തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അന്വേഷണത്തിന് നിർദേശം നല്‍കി.
ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനന്‍ മേല്‍നോട്ടം വഹിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
നിയമന വിവാദത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. കത്ത് വ്യാജമണോ അല്ലയോ എന്ന് അന്വേഷണത്തില്‍ വ്യക്തമാകും. ഒന്നും ഒളിച്ചുവെയ്ക്കാനില്ല. തെളിവുകളുണ്ടെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കും. പ്രതിഷേധങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് മാധ്യമങ്ങളാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
മേയര്‍ ആര്യ രാജേന്ദ്രനെ വിളിച്ച് വരുത്തി വിശദീകരണം തേടിയതിന് പിന്നാലെ വിവാദം അവസാനിച്ചെന്നായിരുന്നു പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കത്തിന്റെ ഉറവിടത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കേണ്ടി വരും. വ്യാജ കത്താണെങ്കില്‍ അതിന്റെ ഉറവിടവും കണ്ടെത്തെണ്ടതുണ്ട്.
എസ്എടിയിലെ നിയമനത്തില്‍ കത്തയച്ചത് താനാണെന്ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്ത് വിവാദത്തില്‍ നിന്ന് തടിയൂരാനുള്ള ശ്രമത്തിനും ഇത് തടസമാകും. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വെല്ലുവിളിയാണ്.