വിജേഷ് പിള്ള പറഞ്ഞു എന്ന രീതിയിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഫെയ്സ് ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന പരാതിയുമായി സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ്. ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി സ്വപ്നയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.
മുഖ്യമന്ത്രിക്കും കുടുബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്നും ഇതിനായി 30 കോടി രൂപ നൽകാമെന്നും തയ്യാറായില്ലെങ്കിൽ ഇല്ലാതാക്കിക്കളയും എന്ന് വിജേഷ് പിള്ള പറഞ്ഞെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. എം വി ഗോവിന്ദൻ്റെ ദൂതൻ എന്ന രീതിയിലാണ് കടമ്പേരി സ്വദേശിയായ വിജേഷ് പിള്ള സംസാരിച്ചത് എന്നായിരുന്നു കഴിഞ്ഞ 9 ന് ഫെയ്സ് ബുക്ക് ലൈവിൽ സ്വപ്‍നയുടെ വെളിപ്പെടുത്തൽ.
'അമ്പത് വർഷത്തെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സിപിഎം സംസ്ഥാന സെക്രട്ടറിയും, പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും, തളിപ്പറമ്പ് എംഎൽഎയുമായ എം വി ഗോവിന്ദന് കേരളത്തിലെ ജനങ്ങൾക്കിടയിൽ ഉള്ള സൽപ്പേര് കളങ്കപ്പെടുത്തുന്നതിനുള്ള ഗൂഢ ശ്രമത്തിൻ്റെ ഭാഗമാണിത്. കൃതിമ രേഖയുണ്ടാക്കിയാണ് സ്വപ്ന ലൈവിൽ വന്നത്. അടിസ്ഥാനരഹിതമായി ഉന്നയിച്ച ആരോപണങ്ങൾ സമൂഹത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ്. പ്രകോപനം സൃഷ്ടിക്കുന്നതിലൂടെ കലാപത്തിനുള്ള ആഹ്വാനമാണ് സ്വപ്ന സുരേഷും വിജേഷ് പിള്ളയും നടത്തിയത്' സന്തോഷ് വ്യക്തമാക്കി.
സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കുറ്റകരമായ രാഷ്ട്രീയ ഗൂഢാലോചന, കലാപാഹ്വാനം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് കെ സന്തോഷിൻ്റെ പരാതി. തളിപ്പറമ്പ് സ്റ്റേഷൻ ഓഫിസർക്ക് നൽകിയ പരാതിയിൽ കേസെടുത്ത് നിയമ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ സന്തോഷ് പറഞ്ഞു.