KERALA

കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 45 ശതമാനം വർധന; ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം 5.27 ശതമാനമായി കുറഞ്ഞു

2018ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 7.63 ശതമാനം കേസുകളിൽ മാത്രമാണ് കുറ്റക്കാർ ശിക്ഷിക്കപ്പെട്ടത്

വെബ് ഡെസ്ക്

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ട് ദിവസമാകുന്നു. അതേസമയം, നാലു വർഷത്തിനിടയ്ക്ക് കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ 45.4 ശതമാനം വർധനവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2018 മുതൽ 2022 വരെ കേരളത്തിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. 2018ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 7.63 ശതമാനം കേസുകളിലാണ് കുറ്റക്കാർ ശിക്ഷിക്കപ്പെട്ടത്. 2022ൽ അത് 5.27 ശതമാനമായി കുറഞ്ഞെന്നാണ് രാജ്യസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.

2018ൽ രജിസ്റ്റർ ചെയ്ത 10,461 കേസുകളിൽ 799 എണ്ണത്തിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. അതായത് 7.63 ശതമാനം കേസുകളിൽ. 12,115 പ്രതികളിൽ 1,019 പേർ ശിക്ഷിക്കപ്പെട്ടു.

15,231 കേസ് രജിസ്റ്റർ ചെയ്ത 2022ൽ 803 എണ്ണമാണ് തെളിയിക്കപ്പെട്ടത്. 5.27 ശതമാനം. മൊത്തം 22,058 പ്രതികളിൽ 970 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെകുറിച്ച് ജസ്റ്റിസ് ഹേമകമ്മറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട വിവരങ്ങൾ പുറത്തുവന്നപ്പോൾ പ്രശ്നങ്ങൾ നേരിടുന്നവർ എന്തുകൊണ്ട് പരാതി നൽകാൻ തയ്യാറാവുന്നില്ലെ എന്ന ചോദ്യം പലകോണുകളിൽനിന്നും ഉയർന്നിരുന്നു. എന്നാൽ നീളുന്ന കേസ് നടപടികൾ സൃഷ്ടിക്കുന്ന മാനസിക സമ്മർദങ്ങളും ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണെന്നതും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾക്കൊപ്പം ചേർത്തുവായിക്കാവുന്നതാണ്.

ഗാർഹിക പീഡനം, ബലാത്സംഗം, ജോലിസ്ഥലത്തെ ചൂഷണം ഉൾപ്പെടെ സ്ത്രീകൾ പലവിധത്തിലുള്ള പ്രശനങ്ങൾ നേരിടുന്നുണ്ടെന്നാണ് കേസുകളുടെ വിവരങ്ങളിൽനിന്ന് മനസിലാകുന്നത്. സാങ്കേതിക കാരണങ്ങൾകൊണ്ടാണ് പ്രതികൾ ശിക്ഷിക്കപ്പെടാത്തതെന്ന് നിയമവിദഗ്ധർ പറയുന്നു. അതിജീവിതകൾക്കു മുകളിൽ സമൂഹത്തിലെ വ്യത്യസ്ത കോണിൽനിന്നു സമ്മർദമുണ്ടാകുന്നതുകൊണ്ടാണ് പലപ്പോഴും പ്രതികൾ ശിക്ഷിക്കപ്പെടുന്നതിനു മുമ്പേ കേസ് അവസാനിക്കുന്ന സാഹചര്യമുണ്ടാകുന്നതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പ്രതികൾ മേൽക്കോടതികളിൽ അപ്പീലുകൾ പോകുന്നതു കാരണം, നിരന്തരം തന്റെ മോശം അനുഭവങ്ങൾ കോടതിയിൽ വിചാരണചെയ്യപ്പെടുന്ന സ്ഥിതി സ്ത്രീകളെ മാനസികമായി തളർത്തുന്നതിനാൽ അവർ കേസിൽനിന്ന് പിൻവാങ്ങുന്ന സ്ഥിതിയുണ്ടാകുന്നതായും വിലയിരുതലുകളുണ്ട്. അതിനൊപ്പം അടുത്ത ബന്ധുക്കളുടെ സമ്മർദം കൂടിയാകുമ്പോൾ മിക്ക സ്ത്രീകളും കേസിൽനിന്നും പിൻവാങ്ങുന്ന സാഹചര്യമുണ്ടാകുന്നു.

ഇതിൽ ഏറ്റവും രൂക്ഷമായ കാര്യം ലൈംഗികാതിക്രമമുൾപ്പെടെയുള്ള ക്രൂരതകൾക്കു വിധേയരാകുന്ന സ്ത്രീകൾക്കു രക്ഷിതാക്കളും സഹോദരങ്ങളുമുൾപ്പെടുന്ന അടുത്ത ബന്ധുക്കളിൽ നിന്നുപോലും പിന്തുണ ലഭിക്കുന്നില്ലെന്നതാണ്. അതിനാൽ നിയമപോരാട്ടം പൂർത്തിയാക്കാൻ അവർക്കു സാധിക്കാതെ വരുന്നെന്നും നിയമവിദഗ്ധർ പറയുന്നു.

കേസ് ഒരു പ്രത്യേകഘട്ടത്തിലെത്തുമ്പോഴേക്കും കുടുംബാംഗങ്ങൾ പരാതിക്കാരിയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. കോടതിമുറികളിൽ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന മാനസികമായി തളർത്തുന്ന മുന്നറിയിപ്പുകൾ മുതൽ കേസ് തുടരാനുള്ള സാമ്പത്തിക തടസങ്ങളും സമൂഹത്തിൽനിന്നുള്ള സമ്മർദങ്ങളുമുണ്ടാകും.

പിന്തുണ ലഭിക്കാതെ ഒടുവിൽ നിയമപോരാട്ടം അവസാനിപ്പിക്കേണ്ടുന്ന അവസ്ഥയിലേക്കെത്തുന്നു. ഇതു വലിയ മാനസികപ്രശ്നങ്ങളാണ് സ്ത്രീകൾക്കുണ്ടാക്കുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പലർക്കും പിന്നീട് ദീർഘകാലം മാനസികാരോഗ്യപ്രശ്നങ്ങളുമായി ചികിത്സയിൽ കഴിയേണ്ടി വരുന്നതും സമൂഹത്തിന്റെയും കുടുംബത്തിന്റെയും ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കേണ്ടി വരുന്നതുമായ സാഹചര്യവുമുണ്ടാകുന്നു. ഇതാണ് മിക്കവാറും കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള കാരണമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

ഇത് പരിഹരിക്കാൻ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന കേസുകളിലെ നിയമനടപടികൾ വേഗത്തിലാക്കാനുള്ള ശമം കോടതികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നു നിയമവിദഗ്ധർ നിർദേശിക്കുന്നു. അദാലത്തുകളും നൂതന ഓൺലൈൻ സംവിധാനങ്ങളുമുപയോഗിച്ച് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്ന രീതിയിലേക്ക് സംവിധാനങ്ങൾ മാറിയാൽ മാത്രമേ ഇത്തരം കേസുകളിൽ കൂടുതൽ പേർ ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടാകൂയെന്നും വിദഗ്ധർ പറയുന്നു.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്