കേരളാ ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യ്ക്ക് കീഴിൽ വരുന്ന സ്കൂൾ ഓഫ് എഞ്ചിനീറിങ്ങിൽ ഇനി മുതൽ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം. നിലവിൽ ആൺ കുട്ടികൾക്ക് ഇളം പച്ച നിറത്തിലുള്ള ഷർട്ടും ഗ്രേ പാന്റും, പെൺകുട്ടികൾക്ക് ഇളം പച്ച നിറത്തിലുള്ള കുർത്തയും ഗ്രേ പാന്റും ഓവർ കോട്ടുമാണ് യൂണിഫോം. പുതിയ ഉത്തരവനുസരിച്ച് ജൂൺ ഒന്ന് മുതൽ ഇവ രണ്ടിൽ നിന്നും ഏത് ധരിക്കണമെന്ന് വിദ്യാർഥികൾക്ക് തീരുമാനിക്കാം. ഈ വർഷമാദ്യം വിദ്യാര്‍ഥിനികള്‍ക്ക് ഹാജരില്‍ ആര്‍ത്തവ അവധി ആനുകൂല്യം നടപ്പിലാക്കിയതിന്റെ തുടർച്ചയാണ് ഈ മാറ്റവും.
ആര്‍ത്തവ അവധി ആനുകൂല്യം നടപ്പിലാക്കാൻ മുന്നിൽ നിന്ന കോളേജ് ചെയർ പേഴ്സൺ നമിത ജോർജിന്റെ നേതൃത്വത്തിലുള്ള കുസാറ്റ് സ്റ്റുഡന്റസ് യൂണിയൻ തന്നെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം യാഥാർഥ്യമാക്കുന്നതിന് പിന്നിലും. ഡിപ്പാർട്ടമെന്റ് തലത്തിൽ നിന്ന് അനുമതി ലഭിച്ചാൽ പരിഷ്‌കാരം നടപ്പിലാക്കാമെന്ന് യൂണിവേഴ്സിന്റി അറിയിച്ചതിനെ തുടർന്ന് സ്കൂൾ ഓഫ് എഞ്ചിനീറിങ്ങ് പ്രിൻസിപ്പലുമായി സംസാരിച്ചു. പിന്നീട് ഫാക്കൽറ്റികളുമായും വിദ്യാർഥികൾക്ക് എതിർപ്പില്ല എന്നുറപ്പുവരുത്താൻ എല്ലാ വിദ്യാർത്ഥി സംഘടനകളെയും ഉൾപ്പെടുത്തിയുള്ള ചർച്ചകൾക്കും ശേഷമാണ് ഇപ്പോഴത്തെ ഉത്തരവ്. മാറ്റത്തിന്റെ നാൾവഴികളെ കുറിച്ച് നമിത ജോർജ് 'ദ ഫോര്‍ത്തിനോട്' പറഞ്ഞു.
യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ ആറോളം ഡിപ്പാർട്മെന്റുകളിലാണ് യൂണിഫോം ഉള്ളത്. അവയിലേക്കും ഇത്തരത്തിൽ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുവാൻ ഈ ഉത്തരവ് സഹായിക്കുമെന്നും അതിന്റെ നടപടികൾ യൂണിവേഴ്സിറ്റിയുടെ പരിഗണനിയിലാണെന്നും നമിത വ്യക്തമാക്കി.