മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ മഗ്‌സസെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്ന് സിപിഎം തടഞ്ഞതായി റിപ്പോർട്ട്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് വലിയ വിവാദമായേക്കാവുന്ന ഈ വാർത്ത റിപ്പോർട്ട് ചെയ്തത്
2022ലെ മഗ്‌സസെ പുരസ്‌കാരത്തിന് കെ കെ ശൈലജയെ പരിഗണിച്ചിരുന്നെന്നും സിപിഎം കേന്ദ്ര നേതൃത്വം വിലക്കിയതിനെ തുടര്‍ന്ന് അവര്‍ പിന്മാറിയെന്നും പത്രം റിപ്പോർട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നുതള്ളിയ മഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് വാങ്ങുന്നത് അനുചിതമാണെന്ന വിചിത്ര ന്യായീകരണമാണ് സിപിഎം സ്വീകരിച്ചത്.
മാഗ്സസെ അവാർഡ് വാങ്ങാൻ പാർട്ടി അനുവദിച്ചിട്ടില്ലെന്ന വാർത്തയോട് പ്രതികരിച്ചില്ലെന്നും പത്രം റിപ്പോർട്ട് ചെയ്തു.
നിപ-കോവിഡ് നിയന്ത്രണത്തിലെ ഫലപ്രദമായ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് കെ കെ ശൈലജയെ 64-ാമത് മഗ്‌സസെ പുരസ്‌കാരത്തിനായി ഫൗണ്ടേഷന്‍ പരിഗണിച്ചത്. ജൂലൈ അവസാനത്തോടെ അവാര്‍ഡ് വിവരം ഫൗണ്ടേഷന്‍ കെ കെ ശൈലജയെ അറിയിച്ചിരുന്നു. അവാര്‍ഡ് സ്വീകരിക്കാനുള്ള സന്നദ്ധത അറിയിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അറിയിച്ച് കെ കെ ശൈലജ ഫൗണ്ടേഷന് കത്തയക്കുകയായിരുന്നു.
വ്യക്തിഗതമായി പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് കെ കെ ശൈലജ നിര്‍വഹിച്ചത്. നിപ, കോവിഡ് നിയന്ത്രണ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാരിന്‌റെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിരുന്നെന്ന് പാര്‍ട്ടി വിലയിരുത്തി. കൂടാതെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചമര്‍ത്തിയ മഗ്‌സസെയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നത് പാര്‍ട്ടിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയാകുമെന്നും സിപിഎം വിലയിരുത്തി.
ഏഷ്യയിലെ നൊബേല്‍ സമ്മാനമായി അറിയപ്പെടുന്ന മഗ്‌സസെ അവാര്‍ഡ് അന്തരിച്ച ഫിലിപ്പീന്‍സ് പ്രസിഡന്‌റ് രമണ്‍ മഗ്‌സസെയുടെ പേരിലുള്ള അന്തര്‍ദേശീയ ബഹുമതിയാണ്. സിപിഎം അനുമതി നല്‍കിയിരുന്നെങ്കില്‍ കേരളത്തില്‍ നിന്ന് മഗ്‌സസെ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിതയാകുമായിരുന്നു കെ കെ ശൈലജ. വര്‍ഗീസ് കുര്യന്‍, എം എസ് സ്വാമിനാഥന്‍, ബി ജി വര്‍ഗീസ്, ടി എന്‍ ശേഷന്‍ എന്നിവരാണ് മഗ്‌സസെ പുരസ്‌കാര ജേതാക്കളായ മലയാളികള്‍.