പാലക്കാട്ടെ വിഭാഗീയതയിൽ നടപടിയുമായി സി പി എം. മുൻ എംഎൽഎ പി കെ ശശി, വി കെ ചന്ദ്രൻ, സി കെ ചാമുണ്ണി എന്നിവരെ തരംതാഴ്ത്തി. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ശശി, വി കെ ചന്ദ്രൻ എന്നിവരെ ജില്ലാ കമ്മറ്റിയിലേക്കും ജില്ലാ കമ്മറ്റിയംഗമായ സി കെ ചാമുണ്ണിയെ ഏരിയാ കമ്മറ്റിയിലേക്കുമാണ് തരംതാഴ്ത്തിയത്.
കഴിഞ്ഞ തവണത്തെ പാർട്ടി സമ്മേളന കാലയളവിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ചാണ് മൂന്നു പേർക്കുമെതിരായ നടപടി. ജില്ലയിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന നേതാക്കളായ ആനാവൂർ നാഗപ്പൻ, കെ കെ ജയചന്ദ്രൻ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് പി കെ ശശിക്കെതിരെ നടക്കുന്ന പാർട്ടി അന്വേഷണത്തിൽ വീഴ്ചകൾ കണ്ടെത്തിയതിനാല്‍ കൂടുതല്‍ നടപടികള്‍ക്ക് സാധ്യതയുണ്ട്
ചെർപ്പുളശ്ശേരി, വടക്കഞ്ചേരി, തൃത്താല ഏരിയാ സമ്മേളനങ്ങളിൽ നടന്ന വിഭാഗീയ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകിയെന്നാണ് പരാതി. ചെർപ്പുളശ്ശേരി ഏരിയാ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെ പി കെ ശശി വിഭാഗം വെട്ടിനിരത്തിയിരുന്നു. ഇതേത്തുടർന്ന് മത്സരിച്ച് എത്തിയ 13 പേരിൽ ഒൻപത് പേരെ ഒഴിവാക്കി കമ്മറ്റി പുന:സംഘടിപ്പിച്ചു.
ശശിക്കെതിരെ മുൻപും നടപടി
ഡി വൈ എഫ് ഐ വനിതാ നേതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പി കെ ശശിക്കെതിരെ മുൻപും നടപടിയെടുത്തിരുന്നു. 2018 നവംബർ 26നാണ് പി കെ ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. പിന്നീട് ജില്ലാ കമ്മറ്റിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. പി കെ ശശി അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.
ശശിക്കെതിരെ കൂടുതൽ നടപടിയുണ്ടായേക്കും
വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട പി കെ ശശിക്കെതിരെ കൂടുതൽ നടപടി ഉണ്ടായേക്കും. സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് പി കെ ശശിക്കെതിരെ നടക്കുന്ന പാർട്ടി അന്വേഷണത്തിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി മമ്മിക്കുട്ടി, വി. ചെന്താമരാക്ഷൻ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മണ്ണാർക്കാട് ഏരിയാ കമ്മറ്റി ഓഫീസ് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗം, സഹകരണ ബാങ്ക് നിയമനങ്ങളിലെ ക്രമക്കേട്, മണ്ണാർക്കാട് സഹകരണ കോളേജിനായുള്ള ഫണ്ട് ശേഖരണം എന്നിവയിലാണ് പി കെ ശശിക്കെതിരെ ആരോപണം ഉയർന്നിട്ടുള്ളത്.