മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ ഐജി ഗുഗുലോത്ത് ലക്ഷ്‌മണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് മുൻകൂർ നോട്ടിസ് നൽകണമെന്നും അറസ്റ്റ് ചെയ്‌താൽ ഇടക്കാല ജാമ്യത്തിൽ വിടണമെന്നുമാണ് സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നത്.
അന്വേഷണവുമായി ഐജി ലക്ഷ്‌മൺ സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകുന്നതിന് ഈ ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായത്. കേസിൽ ഐ.ജി ലക്ഷ്‌മൺ നാലാം പ്രതിയാണ്.
നേരത്തെ ചോദ്യം ചെയ്യലിന് ഐജി ലക്ഷ്മൺ ഹാജരാകാത്തതിനാൽ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നോട്ടിസ് നൽകിയിട്ടും ലക്ഷ്മൺ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ചികിത്സയിലായതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മൺ മെയ്‌ൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു.
പുരാവസ്തു തട്ടിപ്പുകാരന്‍ മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ശ്രമം നടത്തിയെന്നതാണ് കേസ്. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് സര്‍വീസില്‍ തിരിച്ചെടുത്തു.
കേസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാബാഹ്യ അധികാരകേന്ദ്രത്തിന്റെ ഗൂഢാലോചനയാണെന്നും തന്നെ കുടുക്കിയതാണെന്നും ആരോപിച്ച് ഐജി ലക്ഷ്മൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.