കോടിയേരി ബാലകൃഷ്ണന് ആദരമര്‍പ്പിക്കാന്‍ ഒരുങ്ങി കേരളം. പതിനൊന്ന് മണിയോടെ ചെന്നൈയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനം കണ്ണൂരിലേക്ക് തിരിക്കും. 12 മണിയോടെ മൃതദേഹം കണ്ണൂരില്‍ എത്തിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങും. ഭാര്യ വിനോദിനി ബാലകൃഷ്ണന്‍, ബിനീഷ് കോടിയേരി, റെനീറ്റ ബിനീഷ് തുടങ്ങിയവര്‍ അനുഗമിക്കും.
വിലാപയാത്രയായി കൂത്തുപറമ്പ് വഴി തലശ്ശേരിയിലേക്ക് മൃതദേഹം കൊണ്ടുപോകും. യാത്ര വഴിയില്‍ 14 കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മട്ടന്നൂര്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വ്വേലി, കൂത്തുപറമ്പ്, ആറാംമൈല്‍, നെറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം, ചുങ്കം എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാം. തുറന്ന വാഹനത്തിലായിരിക്കും മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകുക. കോടിയേരിക്ക് ആദരമര്‍പ്പിക്കാന്‍ നേതാക്കളുടെ നീണ്ട നിര തന്നെ കണ്ണൂരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിന്നും ഉച്ചയോടെ കണ്ണൂരിലെത്തും.
ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ രാവിലെ 10 മണി വരെ കോടിയേരിയിലെ മാടപ്പീടികയിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും നാളെ രാവിലെ 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകീട്ട് 3 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം നടക്കുക.
കോടിയേരിയോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ പാര്‍ട്ടി ഓഫീസുകളില്‍ പതാകകള്‍ താഴ്ത്തിക്കെട്ടണമെന്നും, ലോക്കല്‍ അടിസ്ഥാനത്തില്‍ അനുശോചന യോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും എല്ലാ പാര്‍ട്ടി ഘടകങ്ങളോടും സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചു. ആദരസൂചകമായി നാളെ മാഹി, തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും.