സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവവരാന്‍ സിപിഎമ്മില്‍ ആലോചന. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിന്റെ പിന്നാലെയാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണത്താലാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിച്ചത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. തെളിവുശേഖരണം സാധ്യമല്ലെന്നും ഭരണഘടനയെ അവഹേളിക്കണമെന്ന ലക്ഷ്യത്തോടെ അല്ലായിരുന്നു പ്രസംഗം എന്നുമാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളിയിരുന്നു. ജൂലൈ നാലിന് ഒരു പൊതു ചടങ്ങില്‍ പ്രസംഗിക്കുമ്പോള്‍ ഭരണഘടനയെ വിമര്‍ശിച്ചത് വിവാദമാവുകയും മന്ത്രി സ്ഥാനത്ത് നിന്ന് സജി ചെറിയാന് രാജിവെക്കേണ്ടിവരികയും ചെയ്തിരുന്നു.
ജൂലൈയില്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം. ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത് എന്നായിരുന്നു പരാമര്‍ശം. ഇന്ത്യയില്‍ മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നതെന്ന് പറയുമെങ്കിലും ബ്രിട്ടീഷുകാര്‍ പറഞ്ഞ പോലെയാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത് എന്നും പ്രസംഗത്തിലുണ്ടായിരുന്നു. വിവാദം കടുത്തതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് സജി ചെറിയാന്‍ രാജിവെച്ചത്. പകരം മറ്റൊരാള്‍ക്ക് സിപിഎം മന്ത്രിസ്ഥാനം കൈമാറിയിരുന്നില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരികവകുപ്പ് വി എന്‍ വാസവനും ഫിഷറീസ് വി അബ്ദുറഹിമാനും യുവജനക്ഷേമം പി എ മുഹമ്മദ് റിയാസിനും വീതിച്ചു നല്‍കുകയായിരുന്നു. ഇപ്പോള്‍ സജി ചെറിയാനെ മടക്കികൊണ്ടുവരാനുള്ള ആലോചനയിലാണ് സിപിഎം.