പത്തനംതിട്ടയിലെ മലയാലപ്പുഴയിൽ വീണ്ടും ആഭിചാരക്രിയ നടന്നതായി റിപ്പോര്‍ട്ട്. പൂജകൾ ചെയ്‌തതിന് പണം നൽകിയില്ലെന്ന് ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്ന് പരാതി. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാരാണ് ഇവരെ മോചിപ്പിച്ചത്. ആഭിചാരക്രിയകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് മുന്‍പും പോലീസ് പിടിയിലായ ശോഭനയുടെ വീട്ടിലാണ് പൂജകൾ നടന്നത്. പൂജകളുടെ പണം നൽകിയില്ലെന്ന് ആരോപിച്ചാണ് ഇവരെ പൂട്ടിയിട്ടതെന്നാണ് വിവരം. മന്ത്രവാദം നടന്ന കേന്ദ്രത്തിലേക്ക് സിപിഎം പ്രതിഷേധം നടത്തി.
ഏഴ് വയസുള്ള കുട്ടിയടക്കം മൂന്ന് പേരെയാണ് പൂട്ടിയിട്ടത്. തട്ടിപ്പു കേസിൽ അകപ്പെട്ട് ജയിലിലായിരുന്ന പത്തനാപുരം സ്വദേശി അനീഷിന്റെ ഭാര്യയെയും ഭാര്യാമാതാവിനെയും കുഞ്ഞിനെയുമാണ് പൂട്ടിയിട്ടിരുന്നത്. അഞ്ച് ദിവസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നവെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞ ജനുവരി മുതൽ ഇവർ മന്ത്രവാദ ക്രിയകൾക്കായി ഇവിടെ എത്തിയിരുന്നതായി പറയുന്നു. ശോഭനയും തട്ടിപ്പ് കേസ് പ്രതി അനീഷും തമ്മിലാണ് സാമ്പത്തിക ഇടപാട്.
ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാരാണ് ഇവരെ മോചിപ്പിച്ചത്.
ഇലന്തൂർ നരബലി കേസ് ഉയർന്നുവന്ന സമയത്ത് ശോഭനയ്‌ക്കെതിരെയും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വാസന്തീമഠം എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ കുട്ടികളെ ഇരകളാക്കി ആഭിചാരക്രിയകൾ നടത്തിയതിന് ശോഭനയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മന്ത്രവാദത്തിനിടെ കുട്ടി ബോധംകെട്ട് വീഴുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും പൂജകൾ തുടങ്ങിയത്. കൂടാതെ ബാധയൊഴിപ്പിക്കാനെന്ന പേരിൽ ഒരു സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.