KERALA

വായ്പാപരിധി വെട്ടിക്കുറയ്ക്കല്‍: 'സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമം'; കേന്ദ്രം നിരന്തരം ദ്രോഹിക്കുന്നെന്ന് സിപിഎം

കേരളത്തിനുള്ള ഗ്രാന്റുകളും വായ്‌പകളും നിഷേധിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്‌ത്‌ നിരന്തരമായി സംസ്ഥാനത്തെ ദ്രോഹിക്കുന്ന സമീപനമാണ്‌ കേന്ദ്രത്തിന്റേതെന്ന് വിമർശനം

വെബ് ഡെസ്ക്

കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതില്‍ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഎം. അര്‍ഹമായ കടമെടുപ്പ്‌ പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്‌ സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ സിപിഎം കുറ്റപ്പെടുത്തി.

കേരളത്തിനുള്ള ഗ്രാന്റുകളും വായ്‌പകളും നിഷേധിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്‌ത്‌ നിരന്തരമായി സംസ്ഥാനത്തെ ദ്രോഹിക്കുന്ന സമീപനമാണ്‌ കേന്ദ്രത്തിന്റേത്‌. കേരളത്തില്‍ സാധ്യതയുള്ള എല്ലാ വികസന പ്രവൃത്തികള്‍ക്കും കേന്ദ്രം തുരങ്കം വയ്‌ക്കുകയാണ്‌. ഇതിനു പുറമെയാണ്‌ നിര്‍ബന്ധമായും നല്‍കേണ്ട സാമ്പത്തിക അനുമതികളില്‍ കൈകടത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

നടപ്പുവര്‍ഷം 32,442 കോടി രൂപയുടെ വായ്‌പ എടുക്കാനുള്ള അനുമതി സാമ്പത്തിക വര്‍ഷാരംഭത്തില്‍ കേന്ദ്രം നല്‍കിയിരുന്നതാണ്‌. എന്നാല്‍ 15,390 കോടി രൂപയുടെ അനുമതി മാത്രമാണ്‌ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഗ്രാന്റിനത്തില്‍ 10,000 കോടിയുടെ വെട്ടിക്കുറവ്‌ ഈ വര്‍ഷം വരുത്തിയതിന്‌ പുറമെയാണിത്‌. ഇത്‌ കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള വെല്ലുവിളിയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.

ധന ഉത്തരവാദിത്വ നിയമ പ്രകാരവും കേന്ദ്ര ധനക്കമ്മീഷന്റെ നിര്‍ദേശപ്രകാരം പരിശോധിച്ചാലും കേന്ദ്രസര്‍ക്കാര്‍ നടപടി ശരിയല്ലെന്ന്‌ കാണാം. രാജ്യത്തെ സാമ്പത്തിക മാനേജ്‌മെന്റ്‌ കൂടുതല്‍ സുതാര്യമാക്കുന്നതിനാണ്‌ ഈ ആക്ട്‌. അതുപോലും കേന്ദ്രം അംഗീകരിക്കുന്നല്ല. കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചതിനുള്ള കാരണമെന്തെന്ന്‌ പോലും വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ഏഴ്‌ വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സമീപനം കേരളത്തെ എങ്ങിനെയൊക്കെ ബുദ്ധിമുട്ടിക്കാമെന്നതിലുള്ള ഗവേഷണമാണെന്നാണ് കുറ്റപ്പെടുത്തല്‍. രാജ്യത്തെ ഭരണഘടനയേയോ ജനാധിപത്യ മൂല്യങ്ങളേയോ ഫെഡറല്‍ തത്വങ്ങളേയോ മാനിക്കാന്‍ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും സംസ്ഥാനം ജനങ്ങളെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കാതെ കഴിയാവുന്നത്ര ക്ഷേമവികസന പദ്ധതികള്‍ നടപ്പാക്കുകയാണ്‌ ചെയ്‌തത്‌. അതൊന്നും ദഹിക്കാത്തതുകൊാണ്‌ കൂടുതല്‍ ഞെരുക്കുന്ന സമീപനം കേന്ദ്രം സ്വീകരിക്കുന്നത്‌. സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ്‌ ഇതിനുപിന്നില്‍. ഇത്‌ സംസ്ഥാനത്തെയാകെ പ്രതിസന്ധിയിലാക്കുമെന്നും സിപിഎം ആരോപിച്ചു. കേന്ദ്രസർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷത്തെ വായ്പ പരിധിയില്‍ നിന്ന് 8,000 കോടിയോളം രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഇതോടെ സംസ്ഥാനത്തിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി എടുക്കാന്‍ സാധിക്കുന്ന വാഴ്പ 15,390 കോടിയായി ചുരുങ്ങും. ഈ സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ സംസ്ഥാനത്തിന് 23,000 കോടി രൂപയുടെ വായ്പാ പരിധി നിശ്ചയിച്ച് നല്‍കിയിരുന്നു. ഇതാണ് അനുമതിയായി എത്തിയപ്പോള്‍ ചുരുക്കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ