പി ജയരാജന്‍, ഇന്ദു മല്‍ഹോത്ര 
KERALA

ഇന്ദു മല്‍ഹോത്ര വെല്ലുവിളിക്കുന്നത് ചരിത്രത്തെയും വ്യവസ്ഥകളെയും; ആരോപണത്തിന്റെ അടിസ്ഥാനം എന്തെന്ന് പി ജയരാജന്‍

ആര്‍എസ്എസ്സുകാര്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ നുണ പ്രചരിപ്പിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് ജയരാജന്‍

വെബ് ഡെസ്ക്

കമ്മ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം കയ്യടക്കുന്നത് പതിവാണെന്ന സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. അഭിപ്രായപ്രകടനം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും വിചിത്രവുമാണ്. ഇന്ത്യന്‍ നീതിന്യായ കോടതിയുടെ അമരത്തിരിക്കുന്ന ജഡ്ജിമാര്‍ ഇത്തരത്തില്‍ ചരിത്രബോധമില്ലാതെ സംസാരിക്കുന്നത് നമ്മുടെ ജനാധിപത്യത്തെയാണ് ദുര്‍ബലമാക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനത്തെ ലക്ഷ്യമിട്ടുകൊണ്ട് അവ കയ്യടക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നു എന്നും, അതിന് തടയിടാന്‍ തനിക്കായി എന്നുമാണ് ജസ്റ്റിസ് മല്‍ഹോത്രയുടെ പരാമര്‍ശം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്? അതിന് പ്രസ്താവനയില്‍ വിശദീകരണമൊന്നുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ക്ഷേത്രവരുമാനം എവിടെയെങ്കിലും എടുത്തുപയോഗിച്ചതായി ഇതുവരെയും ആര്‍ക്കുമറിയില്ല. ബിജെപി - സംഘ്പരിവാര്‍ ശക്തികളുടെ അടിസ്ഥാനരഹിതമായ ഒരു ഭാവനാസൃഷ്ടിയാണ് ഈ ആരോപണം. ആര്‍എസ്എസ്സുകാര്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ നുണ പ്രചരിപ്പിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാല്‍ നീതിപീഠത്തിന്റെ തലപ്പത്തിരുന്ന ഒരു ന്യായാധിപ തന്നെ അത്തരം വ്യാജപ്രചരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ രാജ്യത്തിന്റെ ചരിത്രത്തെയും വ്യവസ്ഥകളെയുമാണ് ഇന്ദു മല്‍ഹോത്ര പ്രസ്താവനയിലൂടെ വെല്ലുവിളിക്കുന്നതെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

റിട്ടയേർഡ്‌ ജസ്റ്റിസ് ഇന്ദു മൽഹോത്ര തിരുവനന്തപുരത്ത് നടത്തിയ അഭിപ്രായപ്രകടനം യാഥാർത്ഥ്യത്തിന് നിരക്കാത്തതും വിചിത്രവുമാണ്. ഇന്ത്യൻ നീതിന്യായ കോടതിയുടെ അമരത്തിരിക്കുന്ന ജഡ്ജിമാർ ഇത്തരത്തിൽ ചരിത്രബോധമില്ലാതെ സംസാരിക്കുന്നത് നമ്മുടെ ജനാധിപത്യത്തെയാണ് ദുർബലമാക്കുന്നത്.

ഹിന്ദുക്ഷേത്രങ്ങളുടെ വരുമാനത്തെ ലക്ഷ്യമിട്ടുകൊണ്ട് അവ കയ്യടക്കാൻ കമ്യൂണിസ്റ്റ് ഗവൺമെന്റുകൾ ശ്രമിക്കുന്നു എന്നും അതിന് തടയിടാൻ തനിക്കായി എന്നുമാണ് ജസ്റ്റിസ് മൽഹോത്രയുടെ പരാമർശം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റിനെതിരെ ഇത്തരമൊരു ആരോപണമുന്നയിക്കുന്നത് ? അതിന് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പ്രസ്താവത്തിൽ വിശദീകരണമൊന്നുമില്ല. കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലുള്ള ഗവൺമെന്റുകൾ ക്ഷേത്രവരുമാനം എവിടെയെങ്കിലും എടുത്തുപയോഗിച്ചതായി ഇതുവരെയും ആർക്കുമറിയില്ല. ബി ജെ പി - സംഘ്പരിവാർ ശക്തികളുടെ അടിസ്ഥാനരഹിതമായ ഒരു ഭാവനാസൃഷ്ടിയാണ് ഈ ആരോപണം. ശമ്പളം കൊടുക്കുന്നത് , ഭക്ഷ്യകിറ്റ് കൊടുത്തത് , മറ്റ് മതങ്ങളുടെ സ്ഥാപനങ്ങളിലെ ശമ്പളം കൊടുക്കുന്നത് എല്ലാം അമ്പലങ്ങളിലെ വരുമാനം കൊണ്ടാണ് എന്ന ആരോപണം സംഘപരിവാരമാണ് ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നത്. തീർത്തും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമായ ഈ വ്യാജ ആരോപണത്തിലേക്ക് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ഒരു മുൻ ജസ്റ്റിസ് കണ്ണി ചേരുക എന്നത് പ്രതിഷേധാർഹവമാണ്.

എന്താണ് യാഥാർത്ഥ്യം ? ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം വകമാറ്റി ചിലവഴിക്കുകയോ പൊതുമൂലധനമാക്കി മാറ്റുകയോ ഗവണ്മെന്റ് ചെയ്തിട്ടില്ല എന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാവും. മറിച്ച് , സർക്കാരിന്റെ പണം നിശ്ചിത ആവശ്യങ്ങൾക്കായി ദേവസ്വങ്ങൾക്ക് നൽകീട്ടുമുണ്ട്. ക്ഷേത്രവരുമാനത്തെ ദേവസ്വത്തിനല്ലാതെ സർക്കാരിന് കയ്യടക്കാനോ ഉപയോഗിക്കാനോ കഴിയില്ല. ക്ഷേത്രസ്വത്തുക്കളുടെ അവകാശം അതാത് ദേവതകൾക്കാണെന്നാണ് കോടതികളും വ്യക്തമാക്കിയത്. അതിൽ നിന്ന് വകമാറ്റി ചിലവഴിക്കാൻ ദേവസ്വം ബോർഡിനു തന്നെയും കഴിയില്ല. ഗുരുവായൂർ ദേവസ്വം ബോർഡ് അസാധാരണ സാഹചര്യത്തെ മുൻനിർത്തി പ്രളയ -കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന പോലും കേരള ഹൈക്കോടതി തടഞ്ഞു. ഏത് അസാധാരണ സാഹചര്യത്തിലും ദേവസ്വത്തിന്റ സ്വത്ത്‌ വകമാറ്റി ചിലവഴിക്കാനാവില്ല. എന്നാൽ മറിച്ച് , എല്ലാ വർഷവും പൊതുഖജനാവിൽ നിന്ന് നിശ്ചിത തുക ബജറ്റിൽ ദേവസ്വം വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കപ്പെടുന്നുമുണ്ട്. പുരാവസ്തു വകുപ്പ് , ടൂറിസം വകുപ്പ്, സാംസ്കാരിക വകുപ്പ് എന്നിവയുടെയെല്ലാം പ്രവർത്തനങ്ങൾക്കും ക്ഷേത്രങ്ങളിലേക്ക് സർക്കാർ ഫണ്ട് എത്തുന്നുണ്ട്. ടൂറിസം വകുപ്പിന്റെ പ്രൊജക്ടുകളിലുൾപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ക്ഷേത്ര നവീകരണങ്ങൾ നടന്നിട്ടുമുണ്ട്. ഇവയുടെയെല്ലാം കണക്കുകൾ ലഭ്യമാണ്.

നമ്മുടെ രാജ്യം സ്വതന്ത്രമായപ്പോൾ നാട്ടുരാജ്യങ്ങളിൽ മൂന്നുതരം സ്വത്താണ് ഉണ്ടായിരുന്നത്. ഒന്ന് രാജസ്വമാണ്. നാട്ടുരാജാക്കൻമാരുടെ പക്കലുണ്ടായിരുന്ന സ്വത്തുവകകൾ . അവ സ്വാഭാവികമായും ജനാധിപത്യ സർക്കാറിന് അവകാശപ്പെട്ടതായി. രണ്ട് ബ്രഹ്മസ്വം. ബ്രാഹ്മണപുരോഹിതരുടെ സ്വത്തുവകകൾ. അവ ഇല്ലങ്ങളിലും മനകളിലുമായി നിലനിന്നു . മൂന്ന് ദേവസ്വം. ക്ഷേത്രങ്ങളിലെ സ്വത്തു വകകൾ. ദേവനെ ഒരു മൈനർ പൗരനായി കണക്കാക്കുകയും ആ മൈനർ പൗരന്റെ സ്വത്തായി ദേവസ്വമുതലിനെ കോടതികൾ കൽപ്പിക്കുകയും ചെയ്തു. ഈ സ്വത്തിൽ നയാപ്പൈസ പൊതുഖജനാവിലേക്ക് എടുക്കാനാവില്ല. ദേവസ്വം കണക്കുകൾ കേരള ഓഡിറ്റ് വകുപ്പും , കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയും ആണ് പരിശോധിക്കുന്നത്. അത് ഹൈക്കോടതിയിലും , സുപ്രീം കോടതിക്കും റിപ്പോർട് ചെയ്യണം. ക്ഷേത്ര വരുമാനങ്ങൾ കേരള ട്രെഷറി ബാങ്കിൽ ആണ് ഡെപ്പോസിറ്റു ചെയ്യുന്നത്. സംഘ പരിവാർ പറയുന്നത് കേരളത്തിന്റെ ട്രഷറിയിൽ നിക്ഷേപിക്കുന്നു എന്നാണ്. കേരള ട്രഷറിയല്ല കേരള ട്രഷറി ബാങ്ക് എന്ന സാമാന്യധാരണ തന്നെ അവർക്കില്ല. കേരള ട്രഷറി നമ്മുടെ ഖജനാവ് ആണ്. എന്നാൽ കേരള ട്രഷറി ബാങ്ക് എന്നത് മറ്റു ദേശസാൽകൃത ബാങ്ക് പോലെ ഒരു ബാങ്ക് ആണ്. പൂർണമായും ആർ ബി ഐ യുടെ (RBI) നിയന്ത്രണത്തിലുള്ള ബാങ്ക് . അവിടെ പ്രേത്യേക അക്കൗണ്ടിലാണ് പണം നിക്ഷേപിക്കപ്പെടുന്നത്. ഇത് തികച്ചും സുതാര്യവും നീതിയുക്തവുമായ ഒരു സംവിധാനമാണ്.

ഇവിടെ ഒരു ചോദ്യമുയർത്താം, എന്തുകൊണ്ട് മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളുടെ സ്വത്തുവകകൾക്ക് ഇപ്രകാരം ഒരു സർക്കാർ സ്വത്തു മേൽനോട്ടം ഇല്ലാത്തത്? ഉത്തരം ലളിതമാണ്. മറ്റ് ആരാധനാലയങ്ങളിൽ അവകാശമില്ലാത്ത പോലെ കുടുംബക്ഷേത്രങ്ങളിലും ദേവസ്വത്തിന് അവകാശമില്ല. കാരണം കുടുംബക്ഷേത്രം അതാത് കുടുംബത്തിലെ സ്വത്തുവകകൾ ഉപയോഗിച്ച് നിർമ്മിച്ചതോ പരിപാലിച്ചതോ ആണ് എന്നു കാണാനാവും. അതുപോലെ ഇന്നാട്ടിലെ മറ്റ് ആരാധനാലയങ്ങളിലെ സമ്പത്തും അതുപോലെയാണ്. ഉദാഹരണത്തിന് ഗീവർഗീസ് പള്ളിയുടെ സ്വത്ത് സഭയുടെതാണ് , ഗീവർഗീസ് പുണ്യാളന്റെ പേരിലല്ല.

എങ്കിൽപ്പിന്നെ എന്തിന് ദേവസ്വം ക്ഷേത്രങ്ങൾക്ക് മാത്രം ഇങ്ങനെ പ്രത്യേക മൈനർ പൗരൻ പദവി എന്നും ചോദിക്കാവുന്നതാണ്. അതിന് ചരിത്രപരമായി കാരണങ്ങളുണ്ട്. അയിത്തോച്ചാടനം മുതൽ പല സാമൂഹികസമരങ്ങളിലൂടെയാണ് ക്ഷേത്രങ്ങളിലെ നവീകരണം സാധ്യമായത്. ചരിത്രപരമായി ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ മാത്രമല്ല. കല, സംസ്കാരം, സാഹിത്യം എന്നിവയുടെയെല്ലാം കേന്ദ്രവും അതോടൊപ്പം രാജാക്കൻമാരുടെ പരദേവതാസ്ഥാനങ്ങളും ആയിരുന്നു. മാർത്താണ്ഡവർമ്മയുടെ 1750 ലെ തൃപ്പടിദാനം അത്തരമൊന്നാണ്. മാർത്താണ്ഡ വർമ്മ ഉടവാൾ വെച്ച് " ഇനിമുതൽ പദ്മനാഭന്റെ കീഴീടാണ് തിരുവിതാംകൂർ" എന്നു പ്രഖ്യാപിച്ചതോടെ രാജാവ് പദ്മനാഭസ്വാമിയായി തീർന്നു . ഇങ്ങനെ മാറിയ തിരുവിതാംകൂർ തുടർന്ന് നടത്തിയ യുദ്ധങ്ങളിലൂടെയും ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത നികുതികളിലൂടെയും സ്വരുക്കൂട്ടിയ ധനം കൂടിയാണ് പദ്മനാഭസ്വാമി ക്ഷേത്ര നിലവറകളിലുള്ളത് എന്നതിന് നിരവധി തെളിവുകളുണ്ട്. എങ്കിലും ജനാധിപത്യ ഇന്ത്യയിലേക്ക് ആ ധനം പൊതു ഖജനാവിലേക്ക് ചേർക്കുകയല്ല , പദ്മനാഭ സ്വാമി എന്ന മൈനർ പൗരന്റെ സ്വത്തായി ദേവസ്വത്തിനു കീഴിൽ നിലനിർത്തുകയാണ് ചെയ്തിട്ടുള്ളത്. ആയിരത്താണ്ടുകളായി ഇന്ത്യയിലുടനീളം ഇങ്ങിനെ ക്ഷേത്രങ്ങളെ പൊതുസ്വത്തിന്റെ കൂടി കേന്ദ്രമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവ ജനാധിപത്യ ഇന്ത്യയുടെ പൊതു മൂലധനമാക്കി മാറ്റിയിട്ടില്ല.

ചെയ്യാനാവുന്നതിൽ ഏറ്റവും യുക്തിപരവും ഔചിത്യപൂർണ്ണവുമായ നടപടിക്രമമാണ് ദേവസ്വം ബോർഡ് എന്ന സംവിധാനത്തിലൂടെ സർക്കാർ നിറവേറ്റുന്നത്. കൃത്യമായ ഓഡിറ്റിങ്ങിലൂടെ ദേവസ്വം ബോർഡിന്റെ ഭരണ നിയന്ത്രണം. ഈ സംവിധാനത്തെ ഇല്ലാതാക്കുകയും തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ നടപ്പാക്കാൻ ഉതകുന്ന രീതിയിൽ ക്ഷേത്ര സ്വത്തുവകകൾ വരുതിയിലാക്കുക എന്നത് സംഘപരിവാറിന്റെ ദീർഘകാല അജണ്ടയാണ്.

2017ൽ ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിനെ കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം ഇടതുപക്ഷ സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്നുവെന്ന വിധത്തിൽ വലിയ പ്രതിഷേധം സംഘപരിവാർ ഉയർത്തികൊണ്ടുവന്നിരുന്നു. ക്ഷേത്രം ഏറ്റെടുത്തത് സര്‍ക്കാരല്ലെന്നും ക്ഷേത്രപരിപാലന ചുമതലയുള്ള മലബാര്‍ ദേവസ്വം ബോര്‍ഡാണെന്നും ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തതാകട്ടെ കോടതി വിധിയുടെ അടിസ്ഥാനത്തിലുമാണെന്ന് ഏവർക്കും അറിയാവുന്നതാണ്. ക്ഷേത്രഭരണവുമായി ഭരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴാണ് കോടതി ഇടപെട്ട് ക്ഷേത്രം ഏറ്റെടുക്കാന്‍ അന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.

ആർ.എസ്.എസ്സുകാർ കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിലുള്ള ഗവണ്മെന്റിനെതിരെ നുണ പ്രചരിപ്പിക്കുന്നത് അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ ആദരണീയ നീതിപീഠത്തിന്റെ തലപ്പത്തിരുന്ന ഒരു ന്യായാധിപ തന്നെ അത്തരം വ്യാജപ്രചരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് പ്രേതിഷേധാർഹമാണ്. മാത്രവുമല്ല ജനാധിപത്യ രാജ്യത്തിന്റെ ചരിത്രത്തെയും വ്യവസ്ഥകളെയുമാണ് ഇന്ദു മൽഹോത്രയുടെ പ്രസ്താവനയിലൂടെ വെല്ലുവിളിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ