KERALA

ഏക വ്യക്തി നിയമം: മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഎമ്മിനും ക്ഷണം

ദ ഫോർത്ത് - കോഴിക്കോട്

ഏക വ്യക്തിനിയമത്തിനെതിരെ മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഎമ്മിനും ക്ഷണം. ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളെയും മതസംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഈ മാസം 26ന് കോഴിക്കോടാണ് സെമിനാർ. ഏക സിവിൽ കോഡിനെതിരെ മുസ്‌ലിം ലീഗിന്‍റെ നേതൃത്വത്തിലാണ് കോർഡിനേഷൻ കമ്മിറ്റി ചേർന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ. 

സെമിനാറിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. സിപിഎമ്മിനെ പ്രതിനിധീകരിച്ച് ആരാണ് പങ്കെടുക്കേണ്ടതെന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന നേതൃത്വമാകും തീരുമാനിക്കുക. യുസിസിക്കെതിരെ ആര് പരിപാടി സംഘടിപ്പിച്ചാലും സഹകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് യുസിസിക്കെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്കുള്ള ക്ഷണം മുസ്ലിം ലീഗ് നിരസിച്ചത്. കോണ്‍ഗ്രസിന്‍റെ സമ്മര്‍ദവും ഇതിന് കാരണമായിരുന്നു. കെപിസിസി സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപഎമ്മിനെ ക്ഷണിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മുസ്ലിം ലീഗ് മുന്‍കൈയെടുത്ത് വിളിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാറിലേക്ക് സിപിഎമ്മിനെ ക്ഷണിച്ചതിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. 

കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ സെമിനാറില്‍ എല്ലാ രാഷ്ട്രീയ പാർട്ടികളെയും പങ്കെടുപ്പിക്കണമെന്നത് ജൂലൈ നാലിന് ചേര്‍ന്ന യോഗത്തിലെ തീരുമാനമാണെന്ന് ലീഗ് നേതൃത്വം പറയുന്നു. മുസ്ലിം ലീഗിന് പുറമേ കാന്തപുരം വിഭാഗം സമസ്ത, ഇ കെ സമസ്ത, കെഎൻഎം, വിസ്ഡം, മർക്കസുദവ, എംഇഎസ്, തബ്ലീഗ്, ദക്ഷിണ കേരള മുസ്ലിം ജമാഅത്ത്, ജമാ അത്തെ ഇസ്ലാമി തുടങ്ങി 11 സംഘടനകളാണ് കോ-ഓര്‍ഡിനേഷന്‍‌ കമ്മിറ്റിയിലുള്ളത്. ഇതില്‍ ജമാഅത്തെ ഇസ്ലാമിയെ മാത്രം സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചിരുന്നില്ല. ക്ഷണം ലഭിച്ചവരില്‍ മുസ്ലിം ലീഗ് ഒഴികെയുള്ള സംഘടനകളെല്ലാം സിപിഎം സെമിനാറില്‍ പങ്കെടുത്തിരുന്നു. കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാറില്‍ ജമാഅത്തെ ഇസ്ലാമിയും ഉണ്ടാവുമെന്ന് പി എം എ സലാം വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും