KERALA

'അയാളെ പ്രകോപിപ്പിച്ചത് നെഹ്റു-മോദി താരതമ്യം, പ്രസംഗത്തിൽ രാഷ്ട്രീയം വേണ്ടെന്ന് പറഞ്ഞു'; വധഭീഷണിയെക്കുറിച്ച് സജയ് കെ വി

വെബ് ഡെസ്ക്

പ്രധാനമന്ത്രിയെക്കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചതിന്റെ പേരില്‍ നിരൂപകനും അധ്യാപകനുമായ സജയ് കെ വിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ വടകര പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയ്ക്കടുത്ത് മണിയൂരിൽ നടന്ന പുസ്തകപ്രകാശനച്ചടങ്ങിലായിരുന്നു സംഭവം.

പുസ്തകപ്രകാശനവേളയിൽ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങളാണ് കയ്യേറ്റം ചെയ്തയാളെ പ്രകോപിപ്പിച്ചതെന്ന് സജയ് കെ വി ദ ഫോർത്തിനോട് പറഞ്ഞു. വായനയെക്കുറിച്ച് പറയുന്നതിനിടെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വായനയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും പറഞ്ഞെന്നും ഇന്നത്തെ പ്രധാനമന്ത്രി അങ്ങനെയൊരു വായനക്കാരനാണെന്നു തോന്നുന്നില്ലെന്നും രാമായണം പോലും പൂർണമായി വായിച്ചിട്ടുണ്ടാകാനിടയില്ലെന്നും പ്രസംഗത്തിൽ പറഞ്ഞതായി സജയ് പറയുന്നു. രാമനെ ഒരു മനുഷ്യനായി കാണാൻ സാധിച്ചാൽ രാമായണം ഒരു സാഹിത്യ കൃതിയായി മനസിലാക്കാൻ സാധിക്കിക്കുമെന്നും കുട്ടിക്കൃഷ്ണ മാരാരുടെ 'വാത്മീകിയുടെ രാമൻ' എന്ന ലേഖനം വായിച്ച ഒരാൾ രാമന് അമ്പലം പണിയാൻ പോകില്ലെന്നും പ്രസംഗത്തിൽ പരാമര്‍ശിച്ചിരുന്നു.

ചടങ്ങ് കഴിഞ്ഞശേഷം ഒരാൾ തനിക്കു നേരെ വന്ന് വധഭീഷണി ഉയർത്തുകയായിരുന്നെന്ന് സജയ് പറയുന്നു. "പ്രസംഗത്തിൽ രാഷ്ട്രീയമൊന്നും വേണ്ട, ഇത്തരം പ്രസംഗങ്ങൾ നടത്തിയാൽ കത്തികയറ്റി കൊന്നുകളയും," എന്നായിരുന്നു ഭീഷണി. ആളൊരു ഡോക്ടറാണെന്നും അയാൾക്കെതിരെ താനും വായനശാല അധികൃതരും നിയമനടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്നും സജയ് പറഞ്ഞു. ഇയാൾക്കെതിരെ സജയ് ഇന്നലെ വടകര ഡിവൈ എസ് പിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് വടകര പോലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്തു.

സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ മുഴുവൻ പേർക്കും സജയ് കൃതജ്ഞത രേഖപ്പെടുത്തുന്നു. സംഭവം ആദ്യമായി പുറത്തുവിട്ടത്, സഹിത്യ അക്കാദമി അധ്യക്ഷൻ കവി സച്ചിദാനന്ദനാണ്. തുടർന്ന് തന്നെ വിളിച്ച് ഐക്യദാർഢ്യം അറിയിച്ച ബാലചന്ദ്രൻ ചുള്ളിക്കാട്, അശോകൻ ചരുവിൽ, സുനിൽ പി ഇളയിടം എന്നിവർക്കും സജയ് നന്ദിയറിയിക്കുന്നു.

മണിയൂർ ജനത വായനശാല സംഘടിപ്പിച്ച പുസ്തകപ്രകാശനച്ചടങ്ങിലാണ് വായനയുടെ കാര്യത്തിൽ പ്രഥമ പ്രധാനമന്ത്രിയെയും ഇപ്പോഴത്തെ പ്രധാനമന്ത്രിയെയും സംബന്ധിച്ച് സജയ് പരാമർശിച്ചത്. വായനശാല സ്ഥാപക പ്രസിഡന്റായിരുന്ന പി ബി മണിയൂരിന്റെ കൃതികൾ മരണശേഷം സമാഹരിച്ച് വായനശാല പ്രസിദ്ധീകരിക്കുകയായിരുന്നു.

വടകര മടപ്പള്ളി ഗവ. കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ സജയ് കെ വിക്കെതിരായ വധഭീഷണിയിൽ പുകസ ഉൾപ്പെടെയുള്ള സംഘടനകൾ വരും ദിവസങ്ങളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം