KERALA

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കി സിപിഎം വിട്ടുവീഴ്ച; രണ്ടാം സീറ്റില്‍ പിപി സുനീര്‍ സിപിഐ സ്ഥാനാര്‍ഥി

പ്രധാന സഖ്യകക്ഷികള്‍ തമ്മിലുണ്ടായ അവകാശവാദത്തില്‍ തര്‍ക്കത്തിനു നില്‍ക്കുന്നില്ലെന്നു വ്യക്തമാക്കിയാണ് സിപിഎം തങ്ങളുടെ സീറ്റ് വിട്ടുകൊടുത്തത്‌

വെബ് ഡെസ്ക്

സംസ്ഥാനത്തെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം. തങ്ങളുടെ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിനു വിട്ടുനല്‍കിയാണ് സിപിഎം തര്‍ക്കം പരിഹരിച്ചത്. മറ്റൊരു സീറ്റില്‍ സിപിഐ മത്സരിക്കും.

എല്‍ഡിഎഫില്‍ ധാരണയായതിന് പിന്നാലെ സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ ആണ് സിപിഐ സ്ഥാനാര്‍ഥി. പൊന്നാനി സ്വദേശിയായ പി പി സുനീര്‍, പാര്‍ട്ടിയുടെ മലബാറില്‍ നിന്നുള്ള നേതാക്കളില്‍ പ്രമുഖനാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

വയനാട്ടില്‍ ഇത്തവണ രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിച്ച ആനി രാജയുടേയും മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിന്റേയും പേരുകള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നെങ്കിലും പി പി സുനീറിനെ സ്ഥാനാര്‍ഥിയായി നേതൃത്വം തീരുമാനിക്കുകയായിരുന്നു. പൊന്നാനി മാറാഞ്ചേരിയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച പി പി സുനീര്‍, വിദ്യാര്‍ഥി-യുവജന സംഘടനകളിലൂടെയാണ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നത്. സംഘാടകനെന്ന നിലയില്‍ സുനീറിന്റെ കീഴില്‍ മലപ്പുറത്ത് സിപിഐ ഏറെ മുന്നേറി. 1999-ലും 2004-ലും പൊന്നാനിയില്‍ മുസ്ലീം ലീഗിന്റെ ദേശീയ നേതാക്കളായ ബനാത്ത് വാല, ഇ അഹമ്മദ് എന്നിവര്‍ക്കെതിരെ ഏറ്റുമുട്ടിയ ചരിത്രം പി പി സുനീറിനുണ്ട്. രണ്ടുതവണയും ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.

2019-ല്‍ വയനാട്ടില്‍ വിജയം പ്രതീക്ഷിച്ചാണ് പി പി സുനീര്‍ ഇറങ്ങിയത്. ഇടതുമുന്നണി പ്രചാരണത്തില്‍ ഏറെദൂരം പിന്നിട്ട ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വരവ്. ഇതോടെ, സുനീര്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച സ്ഥാനാര്‍ഥിയായി. പക്ഷേ, നാലു ലക്ഷം വോട്ടിന് മുകളിലായിരുന്നു സുനീറിന്റെ തോല്‍വി.

കേരളത്തില്‍ ഒഴിവു വരുന്ന മൂന്നു സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ രണ്ടു സീറ്റുകളിലാണ് എല്‍ഡിഎഫിന് തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനാകുക. ഒരു സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ശേഷിച്ച ഒരു സീറ്റിനു വേണ്ടിയാണ് കേരളാ കോണ്‍ഗ്രസ് എം, സിപിഐ, ആര്‍ജെഡി എന്‍സിപി എന്നിവര്‍ അവകാശവാദമുന്നയിച്ചത്. ആര്‍ജെഡിക്കും എന്‍സിപിക്കും സീറ്റ് നല്‍കില്ലെന്നു സിപിഎം അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു.

ഇതോടെ തര്‍ക്കം സിപിഐയും കേരളാ കോണ്‍ഗ്രസും തമ്മിലായിരുന്നു. ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് പ്രശ്‌നത്തില്‍ സമവായമുണ്ടായത്. പ്രധാന സഖ്യകക്ഷികള്‍ തമ്മിലുണ്ടായ അവകാശവാദത്തില്‍ തര്‍ക്കത്തിനു നില്‍ക്കുന്നില്ലെന്നു വ്യക്തമാക്കിയാണ് സിപിഎം തങ്ങളുടെ സീറ്റ് വിട്ടുകൊടുത്തതെന്നു യോഗത്തിനു ശേഷം സിപിഎം പോളിറ്റ് ബ്യൂറോ അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ അറിയിച്ചു.

നേരത്തെ പ്രശ്‌നം പരിഹരിക്കാന്‍ ഇരുപാര്‍ട്ടികളുമായി സിപിഎം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നാണ് കേരളാ കോണ്‍ഗ്രസും സിപിഐയും അറിയിച്ചത്. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നു തങ്ങള്‍ക്ക് പ്രാതിനിധ്യമില്ലാത്തതിനാല്‍ സീറ്റുവിട്ടുകൊടുക്കാനാകില്ലെന്നാണ് അവര്‍ സിപിഎമ്മിനെ അറിയിച്ചത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം