‍വീനർ സ്ഥാനത്ത് ഇ പി തുടരുന്നതില്‍ മുന്നണിയിലെ പ്രധാനകക്ഷിയായ സിപിഐക്ക് അതൃപ്തിയുണ്ടെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു

വെബ് ഡെസ്ക്

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്. ലോക്‌സഭ തിരഞ്ഞെടുപ്പ് അവലോകനമായിരിക്കും യോഗത്തിലെ പ്രധാന അജണ്ട. 20 മണ്ഡലങ്ങളിൽ നിന്നുള്ള ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച് വിശദമായ ചർച്ചകള്‍ സിപിഎം നടത്തും. ഭരണവിരുദ്ധ വികാരമുണ്ടായില്ല എന്ന് വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്. എട്ടു മുതല്‍ 12 വരെ സീറ്റുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് മുന്നണി. പോളിങ് കുറഞ്ഞത് എല്‍ഡിഎഫിന് അനുകൂലമാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.

എല്‍ഡിഎഫ് കണ്‍വീനറും മുതിർന്ന നേതാവുമായ ഇ പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ച സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം. കൂടിക്കാഴ്ചയും തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇ പി നടത്തിയ തുറന്നു പറച്ചിലിലും പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ അതൃപ്തിയുണ്ടെന്നാണ് സൂചനകള്‍. പാർട്ടിയിലെ ഉന്നതസ്ഥാനം വഹിക്കുന്ന ഇ പിയുടെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായി എന്ന വിലയിരുത്തലുമുണ്ട്. ഇ പി യോഗത്തില്‍ പങ്കെടുക്കും.

കണ്‍വീനർ സ്ഥാനത്ത് ഇ പി തുടരുന്നതില്‍ മുന്നണിയിലെ പ്രധാനകക്ഷിയായ സിപിഐക്ക് അതൃപ്തിയുണ്ടെന്ന സൂചനകള്‍ ഇന്നലെ പുറത്തു വന്നിരുന്നു. നേതാക്കള്‍ ജാഗ്രത കാണിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നു. നടപടിയെടുക്കണോ വേണ്ടയോ എന്ന തീരുമാനം സ്വീകരിക്കാനുള്ള പക്വത സിപിഎമ്മിനുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇ പിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ഈ ഘട്ടത്തിൽ അതു വേണമോയെന്ന ആശങ്കയും നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.

ബിജെപി പ്രവേശന വിവാദം ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു ഇപിയുടെ വിശദീകരണം. തിരഞ്ഞെടുപ്പിന് തലേ ദിവസം ഒരു ബോംബ് പൊട്ടിക്കാനായിരുന്നു ലക്ഷ്യം. പലരെയും ലക്ഷ്യമിട്ട് അവസാനം തന്നിലേക്ക് എത്തുകയായിരുന്നുവെന്നും ഇ പി മാധ്യമങ്ങളോട് പറഞ്ഞു. താൻ വഴി ഗൂഢാലോചനക്കാർ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയും പാർട്ടിയേയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"യുഡിഎഫും ചില മാധ്യമങ്ങളും ചേർന്നുണ്ടാക്കിയതാണ് ഈ വിവാദം. തിരഞ്ഞെടുപ്പ് കാലത്ത് വിവാദം ഉണ്ടാക്കിയത് തന്നെ തകർക്കാനാണ്. തിരഞ്ഞെടുപ്പ് ദിവസം തന്നെ കാര്യങ്ങൾ തുറന്ന് പറഞ്ഞത് പുകമറ ഒഴിവാക്കാൻ വേണ്ടിയാണ്. പ്രകാശ് ജാവഡേക്കർ മകന്റെ വീട്ടിലെയെത്തിയത് കഴിഞ്ഞ വർഷം മാർച്ച് അഞ്ചിനാണ്. കൊച്ചുമകന്റെ പിറന്നാൾ ദിനത്തിലാണ് അദ്ദേഹം എന്നെ കാണാൻ വന്നത്," ഇ പി വ്യക്തമാക്കി.

"ജാവഡേക്കറുമായി സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രം ആണ്. വീട്ടിൽ വന്നവരോട് ഇറങ്ങിപ്പോകാൻ പറയുന്നത് തന്റെ ശീലം അല്ല. ശോഭ സുരേന്ദ്രനെ തൃശൂരോ ദില്ലിയിലോ വെച്ച് കണ്ടിട്ടില്ല. സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞപ്പോൾ താൻ പോകുമെന്ന് പറഞ്ഞുണ്ടാക്കി. മാധ്യമങ്ങൾ തന്നെ ബലിയാടാക്കുകയാണ്. ഈ വാർത്തകൾ പാർട്ടി ഏറ്റെടുക്കില്ല," ഇ പി കൂട്ടിച്ചേർത്തു.

പാപിയുടെ കൂടെ ചേർന്നാൽ ശിവനും പാപി എന്ന മുഖ്യമന്ത്രിയുടെ പരാമർശം പൊതുധർമം ആണെന്നും എല്ലാവരും പാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി