KERALA

''പപ്പാ, ജപ്തി ബോര്‍ഡ് മറയ്ക്കാമോ'' അഭിരാമി ചോദിച്ചു, ബാങ്കില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കണ്ടത് ജീവനില്ലാത്ത മകളെ

വെബ് ഡെസ്ക്

വീടിന് മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്താണ് കൊല്ലം ശൂരനാട് അഭിരാമി ആത്മഹത്യ ചെയ്തതെന്ന് അച്ഛന്‍ അജികുമാര്‍. ബോര്‍ഡ് വീടിന് മുന്നില്‍ നിന്ന് മാറ്റാനാകുമോ എന്ന് അഭിരാമി പലവട്ടം ചോദിച്ചിരുന്നു. ''പപ്പാ, ബോര്‍ഡ് മാറ്റാനാകില്ലെങ്കില്‍ തുണികൊണ്ടെങ്കിലും മറയ്ക്കൂ'' എന്ന് അഭിരാമി പലതവണ ആവശ്യപ്പെട്ടു. ''സര്‍ക്കാരിന്റെ കാര്യങ്ങളല്ലേ, അങ്ങിനെ ബോര്‍ഡ് ഇളക്കിമാറ്റാനാകില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു.'' വീട് വിറ്റ് കടം തീർക്കാമെന്ന് മകള്‍ പറഞ്ഞിരുന്നെന്നും അജികുമാര്‍ കണ്ണീരോടെ പറയുന്നു.

ജപ്തി നോട്ടീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് അജികുമാറും ഭാര്യ ശാലിനിയും ഇന്നലെ ബാങ്കില്‍ പോയത്. അഭിരാമിയും അജികുമാറിന്റെ മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. റൂമില്‍ കയറി കതകടച്ച അഭിരാമി ഏറെനേരമായിട്ടും പുറത്തുവരാതിരുന്നതോടെ അമ്മൂമ്മ അയല്‍പക്കത്തുള്ളവരെ വിളിച്ചു. വാതില്‍ ചവിട്ടി തുറന്നപ്പോള്‍ കണ്ടത് ജനലില്‍ തൂങ്ങി നില്‍ക്കുന്ന അഭിരാമിയെയാണ്. ബാങ്കില്‍ നിന്ന് തിരിച്ചെത്തിയ അജികുമാറും ശാലിനിയും കണ്ടത് മകളുടെ ജീവനില്ലാത്ത ശരീരം.

നാല് വർഷം മുൻപാണ് അജികുമാര്‍ കേരളാ ബാങ്ക് പതാരം ബ്രാഞ്ചിൽ നിന്നും 10 ലക്ഷം രൂപ വായ്പ എടുത്തത്. 60 ദിവസത്തിനുളളിൽ 11.25 ലക്ഷം രൂപ അടയ്ക്കാൻ ഈവര്‍ഷം ജനുവരി 20നാണ് ബാങ്ക് നോട്ടീസ് നൽകിയത്. മാർച്ചില്‍ ഒന്നര ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബാക്കി തുക അടയ്ക്കാനായില്ല. ഇതാണ് ജപ്തിയിലേക്ക് നയിച്ചത്. വിദേശത്ത് ജോലിയായിരുന്ന അജികുമാര്‍ കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് രണ്ട് മാസം മുൻപാണ് നാട്ടില്‍ തിരിച്ചെത്തിയത്.

അതിനിടെ, ആത്മഹത്യ ചെയ്ത അഭിരാമിയുടെ മുത്തച്ഛൻ ശശിധരൻ ആചാരിയിൽ നിന്ന് കേരള ബാങ്കുകാർ ചില രേഖകൾ ഒപ്പിട്ടു വാങ്ങിയതായും പരാതിയുണ്ട്. കിടപ്പിലായ ശശിധരൻ ആചാരിയെക്കൊണ്ട് വീട്ടില്‍ മറ്റാരുമില്ലാത്ത സമയം ഒപ്പ് പതിപ്പിച്ച് ബാങ്ക് ഉദ്യോ​ഗസ്ഥർ മടങ്ങിയെന്ന് കുടുംബം ആരോപിക്കുന്നു.

അതിനിടെ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ബാങ്ക് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ന്യായീകരിച്ചു. ജീവനക്കാരുടെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം അഭിരാമിയുടെ സംസ്കാരം ഇന്ന് നടക്കും. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അഭിരാമി.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി