KERALA

അവസാനമായി കോടിയേരിയില്‍; പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ ജനപ്രവാഹം

തിങ്കളാഴ്ച രാവിലെ 10 വരെ വീട്ടിലും 11 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം, തുടര്‍ന്ന് പയ്യാമ്പലം കടൽത്തീരത്ത്‌ സംസ്കാരം

വെബ് ഡെസ്ക്

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം കോടിയേരിയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തുവരെ അവിടെ പൊതുദര്‍ശനം തുടരും. 11 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലായിരിക്കും പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് പയ്യാമ്പലം കടൽത്തീരത്താണ് സംസ്കാരം. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക്‌ നടുവിലായാണ്‌  കോടിയേരിക്ക്‌ ചിതയൊരുക്കുക. പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെയാകും സംസ്കാരം. അതിനുശേഷം പയ്യാമ്പലം പാർക്കിലെ ഓപ്പൺസ്‌റ്റേജില്‍ അനുശോചനയോഗം ചേരും.

ഞായറാഴ്ച തലശേരി ടൗണ്‍ ഹാളില്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കം പതിനായിരങ്ങളാണ് കോടിയേരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. പൊതുദര്‍ശനത്തിന് ശേഷം രാത്രി പത്തോടെയാണ് മൃതദേഹം കോടിയേരിയിലെ വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉള്‍പ്പെടെ മുതിർന്ന നേതാക്കൾ കോടിയേരിയിലെ വീട്ടിലേക്ക് എത്തി ഭാര്യ വിനോദിനി മക്കളായ ബിനോയ്, ബിനീഷ് ഉള്‍പ്പെടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ടു.

കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരമർപ്പിക്കാന്‍ തലശ്ശേരി ടൗണ്‍ ഹാളിലെത്തിയ മുഖ്യമന്ത്രി മണിക്കൂറുകളായി ഇതേ കസേരയിലുണ്ട്.

സഖാവിനെ കാണാന്‍ പുഷ്പന്‍

കോടിയേരിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ പുഷ്പന്‍ എത്തി

കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച്  എസ്എന്‍ഡിപി യോഗം ജന. സെക്രട്ടറി വെളളാപ്പളളി നടേശനും ഭാര്യ പ്രീതിയും

ദ ഫോര്‍ത്തിന് വേണ്ടി മാനേജിങ് ഡയറക്ടര്‍ റിക്സണ്‍ ഉമ്മന്‍ വര്‍ഗീസ് അന്തിമോപചാരം അര്‍പ്പിച്ചു

കോടിയേരിക്ക് അന്തിമോപചാരമര്‍പ്പിച്ച് കെ സുധാകരന്‍

കോടിയേരിയെ അധിക്ഷേപിച്ച എ എസ് ഐക്ക് സസ്‌പെൻഷൻ

എ എസ് ഐ ഉറൂബ്

കോടിയേരിയെ അധിക്ഷേപിച്ച പോലീസുകാരന് സസ്‌പെൻഷൻ. എ എസ് ഐ ഉറൂബിനെയാണ് സസ്‌പെൻഡ് ചെയ്തത്. മരണ വാർത്തയ്ക്ക് പിന്നാലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇയാൾ അധിക്ഷേപ പരാമർശം നടത്തിയത്

സസ്‌പെൻഷൻ ഉത്തരവ്

ധീരസഖാവേ  കോടിയേരി... മുഷ്ടി ചുരുട്ടി, ഇടനെഞ്ചുപൊട്ടി മുദ്രാവാക്യം 

സഖാവിന്റെ വേർപാട് താങ്ങാനാവുന്നതിലുമപ്പുറമാണെങ്കിലും അടക്കി പിടിച്ചും ഇടനെഞ്ചുപൊട്ടി മുദ്രാവാക്യം വിളിച്ചും തടിച്ചുകൂടിയിരിക്കുകയാണ് ജനങ്ങൾ. 

 'മ്മടെ കോടിയേരി' ക്ഷമയോടെ കാത്തുനിന്ന് ജനങ്ങൾ   

കോടിയേരിയെ ഒരു നോക്ക് കാണാൻ ക്ഷമയോടെ കാത്തുനിൽക്കുയാണ് കിലോ മീറ്ററോളം ജനങ്ങൾ. പാർട്ടിക്ക് അകത്തും പുറത്തും പ്രിയനക്കാരനായ കോടിയേരിക്ക് ആദരമർപ്പിക്കാതെ മടക്കമില്ലെന്ന നിശ്ചയദാർഢ്യമാണ്  മണിക്കൂറുകളോളമുള്ള കാത്തു നിൽപ്പിന് പിന്നിൽ .

 കേരളം തലശ്ശേരിയിലേക്ക്...

ധീര സഖാവിന് വിപ്ലവാഭിവാദ്യം അർപ്പിച്ച് യാത്രയയക്കുവാൻ കേരളത്തിലെ ജനങ്ങൾ തലശ്ശേരിയിലേക്ക് ഒഴുകിയെത്തുകയാണ്. ഇന്ന് രാത്രി മുഴുവൻ തലശ്ശേരി ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

അതേസമയം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം സി പി ഐ ഒഴിവാക്കി. പ്രതിനിധി സമ്മേളനം മാത്രമായി ചുരുക്കി.കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടില്‍ പ്രണാമമര്‍പ്പിച്ചാണ് പൊതുസമ്മേളനം ഒഴിവാക്കിയത്.

ജനങ്ങളുടെ ഒഴുക്ക് നിയന്ത്രണാതീതം; പൊതുദർശനം 12 മണിവരെ 

കോടിയേരിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കുവാൻ എത്തുവരുടെ എണ്ണം ഓരോ നിമിഷവും കൂടിക്കൊണ്ടിരിക്കുകയാണ്. തലശ്ശേരി ടൗൺ ഹാളിൽ 12 മണിവരെയാണ് പൊതുദർശനം. മുൻപ് നിശ്ചയിച്ചത് പ്രകാരം 10 മണിക്കായിരുന്നു പൊതുദർശനം അവസാനിക്കേണ്ടത്. എന്നാൽ കോടിയേരിയെ കാണാൻ എത്തുന്നവരുടെ എണ്ണം നിയന്ത്രണാതീതമായതോടെയാണ് സമയം നീട്ടിയത്.  

സ്റ്റുഡന്റ് പോലീസിന്റെ സ്വന്തം കോടിയേരി 

കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് സ്റ്റുഡന്റ് പോലീസ്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് സ്റ്റുഡന്റ്സ്  പോലീസ് പദ്ധതി ആവിഷ്കരിച്ചത്.    

സാധാരണക്കാരുടെ സ്വന്തം സഖാവ്; കണ്ണീരോടെ കണ്ണൂർ  

ധീര സഖാവേ കോടിയേരി ... അടിമുടി പാർട്ടിയായിരുന്ന കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് കേരളം. എന്ത് പ്രശ്നമുണ്ടെങ്കിലും കോടിയേരിയുടെ കയ്യിൽ പരിഹാരമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളുടെ ഏത് ആവശ്യത്തിലും രാവും പകലുമില്ലാതെ ഓടി നടക്കുന്ന നേതാവിൻറെ വേർപാട് തീരാനഷ്ടമെന്ന കാര്യത്തിൽ സംശയമില്ല. ആദരം അർപ്പിക്കുവാൻ എത്തിയ ജനങ്ങൾ ഒന്നടങ്കം ഏറ്റുവിളിക്കുന്ന മുദ്യാവാക്യങ്ങളിൽ കൊടിയേരിയെന്ന വിപ്ലവക്കാരിയോടുള്ള സ്നേഹവായ്പ്പാണ് കാണാൻ സാധിക്കുക.

'ഇല്ലാ ഇല്ലാ മരിക്കുന്നില്ല' ചെങ്കൊടി ഉയർത്തി; നെഞ്ചുപൊട്ടി മുദ്രാവാക്യം

 പാർട്ടി പ്രവർത്തകരുടെ നെഞ്ചുപൊട്ടിയുള്ള മുദ്രാവാക്യത്തിൽ നിറഞ്ഞ്  തലശ്ശേരി ടൗൺ ഹാൾ. അടിയുറച്ചൊരു പാർട്ടി പ്രവർത്തകനായിരുന്നു കോടിയേരി. പാർട്ടി ക്ലാസുകളിലെ സൗമ്യനായ അധ്യാപകൻ, വിദ്യാർത്ഥികൾക്ക് എതിരായ അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കുവാൻ മുന്നിൽ നിന്ന വിപ്ലവകാരി അങ്ങനെ അങ്ങനെ കോടിയേരിയെ ഓർത്തെടുക്കുകയാണ് വിദ്യാർത്ഥികൾ. 

കുട്ടികൾ മുതൽ മുതിർന്നർ വരെ...  പതിനായിരങ്ങൾ തലശ്ശേരി ടൗൺ ഹാളിൽ 

കണ്ണൂരിലെ ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ സുപരിചിതനും പ്രിയപ്പെട്ട സഖാവുമാണ് കോടിയേരി. അദ്ദേഹത്തിന്റെ വേർപാട് താങ്ങാവുന്നതിലും അപ്പുറമാണെങ്കിലും ആദരം അർപ്പിക്കുവാൻ തലശ്ശേരിയിൽ വൻ ജനപ്രവാഹമാണ് എത്തിയത്.

സഖാവേ വിട; വിതുമ്പി കരഞ്ഞ് വിനോദിനി

സഖാവിന്റെ വേർപാടിൽ വിതുമ്പുകയാണ് ഭാര്യ വിനോദിനി. മൃതദേഹത്തിന് അരികിലെത്തി അന്ത്യാഭിവാദ്യം അർപ്പിക്കുമ്പോൾ വികാരത്തെ നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ശ്രീമതി ടീച്ചറും വിനോദിനിയെ ചേർത്ത് പിടിച്ച്  ആശ്വസിപ്പിക്കുകയാണ്.   

പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ചു 

സഹോദരതുല്യനായ കോടിയേരിയുടെ മൃതദേഹത്തിന് മുഖ്യമന്ത്രി പുഷ്പ ചക്രം സമർപ്പിച്ചു.പ്രിയപ്പെട്ട നേതാവിനെ കുറിച്ച് പറയാൻ തലശ്ശേരിക്ക് കഥകൾ ഏറെയുണ്ട്. പ്രിയ സഖാവിന്റെ വേർപാടിൽ അടക്കി പിടിച്ചും നെഞ്ചുപൊട്ടിയും അഭിവാദ്യമർപ്പിക്കുയാണ് കേരളം.

പാലോളി മുഹമ്മദ്, കെ കെ ശൈലജ അടക്കമുള്ളവരും പുഷ്പചക്രം സമർപ്പിച്ചു. പാർട്ടിഭേദമന്യേ നേതാക്കൾ കോടിയേരിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കുന്ന കാഴ്ചയ്ക്കാണ് തലശ്ശേരി ടൗൺ ഹാൾ സാക്ഷ്യം വഹിക്കുന്നത്.

കോടിയേരിക്ക് ആദരം അർപ്പിച്ച് പോലീസ്

തലശ്ശേരി ടൗൺ ഹാളിന് മുന്നിൽ കോടിയേരിക്ക് ആദരം അർപ്പിച്ച് പോലീസ് .

ഒടുവിൽ സ്വന്തം മണ്ണിൽ

വിലാപയാത്ര കോടിയേരിയുടെ ജന്മനാടായ തലശ്ശേരിയിൽ എത്തി. മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളുമടക്കമുള്ളവർ പ്രിയസഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കുവാൻ ടൗൺ ഹാളിൽ എത്തിയിട്ടുണ്ട്.

കോടിയേരിക്ക് ഏറെ ആത്മബന്ധമുള്ള നാടും ജനതയുമാണ് തലശ്ശേരിയിലേത്. അത് ഒരിക്കൽക്കൂടി ശരിവയ്ക്കുകയാണ് അവിടേക്ക് ഒഴുകിയെത്തിയ ജനത. ഇന്ന് രാത്രി മുഴുവൻ മൃതദേഹം തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

വിലാപയാത്ര  15 മിനിട്ടിനുള്ളിൽ  തലശ്ശേരിയിൽ എത്തും  

കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 15 മിനിട്ടിനുള്ളിൽ തലശ്ശേരിയിൽ എത്തും. മകൻ ബിനീഷും സ്‌പീക്കർ  എ എൻ ഷംസീറുമാണ് വിലാപയാത്രയിൽ ഒപ്പമുള്ളത് .

പ്രിയ നേതാവേ വിട; വിലാപയാത്ര  പൂക്കോട്    

കഠിനമായ ചൂടിനെ പോലും മറന്ന് പൂക്കോടിലെ ജനങ്ങൾ കോടിയേരിയെ കാണാൻ ഒഴുകിയെത്തി. പ്രതിസന്ധികൾ ഏറെ നേരിടേണ്ടി വന്നപ്പോഴും തങ്ങളെ ചേർത്ത പിടിച്ച  സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കുകയാണ്  ജനങ്ങൾ 

മുഖ്യമന്ത്രിയും നേതാക്കളും തലശ്ശേരി ടൗൺ ഹാളിൽ എത്തി

മുഖ്യമന്ത്രിയും നേതാക്കളും തലശ്ശേരി ടൗൺ ഹാളിൽ

കോടിയേരിയുടെ മൃതദേഹം സ്വീകരിക്കുവാൻ മുഖ്യമന്ത്രിയടക്കമുള്ളവർ തലശ്ശേരി ടൗൺ ഹാളിൽ എത്തി. വിലാപയാത്ര ഒരു മണിക്കൂറിനുള്ളിൽ ടൗൺ ഹാളിൽ എത്തും.വിലാപയാത്രയിൽ കോടിയേരിക്ക് അഭിവാദ്യമർപ്പിക്കുവാൻ വൻ ജനസഞ്ചയമാണ് റോഡിനിരുവശവും തടിച്ച് കൂടിയിരിക്കുന്നത്. നിലവിൽ രണ്ടു മണിക്കൂർ വിലാപയാത്ര വൈകിയാണ് കടന്നുപോകുന്നത്.

ധീര സഖാവിന് അഭിവാദ്യങ്ങൾ; നെഞ്ചുപൊട്ടി അഭിവാദ്യമർപ്പിച്ച് തൊക്കിലങ്ങാടി

കോടിയേരിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം  തൊക്കിലങ്ങാടിയിൽ എത്തി. ആയിരക്കണക്കിനാളുകളാണ്   സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കുവാൻ എത്തിയത്.

സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

ടൌൺഹാളിലും വീട്ടിലും പൊതുദർശനത്തിനിടെ പോലീസ് ആദരമർപ്പിക്കും.

Kodiyeri Balakrishnan.pdf
Preview

വിലാപ യാത്ര നീര്‍വേലിയിലേക്ക്

വിലാപയാത്ര മൂന്നാമത്തെ കേന്ദ്രമായ നീര്‍വേലിയിലേക്ക് .

വിലാപയാത്ര ഉരുവച്ചാലില്‍

കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഉരുവച്ചാലില്‍. തിങ്ങി നിറഞ്ഞ് ജനങ്ങള്‍. ഇന്ന് രാത്രി മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം.

കോടിയേരിയുടെ മൃതദേഹം മട്ടന്നൂര്‍ ടൗണില്‍

കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ മട്ടന്നൂരില്‍. ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, പി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ വിലാപയാത്രയെ അനുഗമിക്കുന്നു.

വിലാപയാത്ര ആരംഭിച്ചു

കോടിയേരിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ആരംഭിച്ചു. വൈകിട്ട് മൂന്ന് മണിക്ക് തലശ്ശേരി ടൗണ്‍ ഹാളിലെത്തും.പതിനാലിടത്ത് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം.

നേതാക്കള്‍ കണ്ണൂരില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ കണ്ണൂരില്‍. മുഖ്യമന്ത്രി തലശ്ശേരിയിലേക്ക് തിരിച്ചു.

പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാ‍ൻ 14 ഇടങ്ങള്‍

വിലാപയാത്രാ വഴിയില്‍ 14 കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മട്ടന്നൂര്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം, ചുങ്കം എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാം.

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. പ്രത്യേക എയർ ആംബുലന്‍സിലാണ് മൃതദേഹം എത്തിച്ചത്. വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും. കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാന്‍ ആയിരക്കണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

കോടിയേരിക്ക് ആദരമര്‍പ്പിക്കാന്‍ കണ്ണൂര്‍

കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളില്‍ കോടിയേരിക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന കോടിയേരിയെ കാണാന്‍ ആദ്യം മട്ടന്നൂര്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട്. പിന്നീട് നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, കൂത്തുപറമ്പ്, ആറാം മൈല്‍, വെറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം, ചുങ്കം എന്നിവിടങ്ങളിലൂടെ വൈകീട്ട് തലശ്ശേരി ടണില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍

കോടിയേരിയോടുള്ള ആദരസൂചകമായി തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍. വാഹനങ്ങളേയും ഹോട്ടലുകളേയും നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സിപിഎം കേന്ദ്രനേതാക്കള്‍ കണ്ണൂരിലേക്ക്

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സിപിഎം കേന്ദ്ര നേതാക്കള്‍ കണ്ണൂരിലെത്തുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ നാളെ കണ്ണൂരിലെത്തും.

ഇനി പയ്യാമ്പലത്ത് അന്ത്യവിശ്രമം

എകെജി അടക്കമുള്ള രാഷ്ട്രീയ അതികായര്‍ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്താണ് കോടിയേരിയുടെയും സംസ്‌കാരം നടക്കുക. ചടയന്‍ ഗേവിന്ദന്റെയും ഇ.കെ നായനാരുടെയും നടുവിലായാണ് കോടിയേരിക്ക് അന്ത്യ വിശ്രമത്തിനുള്ള സ്ഥലം ഒരുക്കിയിരിക്കുന്നത്. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് സംസ്‌കാരം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍