Sumesh Sivan
KERALA

ജയിൽമോചനത്തിന് മാസങ്ങൾ മാത്രം ബാക്കി, രൂപേഷിനുമേല്‍ പുതിയ കേസുകൾ ചുമത്താൻ പോലീസ്; ജനാധിപത്യ ബോധത്തിന് അവമതിപ്പെന്ന് സാംസ്‌കാരിക നേതാക്കൾ

പുറത്തിറങ്ങാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അത്തരമൊരു നീക്കം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് രൂപേഷ് ഒരിക്കലും പുറത്തിറങ്ങരുത് എന്ന പകപോക്കലിന് ഭാഗമായാണെന്ന് രൂപേഷിന്റെ ഭാര്യ അഡ്വ. ഷൈന

വെബ് ഡെസ്ക്

പത്ത് വർഷത്തോളമായി മാവോയിസ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മേൽ പുതിയ കേസുകൾ ചുമത്താനുള്ള പോലീസ് നീക്കം തടയണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവർത്തകർ. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രൂപേഷിന്റെ ശിക്ഷാ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ജയിൽ മോചനം തടയുക എന്ന ലക്ഷ്യത്തോടെ പുതിയ കേസുകൾ ചുമത്താനുള്ള നീക്കത്തിൽ നിന്ന് കേരള സർക്കാർ പിന്മാറണമെന്ന് സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ള സാംസ്‌കാരിക പ്രവർത്തകർ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ ചൂരണിമലയിലെ മുക്കം ഗ്രാനേറ്റ് എന്ന ക്വാറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഈ കേസ്. 2013 ൽ തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ തുടരന്വേഷണം നടത്തുകയോ, രൂപേഷിനെ പ്രതിചേർക്കുകയോ ചെയ്തിട്ടില്ല

"കഴിഞ്ഞ പത്ത് വർഷത്തോളമായി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രാഷ്ട്രീയതടവുകാരൻ രൂപേഷിന്റെ ശിക്ഷാ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, അദ്ദേഹത്തിന്റെ ജയിൽ മോചനം തടയുക എന്ന ലക്ഷ്യത്തോടെ പുതിയ കേസുകൾ ചുമത്താനുള്ള നീക്കം നടക്കുന്നതായി അറിയുന്നു. ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഈ നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻമാറണമെന്ന് ഞങ്ങൾ ആവിശ്യപ്പെടുന്നു. ഈ നീക്കം നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം തകർക്കാനും ജനാധിപത്യ ബോധത്തിന് അവമതിപ്പുണ്ടാക്കാനും ഇടയാക്കും," കത്തിൽ പറയുന്നു. കെ സച്ചിദാനന്ദൻ, കെ ജി ശങ്കരപ്പിള്ള, ടിടി ശ്രീകുമാർ, കൽപ്പറ്റ നാരായണൻ, കെ കെ രമ എംഎൽഎ, സെബാസ്റ്റ്യൻ പോൾ, പി എൻ ഗോപീകൃഷ്ണൻ, അൻവർ അലി തുടങ്ങി നിരവധി പേരാണ് പ്രസ്താവന പുറത്തിറക്കിയത്.

ജസ്റ്റിസ്‌ പി കെ ഷംസുദ്ധീൻ, എം എൻ കാരശ്ശേരി, മീനാ കാന്തസാമി തുടങ്ങിയവരും തുറന്ന കത്തിൽ ഒപ്പുവച്ചു.

കോഴിക്കോട് ക്രൈം ബ്രാഞ്ച് / കേരള എറ്റിഎസ് (ATS) ആണ് പുതിയ കേസുകൾ ചുമത്താനുള്ള നടപടികളുമായി മുൻപോട്ട് പോകുന്നതെന്ന് കത്തിൽ പറയുന്നു. കോഴിക്കോട് ജില്ലയിലെ ചൂരണിമലയിലെ മുക്കം ഗ്രാനേറ്റ് എന്ന ക്വാറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഈ കേസ്. 2013 ൽ തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ തുടരന്വേഷണം നടത്തുകയോ, രൂപേഷിനെ പ്രതിചേർക്കുകയോ ചെയ്തിട്ടില്ല. എന്നാൽ പുറത്തിറങ്ങാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അത്തരമൊരു നീക്കം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് രൂപേഷ് ഒരിക്കലും പുറത്തിറങ്ങരുത് എന്ന പകപോക്കലിൻ്റെ ഭാഗമായാണെന്ന് രൂപേഷിന്റെ ഭാര്യയും അഭിഭാഷകയുമായ ഷൈന മാധ്യമങ്ങളോട് പറഞ്ഞു.

" രൂപേഷിനെ 2015 ൽ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തതിനുശേഷം രണ്ട് വർഷത്തിനുള്ളിൽ പല ഘട്ടങ്ങളിലായി കേരള പോലീസ് ഏകദേശം നൂറോളം ദിവസം കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്യലിന് വിധേയമാക്കിയതുമാണ്. അങ്ങനെ 43 ഓളം കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ചുമത്തുകയും ചെയ്തു. ഈ കേസുകളിലെല്ലാം അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട് എന്നതും പ്രസ്താവ്യമാണ്. ഇതിൽ തന്നെ ഒരു കേസിൽ അദ്ദേഹത്തെ വെറുതെ വിടുകയും 5 കേസുകളിൽ പൂർണ്ണമായും ഒരു കേസിൽ ഭാഗികമായും വിടുതൽ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഒരു സമയത്തും ഈ കേസിൽ പ്രതിചേർക്കപ്പെടാതിരുന്ന രൂപേഷിനെ 2015-ൽ അറസ്റ്റ് ചെയ്യപ്പെട്ട കാലത്ത് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയത് സംശയകരമാണ്. ഈ കേസിനെ കുറിച്ച് യാതൊരുവിധ അന്വേഷണമോ പരാമർശം പോലുമോ ഇത്രയും കാലം പോലീസ് നടത്തിയിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ടിട്ടുള്ള ഫയലുകളിൽ രൂപേഷിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള എല്ലാ കേസുകളുടെയും വിവരങ്ങളുമുണ്ട്. മാത്രവുമല്ല എൻ.ഐ.എ കോടതിയിൽ വിചാരണ നടക്കുമ്പോൾ രൂപേഷിന്റെ മേലുള്ള കേസുകളെ കുറിച്ച് കോടതിയിൽ വാദപ്രതിവാദങ്ങൾ നടന്നതുമാണ്. അപ്പോഴൊന്നും ഇപ്പോഴത്തെ വിവാദ കേസിനെ കുറിച്ച് പോലീസ് ഒന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രൂപേഷിൻ്റെ പേരിൽ കോഴിക്കോട് ജില്ലയിൽ യാതൊരു കേസും ഇനിയില്ല എന്ന് രൂപേഷ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ആഭ്യന്തര വകുപ്പ് മറുപടി നൽകിയിട്ടുമുണ്ട്, " കുറിപ്പിൽ വ്യക്തമാക്കുന്നു.

പത്ത് വർഷത്തോളമായി ജയിലിൽ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനെ അയാളുടെ മോചനത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത്തരത്തിൽ പകയോടെ കൈകാര്യം ചെയ്യുന്നത് കടുത്ത അനീതിയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. "പോലീസിനെതിരെ വ്യപകമായി വിമർശനങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ഈ കാര്യത്തിലുണ്ടാവണമെന്നും ഒരനീതിയും നിയമ വിരുദ്ധയിടപെടലും ഉണ്ടായിക്കൂടെന്ന് ഉറപ്പ് വരുത്താനുള്ള സർക്കാരിൻ്റെ ബാധ്യതയെ വിലമതിക്കണമെന്നും സർക്കാരിനെ ഓർമ്മിപ്പിക്കുന്നു," എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ 2015 ലാണ് രൂപേഷിനെ അറസ്റ്റ് ചെയ്തത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍