അരുണാചൽ പ്രദേശിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ചസംഭവത്തില്‍ ദുരൂഹതകളേറുന്നു. മന്ത്രവാദമാണ് നടന്നതെന്ന സൂചനകൾക്കിടെ മരിച്ചവര്‍ക്ക് വിചിത്ര വിശ്വാസങ്ങളുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി പോലീസ്. ദമ്പതികളായ കോട്ടയം സ്വദേശി നവീന്‍ തോമസും ദേവിയും സുഹൃത്തായ ആര്യയും അന്യഗ്രഹജീവിതം ആഗ്രഹിച്ചവരാണെന്നാണ് പോലീസ് കരുതുന്നത്. ആര്യയുടെ ലാപ്‌ടോപ്പില്‍നിന്ന് കണ്ടെടുത്ത 466 പേജുള്ള രേഖയില്‍നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
ആന്‍ഡ്രോമീഡ ഗാലക്‌സിയില്‍നിന്നുള്ള 'മൈതി' എന്ന സാങ്കല്പിക കഥാപാത്രവുമായുള്ള സംഭാഷണമാണ് ഈ രേഖയില്‍. ദിനോസറുകള്‍ക്കു വംശനാശം വന്നില്ലെന്നും ദിനോസറുകളെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഇതില്‍ പറയുന്നു. ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്കു മാറ്റുമെന്നും രേഖയില്‍ സൂചിപ്പിക്കുന്നുണ്ട്.
മനുഷ്യന്റെ ഭാവിയടക്കമുള്ള കാര്യങ്ങള്‍ ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും ഉദ്ധരിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രൂപത്തിലാണ് സംഭാഷണം നടക്കുന്നത്. ഡാർക്ക് നെറ്റ് വഴിയാണ് അവർ ഈ വിവാദ വെബ്സൈറ്റുകൾ പരതിയിരുന്നത്. അതുവഴി മറ്റുള്ളവർ ബ്രൗസ് ഹിസ്റ്ററി മനസ്സിലാക്കുന്നത് തടയാൻ കഴിയും.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് എസ് പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസന്വേഷിക്കുന്നത്. ദേവിയുടെയും ആര്യയുടെയും സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും.
മാര്‍ച്ച് 27നാണ് നവീന്‍ തോമസും ദേവിയും ആര്യയും വരും അരുണാചലിലേക്കുപോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍നിന്ന് 100 കിലോമീറ്റര്‍ മാറി സിറോയിലെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. ആര്യ മകളാണെന്ന് പറഞ്ഞാണ് നവീനും ദേവിയും ഹോട്ടൽ അധികൃതരോട് പറഞ്ഞത്. ഏപ്രില്‍ രണ്ടിനാണ് മൂവരെയും മരിച്ചനിലയിൽ ഹോട്ടൽ അധികൃതർ കണ്ടെത്തിയത്.
പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കിയ മൃതദേഹങ്ങള്‍ ഇന്നലെ സംസ്‌കരിച്ചു. ഈ മാസം ഏഴിന് ആര്യയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ആര്യയും ദേവിയും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു.
ആര്യയെ കഴിഞ്ഞമാസം 27 മുതല്‍ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ആര്യയും ദേവിയും ചില വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ട്യൂഷന്‍ എടുത്തിരുന്നു. കുറച്ചുദിവസത്തേക്ക് ട്യൂഷനില്ലെന്നും അടുത്ത ട്യൂഷന്‍ സമയം അറിയിക്കാമെന്നും ഇവര്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മൂവരും അരുണാചലിലേക്കു പോയത്.