KERALA

ഗവര്‍ണര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സിപിഎം; ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിയുടെ ചട്ടുകമെന്ന് കോടിയേരി

വെബ് ഡെസ്ക്

കേന്ദ്ര സര്‍ക്കാരിനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം. എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിക്കാനാണ് കേന്ദ്ര ഭരണകക്ഷിയും നരേന്ദ്ര മോദി സര്‍ക്കാരും പരിശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇഡി ഉള്‍പ്പെടെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ തുറന്നുവിട്ടിരിക്കുകയാണ്. മറ്റൊരു ഭാഗത്ത് ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ നോക്കുന്നു. അതിന്റെ ഭാഗമാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ല എന്ന ഗവര്‍ണറുടെ ശാഠ്യം. ഇതിലൂടെ ഗവര്‍ണര്‍ മോദി ഭരണത്തിന്റെയും ബിജെപിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവര്‍ണര്‍മാര്‍ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ജനകീയ സര്‍ക്കാരിനെ ഗവര്‍ണറെ ഉള്‍പ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞുമുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു. ഓര്‍ഡിനന്‍സ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം ഉള്‍പ്പെടെ കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് സിപിഎം നിലപാട് കടുപ്പിച്ചിരിക്കുന്നത്.

1950ല്‍ അംഗീകരിച്ച ഭരണഘടന വിഭാവനം ചെയ്യുന്നത് ഫെഡറല്‍ സംവിധാനമാണ്. ഭരണഘടനയിലെ 356-ാം വകുപ്പ് സംസ്ഥാനങ്ങളുടെമേല്‍ മുമ്പ് പലതവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാന്‍ ഇന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയ സര്‍ക്കാരിനെ ഗവര്‍ണറെ ഉള്‍പ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞുമുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുന്നത്. ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ് നടക്കുന്നത്. മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും കിരാത നീക്കത്തിന് ഒത്താശക്കാരായി കോണ്‍ഗ്രസിന്റെ കേരള നേതാക്കള്‍ മാറിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികളുടെയും ഗൂഢനീക്കത്തിനെതിരെ ശക്തവും വിപുലവുമായ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരും.

കേന്ദ്ര ഏജന്‍സികളെയും ഗവര്‍ണറെയും മാത്രമല്ല, കൊലയാളി രാഷ്ട്രീയത്തെയും എല്‍ഡിഎഫിനെ അസ്ഥിരപ്പെടുത്തുന്നതിനായി ആര്‍എസ്എസും ബിജെപിയും ശരണം പ്രാപിച്ചിരിക്കുകയാണ്. അതിന് തെളിവാണ് സിപിഎം നേതാവ് ഷാജഹാനെ ആര്‍എസ്എസ് ഗുണ്ടകള്‍ സംഘം ചേര്‍ന്ന് ക്രൂരമായി വകവരുത്തിയ സംഭവം. ദിവസങ്ങള്‍ക്കുമുമ്പ് ആര്‍എസ്എസിന്റെ രക്ഷാബന്ധന്‍ ചടങ്ങിലടക്കം പങ്കെടുത്തവരാണ് കൊലപാതകം നടത്തിയത്. ഇത്തരം അരുംകൊലകളിലൂടെ കേരളത്തിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ഹീനമായ ക്രിമിനല്‍ പ്രവര്‍ത്തനമാണ് ആര്‍എസ്എസും ബിജെപിയും നടത്തുന്നത്. കാവിസംഘത്തിന്റെ കൊലപാതകങ്ങളെ വെള്ളപൂശുന്ന നീചമായ നടപടിയിലാണ് ഇവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാനത്ത് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം , 17 സിപിഎം പ്രവര്‍ത്തകരെ നിഷ്ഠുരമായി കൊലപ്പെടുത്തി.

രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സ്വാതന്ത്ര്യദിന സന്ദേശങ്ങളെയും കോടിയേരി വിമര്‍ശിച്ചു. രണ്ടു പേരുടെയും പ്രസംഗങ്ങള്‍ കേട്ടുതഴമ്പിച്ച വാചകമടിയായി പരിമിതപ്പെട്ടു. രാജ്യം പുരോഗമിക്കുകയാണെന്ന് കാട്ടാന്‍ സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി. എന്നാല്‍, ജനങ്ങള്‍ നേരിടുന്ന ദുരവസ്ഥ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് മുര്‍മു. അത് എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍, ഒരാള്‍ ഏത് വിഭാഗത്തില്‍നിന്നു വരുന്നു എന്നതിനേക്കാള്‍ പ്രധാനം എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ്. അത്തരം നിലപാടുകളിലൂടെയാണ് ഡോ. രാജേന്ദ്രപ്രസാദും ഡോ. എസ് രാധാകൃഷ്ണനും ശങ്കര്‍ദയാല്‍ ശര്‍മയും കെ ആര്‍ നാരായണനും പ്രത്യേകതയുള്ളവരാകുന്നത്. മുര്‍മു 14ന് രാത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്നതിനുമുമ്പ് രാജസ്ഥാനില്‍ രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്ന ഒരു അയിത്താചരണ കൊലപാതകം നടന്നു. അത്തരം സംഭവങ്ങളിലേക്കൊന്നും പുതിയ രാഷ്ട്രപതിയുടെ കണ്ണ് പതിഞ്ഞിട്ടില്ല. ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന സവര്‍ണ യാഥാസ്ഥിതിക ഹിന്ദുത്വം ഇന്ത്യയില്‍ ദളിതര്‍ക്ക് മനുഷ്യരുടെ മിനിമം പദവിപോലും നിഷേധിക്കുന്നു. അത് കാണാന്‍ രാഷ്ട്രപതിക്ക് കഴിയാത്തത് ദൗര്‍ഭാഗ്യകരമാണ്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ അക്രമാസക്തമായി നിലകൊള്ളുന്ന ആര്‍എസ്എസിനെയും അതിന്റെ ആചാര്യന്‍മാരെയും വെള്ളപൂശാനും പ്രകീര്‍ത്തിക്കാനുമുള്ള അവസരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ട പ്രസംഗത്തെ മാറ്റി. മഹാത്മാഗാന്ധിക്കൊപ്പം ശ്രേഷ്ഠനായ സ്വാതന്ത്ര്യസമര സേനാനിയായി സവര്‍ക്കറെ പ്രതിഷ്ഠിക്കാനാണ് മോദി ശ്രമിച്ചത്. ജയില്‍ മോചിതനാകാന്‍ മാപ്പെഴുതിക്കൊടുത്ത് ബ്രിട്ടീഷുകാരുടെ മുന്നില്‍ യാചന നടത്തിയ, സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കാമെന്ന് ഉറപ്പുനല്‍കിയ സവര്‍ക്കറെ ഗാന്ധിജിക്കൊപ്പം കൂട്ടിയിണക്കിയത് മാപ്പര്‍ഹിക്കാത്ത പാതകമാണ്. സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്. മുസ്ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നു എന്നാരോപിച്ചാണ് ഹിന്ദു തീവ്രവാദിയായ ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചത്. ഗാന്ധി വധക്കേസില്‍ പ്രതിയായിരുന്നു സവര്‍ക്കര്‍. അത്തരം ഒരാളെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ പ്രതീകമായി പ്രധാനമന്ത്രി അവതരിപ്പിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത് രാജ്യസ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ലക്ഷക്കണക്കിന് രക്തസാക്ഷികളാണ്.

മോദി ഭരണം എട്ട് വര്‍ഷം പിന്നിടുമ്പോള്‍, പട്ടിണി കൂടി. 2021ല്‍ ലോകരാജ്യങ്ങളില്‍ വിശപ്പിന്റെ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 101 ആണ്. ഇത് അപമാനകരമാണ്. പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ ഇതിനെയെല്ലാം അടിസ്ഥാനമാക്കിയാണ് പട്ടിണി അളക്കുന്നത്. ഈ ഘട്ടത്തില്‍ ഇന്ത്യയുടെ പൊതുചിത്രത്തില്‍നിന്ന് കേരളം വ്യത്യാസപ്പെട്ടിരിക്കുന്നു. പട്ടിണി ഏറെക്കുറെ ഇല്ലാതാക്കിയെന്നും കോടിയേരി അവകാശപ്പെടുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?