അട്ടപ്പാടി മധുവധക്കേസിന്റെ വിചാരണക്കിടെ കോടതിയില്‍ നാടകീയ സംഭവങ്ങള്‍. കേസില്‍ നേരത്തെ കൂറുമാറിയ 19-ാം സാക്ഷി കക്കിയും 18-ാം സാക്ഷി കാളി മൂപ്പനും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പ്രതികളെ പേടിച്ചാണ് നേരത്തെ മൊഴി മാറ്റിയതെന്നും കോടതിയില്‍ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നെന്നും കക്കി കോടതിയെ അറിയിച്ചു. നേരത്തെ മൊഴി മാറ്റേണ്ടി വന്ന സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് കാളി മൂപ്പന്‍ കോടതിയില്‍ പറഞ്ഞത്. വിചാരണക്കോടതിയായ മണ്ണാര്‍ക്കാട് എസ് സി -എസ് ടി കോടതിയിലാണ് അസാധാരണ സംഭവവികാസങ്ങള്‍.
മധുവിനെ കാട്ടില്‍ നിന്ന് പ്രതികള്‍ കൂട്ടിക്കൊണ്ടുപോരുന്നത് കണ്ടെന്ന് നേരത്തെ പൊലീസിന് മൊഴി നല്‍കിയയാളാണ് 19-ാം സാക്ഷിയായ കക്കി. പിന്നീട് കോടതിയില്‍ വിചാരണാ വേളയില്‍ കക്കി മൊഴി മാറ്റുകയായിരുന്നു. കൂറു മാറിയതിനെ തുടര്‍ന്ന് വനംവകുപ്പിലെ താല്‍ക്കാലിക ജോലി നഷ്ടപ്പെട്ടയാളാണ് 18-ാം സാക്ഷി കാളി മൂപ്പന്‍.
കേസിലെ വിചാരണാനടപടികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ 18,19 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സാക്ഷികളെ വീണ്ടും ഹാജരാക്കിയത്.