മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ആരോപണമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സുധാകരനുള്ളപ്പോഴാണ് മോന്‍സന്‍ പീഡിപ്പിച്ചതെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് മാധ്യമ വാർത്തകൾ. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിന് പോക്‌സോ കേസിലും സുധാകരനെ ചോദ്യം ചെയ്യേണ്ടിവരും. ഈ കേസിൽ ചോദ്യംചെയ്യാനാണ് സുധാകരനെ വിളിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇത്രയും കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ലോകത്ത് എവിടെയും ഇല്ല. മാധ്യമങ്ങള്‍ ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമായി കള്ളപ്രചാരണം നടത്തുകയാണ്
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിര കേസെടുത്തതിനെ സിപിഎം സംസ്ഥാന സെക്രട്ടറി വീണ്ടും ന്യായീകരിച്ചു. സര്‍ക്കാരിനെയോ എസ്എഫ്‌ഐയെയോ വിമര്‍ശിച്ചാല്‍ കേസെടുക്കണമെന്ന് പറഞ്ഞിട്ടില്ല. എതിര്‍ത്തത് എസ്എഫ്‌ഐക്കെതിരായ പ്രചാരണത്തെ മാത്രമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇത്രയും കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ലോകത്ത് എവിടെയും ഇല്ല. മാധ്യമങ്ങള്‍ ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമായി കള്ളപ്രചാരണം നടത്തുകയാണ്. രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് എം വി ഗോവിനന്ദന്‍ നേരത്തേയും രംഗത്ത് എത്തിയിരുന്നു. സര്‍ക്കാര്‍-എസ്എഫ്‌ഐ വിരുദ്ധ ക്യാംപെയിന്‍ നടത്തിയതിന് മുന്‍പും കേസെടുത്തിട്ടുണ്ടെന്നും ഇനിയും കേസെടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. എന്നാല്‍ ശക്തമായ വിമര്‍ശനമുയര്‍ന്നതോടെ എം വി ഗോവിന്ദന്‍ മലക്കം മറിഞ്ഞിരുന്നു. സര്‍ക്കാരിനേയോ പാര്‍ട്ടിയേയോ വിമര്‍ശിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ ചേര്‍ക്കുകയാണെന്നുമായിരുന്നു വിശദീകരണം.