ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമക്കുറ്റം കൂടി ചുമത്തിയേക്കും. കോവളത്ത് ആത്മഹത്യാ മുനമ്പില്‍ വച്ച് മര്‍ദിക്കുന്നതിനിടെ കൊക്കയിലേയ്ക്ക് തള്ളിയിടാന്‍ ശ്രമിച്ചുവെന്ന് യുവതി മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്ന് കുന്നപ്പിള്ളിലിന്റെ വസ്ത്രം കണ്ടെടുത്തിരുന്നു. പീഡിപ്പിച്ചതായി പരാതിക്കാരി ആരോപിച്ച സ്ഥലങ്ങളിലെല്ലാം പോലീസ് തെളിവെടുപ്പ് തുടരുകയാണ്. എട്ട് ദിവസമായി ഒളിവില്‍ കഴിയുന്ന കുന്നപ്പിള്ളിലിനെ പിടികൂടാനായില്ലെങ്കിലും പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ഏഴ് സ്ഥലങ്ങളില്‍വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പോലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് തുടരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു തെളിവെടുപ്പ്. കോവളത്തെ ഗസ്റ്റ് ഹൗസിലും ഹോട്ടലുകളിലും അന്വേഷണ സംഘം എത്തിയിരുന്നു. പേട്ടയിലെ പരാതിക്കാരിയുടെ വീട്ടില്‍നിന്ന് കുന്നപ്പിള്ളിലിന്റെ ഒരു ടീ ഷര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബലാത്സംഗം നടന്നതായി പറയുന്ന ദിവസം പേട്ടയിലെ വീട്ടിലെത്തിയപ്പോള്‍ ഉപയോഗിച്ച വസ്ത്രമെന്ന നിലയില്‍ അന്വേഷണ സംഘം അത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ഇന്ന് എംഎല്‍എയുടെ പെരുമ്പാവൂരിലെ വീട്ടില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് നടക്കും. വീട്ടില്‍വച്ചും പീഡനത്തിന് ഇരയായെന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് പരാതിക്കാരിയുമായി പെരുമ്പാവൂരിലെത്തുക. അതേസമയം, എട്ട് ദിവസമായിട്ടും എംഎല്‍എയുടെ ഒളിസ്ഥലം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായാണ് പോലീസിന്റെ പ്രതികരണം. അതിനിടെ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
അതിനിടെ, നവമാധ്യമങ്ങള്‍ വഴി എല്‍ദോസ് പീഡിപ്പിക്കുകയാണെന്നും, പരാതി ആദ്യം അന്വേഷിച്ച കോവളം എസ്എച്ച്ഒ പണം വാങ്ങി പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും കാണിച്ച് രണ്ടു പുതിയ പരാതികള്‍ കൂടി യുവതി കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ രണ്ട് പരാതികളും ബലാത്സംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.