KERALA

ആലുവയിലെ പെണ്‍കുട്ടി മുതല്‍ അബിഗേല്‍ വരെ; കുട്ടികള്‍ക്കെതിരായ ക്രൂരത നിറഞ്ഞാടിയ 2023

ദ ഫോർത്ത് - കൊച്ചി

കേരളത്തിൽ കുട്ടികൾ മുൻപെങ്ങുമില്ലാത്തവിധം അതിക്രമങ്ങൾക്ക് വിധേയരായ വർഷമാണ് 2023. അത് ചെയ്തവരിൽ ഏറെയും പരിചയമുള്ള വരും രക്ഷിതാക്കളും. നമ്മുടെ കുട്ടികൾ ആരെ വിശ്വസിക്കും.

ആലുവയിലെ അഞ്ച് വയസുകാരി മുതൽ സ്വന്തം അമ്മയുടെ ക്രൂരതയ്ക്കിരയായ പിഞ്ചുകുഞ്ഞു വരെ ഇക്കൊല്ലത്തെ വേദനയാണ്. ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 9604 കുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്നാണ് കണക്ക്. 200 ൽ അധികം കുട്ടികൾ മരിക്കുകയും ചെയ്തു. 2016 മുതൽ 2023 വരെ 31 364 കേസുകൾ കുഞ്ഞുങ്ങൾക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തു.

ആലുവയില്‍ അഞ്ച് വയസുകാരി ബലാല്‍സംഗത്തിനിരയായി ക്രൂരമായി കൊലചെയ്യപ്പെട്ടത് ഈ വര്‍ഷത്തെ അടയാളപ്പെടുത്തുന്ന ഉണങ്ങാത്ത മുറിവാണ്. പ്രതിയെ ശരവേഗത്തില്‍ പിടികൂടി വധശിക്ഷ ഉറപ്പാക്കിയത് പോലിസ് നേട്ടം. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ആലുവ ഇടയപുറത്ത് ഉറങ്ങികിടന്ന കുട്ടിയെ തിരുവന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ വീട്ടില്‍ നിന്നും എടുത്തുകൊണ്ടുപോയി രാത്രിയില്‍ പീഡനത്തിനിരയാക്കിയത് കൂടുതല്‍ ആഘാതത്തിലേക്ക് മലയാളിയെ കൊണ്ടെത്തിച്ചു.

വര്‍ഷാരംഭത്തില്‍ കോഴിക്കോട് കിറ്റിക്കാട്ടൂരില്‍ മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ചെന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവം. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാര്‍ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്നത് തന്നെന്നായിരുന്നുവെളിപ്പെടുത്തല്‍.

ഒന്നരവയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഒരുമിച്ചുള്ള ജീവിതത്തില്‍ ബാധ്യതയാകുമെന്ന കാരണത്താല്‍ അമ്മയുടെ പങ്കാളി കാൽമുട്ട് കൊണ്ട് ഇടിച്ച് ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ ഇന്നും ബാക്കിയാണ്. കുഞ്ഞുശരീരത്തില്‍ ജീവന്‍ ബാക്കിയില്ലെന്ന് ഉറപ്പിക്കാന്‍ കടിച്ചു നോക്കിയ വികൃതമായ മനസ് എവിടെ നിന്നാണ് ഉണ്ടായത്. അമ്മയുടെയും അച്ഛന്റെയും ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പോലീസുകാരാണ് കുഞ്ഞിന്റെ സംസ്‌കാരം നടത്തിയത്.

കൊല്ലത്തു നിന്നും തട്ടികൊണ്ടുപോയ അബിഗേലിനായി ഒരു ദിവസം മുഴുവനുമാണ് കേരളം ഉറങ്ങാതെ കാത്തിരുന്നത്. കുട്ടിയെ മോചിപ്പിക്കുന്നതിനായി പത്തു ലക്ഷം രൂപയാണ് തട്ടികൊണ്ടുപോയ മൂവര്‍ സംഘം ആവശ്യപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു കുടുംബം കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു ഇത്. കുട്ടികളെ കളിക്കാനായി പുറത്തേക്ക് വിടാന്‍ പോലും അതിന് ശേഷം രക്ഷിതാക്കള്‍ക്ക് ഭയമാണ്......

പുനർ വിവാഹത്തിന് തടസമാണെന്ന് കരുതി സ്വന്തം അച്ഛനാണ് ആലപ്പുഴ പുന്നമൂട്ടില്‍ ആറുവയസുകാരിയെ മഴുവിന് വെട്ടി കൊലപെടുത്തിയത്. പ്രതി ശ്രീമഹേഷ് പോലിസ് കസ്റ്റഡിയിലിരിക്കെ ട്രെയിനില്‍ നിന്ന് ചാടി മരിക്കുകയും ചെയ്തു.

ഹോം വര്‍ക്ക് ചെയ്യാത്തതിനും ക്രൂരതയേല്‍ക്കേണ്ടിവന്നു കൊല്ലത്ത് ഒരു കുരുന്നിന്. ആറാം ക്ലാസ് കാരനെ ട്യൂഷന്‍ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചു. ആദ്യം അടിച്ചപ്പോള്‍ കുട്ടി കരഞ്ഞില്ല, ഇതില്‍ പ്രകോപിതനായി പിന്നീട് വീണ്ടും മര്‍ദ്ദിച്ചെന്നാണ് കേസ്.

അമ്മ തൊട്ടിലുകളും ആശാഭവനകുളും ധാരാളമുള്ള നമ്മുടെ നാട്ടില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന കാരണം പറഞ്ഞും കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പോത്തന്‍കോട് മഞ്ഞമലയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മയാണ്. 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

മലപ്പുറം ചേളാരിയില്‍ അതിഥി തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായത് അയല്‍വാസിയായ അതിഥി തൊഴിലാളിയാണ്. ഈ വര്‍ഷം ഓഗസ്റ്റ് മൂന്നിന് ആയിരുന്നു സംഭവം. കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന മുറിയിലേക്ക് കൊണ്ട് പോയാണ് ഇയാള്‍ പീഡിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കൊച്ചി കലൂരിലെ ലോഡ്ജില്‍ വെച്ച് ഒന്നര വയസ്സുകാരിയായ പേരക്കുട്ടിയെ 50 വയസുകാരിയായ അമ്മൂമ്മയുടെ അറിവോടെ കാമുകന്‍ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കി കൊലപ്പെടുത്തിത്.

എഴുപത്തെട്ടുകാരൻ എട്ടും അഞ്ചും വയസുള്ള സഹോദരിമാരെ ബലാത്സഗം ചെയ്ത കേസില്‍ അറസ്റ്റിലായതും വര്‍ഷാവസനാമാണ്. ശാരീരികമോ മാനസികമോ ആയ ആക്രമിക്കുന്നത് മാത്രമല്ല കുട്ടിക്ക് ആവശ്യമായ കരുതൽ നൽകാതിരിക്കുന്നതും കുട്ടികളോടുള്ള അതിക്രമം ആണ്. വരും വർഷമെങ്കിലും വിടരും മുൻപേ കൊഴിയാതെ കുഞുങ്ങളെ നമുക്ക് കരുതാനാകണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും