കരുവന്നൂര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ സിപിഎം. ഇഡിയുടെ നടപടികള്‍ക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നത്. കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ യോഗത്തിലാണ് നേതാക്കളുടെ പ്രതികരണം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളായ എം കെ കണ്ണനും എ സി മൊയ്തീനുമെതിരെ ഇഡി നടത്തുന്ന നീക്കങ്ങളെ രൂക്ഷമായ ഭാഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് കളമൊരുക്കുകയാണ് ഇഡി ചെയ്യുന്നത് എന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം.
ശാരീരിക അതിക്രമം നടത്താന്‍ ഇഡിക്ക് എന്താണ് അധികാരം
പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടിയേയും സര്‍ക്കാരിനേയും തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. ഇഡി പാര്‍ട്ടിക്ക് എതിരെ വ്യാജവാർത്തകൾ ഉണ്ടാക്കുന്നു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. എന്നാല്‍ അത് വിലപ്പോവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വേട്ടയാടുകയാണെന്നും ഇഡി അതിനൊപ്പം ചേരുന്നുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തോടു അനുബന്ധിച്ച് കണ്ണൂരിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷം വന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തി
ശാരീരിക അതിക്രമം നടത്താന്‍ ഇഡിക്ക് എന്താണ് അധികാരം. തെറ്റായ കാര്യങ്ങള്‍ നടന്നുവെങ്കില്‍ പരിശോധിക്കും. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷം വന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തി. അവസാനം രണ്ട് ചന്ദ്രമതിയും വേറെയാണെന്ന് തെളിഞ്ഞില്ലേയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.
യോഗത്തിൽ സംസാരിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും ഇഡിയെയും കേന്ദ സർക്കാരിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും കളളക്കേസുകൾ എടുത്തു നിരന്തരം വേട്ടയാടാനാണ് ഇഡിയും കേന്ദ്ര സർക്കാരും ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇഡി ബിനീഷ് കോടിയേരിയെ മാത്രമല്ല, നാളെ മരണപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍റെ പേരിൽ വരെ കേസെടുത്താൽ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
'2022 ൽ മരണപ്പെട്ട ചന്ദ്രമതിയുടെ ബാങ്കിലുള്ള പണത്തെ ജീവിച്ചിരിക്കുന്ന ചന്ദ്രമതിയുടെ, സർക്കാർ നൽകുന്ന പെൻഷൻ 1600 രൂപ മാത്രം വരുന്ന അക്കൌണ്ടാക്കി മാറ്റി കോടതിയിൽ കൊടുത്ത ഇഡി ബിനീഷ് കോടിയേരിയെ മാത്രമല്ല, മരണപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍റെ പേരിൽ വരെ കേസെടുത്താൽ അത്ഭുതപ്പെടേണ്ടതില്ല. കണ്ണൂർ ജില്ലയിൽ ഇപി ജയരാജനും പി ജയരാജനും എംവി ജയരാജനും ഉണ്ട്. എംവി ജയരാജനെന്നുള്ള പേരുള്ള കോടിയേരിയിലെ മുൻ ലോക്കൽ സെക്രട്ടറിയും ഉണ്ട്. ഏതെങ്കിലുമൊരു ജയരാജന്‍റെ പണം ഇവരുടേതാണോ എന്ന് ഇഡി പറയുമോ എന്നാണ് ഭയമെന്നും ജയരാജൻ പരിഹസിച്ചു.