അയൽക്കാരിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ ഉടന്‍ പോലീസിനെ അറിയിക്കണമെന്ന നിർദേശവുമായി കേരളാ പോലീസ്. സംസ്ഥാന പോലീസ് മേധാവി തന്നെയാണ് 'വാച്ച് യുവർ നെയ്ബർ' എന്ന് ഓമനപ്പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉപജ്ഞാതാവ്. ജനമൈത്രി പോലീസിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിലെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഡിജിപി 'പുത്തൻ ആശയം' പങ്കുവെച്ചത്. നാട്ടുകാരെ പരസ്പരം ചാരന്മാരാക്കുന്നതാണ് കേരള പോലീസിന്റെ പുതിയ ഇടപെടല്‍ എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രധാന വിമർശനം.
വിമർശന സ്വഭാവമുള്ള പോസ്റ്റുകളെക്കാൾ പരിഹസിക്കുന്ന ട്രോളുകളും പോസ്റ്റുകളുമാണ് അധികവും. അയൽക്കാരന്റെ കാര്യങ്ങൾ നോക്കാൻ മലയാളികൾക്ക് പ്രത്യേകിച്ച് പറഞ്ഞ് കൊടുക്കേണ്ട കാര്യമുണ്ടോ എന്നാണ് പലരുടെയും ചോദ്യം. ഒരു കണ്ണല്ല സാർ പറഞ്ഞാൽ രണ്ട് കണ്ണും ധാനം ചെയ്യുമെന്ന പരിഹാസമാണ് മറ്റ് ചില പ്രൊഫൈലുകൾ പറയുന്നത്. പൊലീസ് പറഞ്ഞത് കൊണ്ട് ഇനി ധൈര്യമായി നോക്കാമല്ലോ എന്ന ആശ്വാസവും ചിലർ പങ്കുവെക്കുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി ഒളിഞ്ഞ് നോക്കുന്ന ചിത്രമാണ് മീമുകളിൽ പ്രമുഖൻ.
കേരള പോലീസിന്റെ പുതിയ പദ്ധതി 1930കളിലും 40കളിലും ജർമനിയിൽ ഉണ്ടായിരുന്ന വാച്ച് ഗ്രൂപ്പുകൾക്ക് സമാനമാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. അതുപോലെ തന്നെ അമേരിക്കയിലെ ഇടതുപക്ഷ വിമത മുന്നേറ്റങ്ങളെ അമർച്ച ചെയ്യാൻ സിഐഎയുടെ നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി പോലീസിങ് പരിപാടിയോടാണ് ജെയ്സൺ സി കൂപ്പർ എന്ന പ്രൊഫൈൽ കേരള പോലീസിന്റെ പദ്ധതിയെ ഉപമിച്ചത്.
അയലത്തെ കറണ്ട് പോയോ, അവിടെ ആരൊക്കെ വരുന്നു, അവിടുത്തെ ചെക്കൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ, അയൽപക്കത്തെ പെൺകുട്ടിക്ക് പ്രേമമുണ്ടോ എന്നൊക്കെ ഉത്തരവാദിത്തത്തോടെ അന്വേഷിച്ച് കണ്ടെത്തി കൊടുക്കാമെന്ന് രശ്മിത രാമചന്ദ്രൻ തന്റെ പ്രൊഫൈലിൽ കുറിച്ചു.
1984 എന്ന ജോർജ് ഓർവെലിന്റെ പുസ്തകത്തെയാണ് മറ്റ് ചിലർ ഓർമിക്കുന്നത്. അതിൽ വീടിനുള്ളിലും നായകന് സ്വകാര്യത അനുഭവിക്കാൻ കഴിയുന്നില്ല. ഇല്ലയിടവും അയൽ നിരീക്ഷണത്തിലാണ്. അതെ അവസ്ഥയിലേക്ക് സംസ്ഥാനത്തെ നയിക്കാനുള്ള ആദ്യ പടിയാണ് പോലീസിന്റെ പുതിയ പദ്ധതിയെന്നും വിമർശനങ്ങളുണ്ട്.
''മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കാൻ പലപ്പോഴും തയ്യാറാകാത്ത മലയാളിക്ക്, അന്യന്റെ വീട്ടിൽ ഒളിഞ്ഞ് നോക്കാനുള്ള അനുവാദം കൂടി കൊടുക്കുമ്പോൾ എന്താണുണ്ടാകാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്'' - മറ്റൊരാള്‍ പറയുന്നു.
പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കി വരികയാണെന്നും ഉടൻ തന്നെ നടപ്പിലാക്കുമെന്നും ഡിജിപി അനിൽ കാന്ത് അറിയിച്ചു. സിസിടിവി ക്യാമറകൾ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുമ്പോൾ അതിൽ ഒരെണ്ണം റോഡിലെ കാഴ്ചകൾ ഒപ്പിയെടുക്കും വിധമാകാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും ഡിജിപി പറഞ്ഞു.