സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ തള്ളി സിപിഎം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ല. മേയറുടെ സമീപനം പാർട്ടി എല്ലാക്കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. പ്രസംഗത്തിൽ പറഞ്ഞത് എന്തെന്നല്ല, പരിപാടിയിൽ പങ്കെടുത്തത് തന്നെ തെറ്റാണെന്നും ഇക്കാര്യത്തിൽ മേയറുടെ വിശദീകരണം ആവശ്യമില്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടകയായാണ് കോഴിക്കോട് മേയർ ബീന ഫിലിപ്പ് എത്തിയത്. ആർ.എസ് എസുമായി വേദി പങ്കിടുന്നതിനെച്ചൊല്ലി യു.ഡി.എഫിനെതിരെ സിപിഎം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് മേയറുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടി ഉണ്ടായത്. ഇത് പാർട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ കൂടിയാണ് ബീന ഫിലിപ്പിനെ തള്ളി സിപിഎം തന്നെ രംഗത്ത് എത്തിയത്.
അതേസമയം മേയറെന്ന നിലയിലാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന വിശദീകരണവുമായി മേയർ ബീന ഫിലിപ്പും രംഗത്ത് എത്തി. അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തത്. പരിപാടിക്ക് പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്നും ബാലഗോകുലം ആർഎസ്എസിൻ്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മേയർക്കെതിരെ വിമർശനവുമായി കോൺഗ്രസും രംഗത്ത് എത്തി. സിപിഎം ചെലവിൽ ആർഎസ്എസിന് മേയറെ കിട്ടിയെന്നായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാറിൻ്റെ പരിഹാസം. ബീന ഫിലിപ്പിനെതിരെ നടപടിയെടുക്കാൻ സിപിഎം തയ്യാറാണോയെന്നും പ്രവീൺകുമാർ ചോദിച്ചു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി ബിജെപിയും രംഗത്ത് എത്തി. മേയർക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും പരിപാടിയിൽ പങ്കെടുത്തത് വിവാദമാക്കുന്നത് സങ്കുചിത മനസ്സുള്ളവരാണെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി കെ സജീവൻ പ്രതികരിച്ചു. ഇത് വലിയ അപകടത്തിലേക്ക് നയിക്കുകയെന്നും മേയർ എന്ന നിലയിലാണ് അവരെ ക്ഷണിച്ചതെന്നും വി കെ സജീവൻ വ്യക്തമാക്കി.