തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം. സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ലെറ്റര്‍ പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയെന്ന പേരില്‍ പുറത്തുവന്ന കത്താണ് വിവാദത്തിന് തുടക്കമിട്ടത്. നഗരസഭയില്‍ 295 താല്‍കാലിക ഒഴിവുകളുണ്ടെന്നും ഇതിലേയ്ക്ക് നിയമിക്കാന്‍ ആവശ്യമായ ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നതാണ് കത്ത്.
കത്ത് പുറത്തു വന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്തെത്തിയിരുന്നു. ഇത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കി. ഇതിനു പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി മേയര്‍ രംഗത്തെത്തി. നിയമനവുമായി ബന്ധപ്പെട്ട ഒരു കത്തും അയച്ചിട്ടില്ലെന്നും, വ്യാജകത്തിലുള്ള ഒപ്പ് സ്‌കാന്‍ ചെയ്ത് കയറ്റിയതാണെന്നുമായിരുന്നു മേയറുടെ വാദം. അപ്പോഴും ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത് എവിടെ നിന്നെത്തിയെന്നതിലെ ചോദ്യം ഇപ്പോഴും ബാക്കിയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് അടുത്തമാസം ഏഴിന് ഹര്‍ത്താല്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരിക്കെയാണ് സിപിഎം നടപടി.