KERALA

ചരിത്രത്തിലേക്കു മാഞ്ഞ് ഐഎൻഎസ് സിന്ധുധ്വജ്, പൊളിക്കാനായി കണ്ണൂരില്‍; അഴീക്കൽ സിൽക്കിന് നേട്ടം

ഇന്നവേഷനുള്ള സിഎൻഎസ് റോളിങ് ട്രോഫി പ്രധാനമന്ത്രി നൽകിയ ഇന്ത്യൻ നാവികസേനയിലെ ഏക അന്തർവാഹിനിയാണ് ഐ എൻ എസ് സിന്ധുധ്വജ്

ദ ഫോർത്ത് - കണ്ണൂർ

ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർവാഹിനിയായ ഐ എൻ എസ് സിന്ധുധ്വജ് ഡീ കമ്മിഷനുശേഷം പൊളിക്കാനായി കണ്ണൂരിൽ. അഴീക്കലിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരളലിമിറ്റഡി(സിൽക്ക്)നാണു പൊളിക്കാനുള്ള ഉത്തരവാദിത്വം. 1975-ൽ ആരംഭിച്ച സിൽക്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്തര്‍വാഹിനി പൊളിക്കാനായി എത്തിക്കുന്നത്.

നാവികസേനയുടെ ഭാഗമായി 35 വര്‍ഷം പ്രവര്‍ത്തിച്ച ഐ എൻ എസ് സിന്ധുധ്വജ് 2022 ജൂലൈ 16 നാണ് ഡീ കമ്മിഷന്‍ ചെയ്തത്. തുടര്‍ന്ന് വിശാഖപട്ടണം തുറമുഖത്തുനിന്നാണ് കപ്പൽ പൊളിക്കാനായി അഴീക്കലിലെ സിൽക്ക് ഷിപ്പ്ബ്രേക്കിങ് യൂണിറ്റ് യാർഡിൽ എത്തിച്ചത്. കപ്പൽ പൊളിക്കുന്നതിൽ 40 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് സിൽക്ക്.

അന്തർവാഹിനിയുടെ വരവോടുകൂടി കപ്പല്‍ പൊളി വ്യവസായത്തില്‍ സിൽക്ക് കൂടുതല്‍ പ്രശസ്തമാകുമെന്നാണ് വിലയിരുത്തല്‍

ഏപ്രിൽ നാലിന് അന്തർവാഹിനി അഴീക്കലിൽ എത്തിയെങ്കിലും മണൽത്തിട്ട കാരണം കരയ്ക്കടുപ്പിക്കാനായില്ല. എട്ട് ദിവസത്തോളം സിൽക്കിന്റെ യാർഡിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ട അന്തർവാഹിനി സംസ്ഥാന സർക്കാരിന്റെ ഇടപെടലിനൊടുവിലാണ് കരയ്ക്കടുപ്പിച്ചത്.

1986നും 2000നും ഇടയിൽ റഷ്യയിൽനിന്ന് വാങ്ങിയ കിലോ ക്ലാസ് അന്തർവാഹിനിയാണ് ഐഎൻഎസ് സിന്ധുധ്വജ് . 43,000 കോടി രൂപ ചെലവിലാണ് അന്തര്‍വാഹിനിയെ റഷ്യയിൽനിന്നു വാങ്ങി നാവികസേനയുടെ ഭാഗമാക്കിയത്. ചരിത്രത്തിൽ ആദ്യമായി ഇന്നൊവേഷനുള്ള സിഎൻഎസ് റോളിങ് ട്രോഫി പ്രധാനമന്ത്രി നൽകിയ ഏക അന്തർവാഹിനി കൂടിയാണ് സിന്ധുധ്വജ്.

സ്വദേശിവൽക്കരണത്തിലൂടെ സേവനകാലത്ത് സിന്ധുധ്വജ് കരുത്ത് വര്‍ധിപ്പിച്ചു. തദ്ദേശീയ സോണാറായ ഉഷസ്, തദ്ദേശീയ സാറ്റലൈറ്റ് ആൻഡ് കമ്യൂണിക്കേഷൻ സംവിധാനങ്ങളായ രുക്‌മിണി, എം എസ് എസ് ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം, ഇൻഡിജി നൈസിഡ് ടോർപ്പിഡോ ഫയർ കൺട്രോൾ സിസ്റ്റം എന്നിവയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള മികച്ച അന്തർവാഹിനിയാണ് ഐ എം എസ് സിന്ധുധ്വജ്.

അന്തർവാഹിനിയായതുകൊണ്ട് പൊളിക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ വർഷങ്ങളായി കപ്പൽ പൊളിക്കുന്നതിലുള്ള പരിചയം ഉപയോഗപ്പെടുത്തി ആറു മാസം കൊണ്ട് പൊളിക്കൽ പൂർത്തിയാക്കാമെന്നാണ് സിൽക്കിന്റെ പ്രതീക്ഷ. ഇതുപോലുള്ള അന്തർവാഹിനികൾ പൊളിക്കുന്നതോടെ ഇരുമ്പുരുക്ക് വ്യവസായങ്ങൾക്കാവശ്യമായ അസംസ്കൃതവസ്തു‌ക്കളുടെ ലഭ്യതയുണ്ടാകും.

സിന്ധുധ്വജിന്റെ വരവോടെ കപ്പല്‍ പൊളി വ്യവസായത്തില്‍ സിൽക്ക് കൂടുതല്‍ പ്രശസ്തമാകുമെന്നാണ് വിലയിരുത്തല്‍. നടന്നുകൊണ്ടിരിക്കുന്ന ആധുനികവത്കരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഫാബ്രിക്കേഷൻ, ഫൗണ്ടറി, ഹോസ്‌പിറ്റൽ ഫർണിച്ചർ, കപ്പൽ നിർമാണം എന്നീ മേഖലകളിൽ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചിൻ ഷിപ്പിയാർഡ്, റെയിൽവേ, ബെമല്‍ എന്നിവയിൽനിന്ന് കൂടുതൽ ഓർഡറുകൾ സിൽക്ക് പ്രതീക്ഷിക്കുന്നുണ്ട്.

സ്വകാര്യസ്ഥാപനമായ സിത്താരാ ട്രേഡേഴ്സാണ് അന്തർവാഹിനി പൊളിക്കാനായി വാങ്ങിയത്. 4525 രൂപയും ജിഎസ്‌ടിയുമാണ് ഒരു ടണ്ണിന് പൊളിക്കൽ നിരക്കായി സിൽക്ക് ഈടാക്കുന്നത്.

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?