KERALA

സിദ്ധാര്‍ഥന്റെ മരണം: സിബിഐ അന്വേഷണത്തിന് വിടുന്നതില്‍ കാലതാമസം, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡെപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്

വെബ് ഡെസ്ക്

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സി എസ് സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ വൈകിയതിൽ നടപടി. മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. പെർഫോമ റിപ്പോർട്ട് സിബിഐക്ക് നൽകുന്നതിൽ കാലതാമസമുണ്ടായതാണ് നടപടിയെടുക്കുന്നതിലേക്കെത്തിച്ചത്. ഡെപ്യുട്ടി സെക്രട്ടറി ഉൾപ്പെടെ ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.

വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് നേരത്തെ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി കെ, സെക്ഷൻ ഓഫീസർ ബിന്ദു, സെക്ഷൻ ഓഫീസർ അസിസ്റ്റന്റ് അഞ്‍ജു എന്നിവരെയാണ് ഇപ്പോൾ ആഭ്യന്തര വകുപ്പിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ആഭ്യന്തര സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.

ഫെബ്രുവരി 18 നാണ് സർവകലാശാലയിലെ ശുചിമുറിയിൽ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെടുത്തുന്നത്. ശേഷം ചില അസ്വാഭാവികതകൾ ചൂണ്ടിക്കാണിച്ച് സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ മറ്റു വിദ്യാർത്ഥികൾക്കും പങ്കുണ്ടെന്ന് പറഞ്ഞു കൊണ്ട് കുടുംബം രംഗത്തെത്തുകയായിരുന്നു. ശേഷം നടന്ന പോലീസ് അന്വേഷണത്തിൽ മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ സിദ്ധാർത്ഥൻ തുടർച്ചയായി റാഗിങ്ങിനിരയായിരുന്നു എന്ന വിവരങ്ങൾ പുറത്തു വന്നു. വീട്ടിലേക്കു പോയ സിദ്ധാർത്ഥനെ ഫെബ്രുവരി 16നു തിരിച്ചു ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയ ഒരു സംഘം വിദ്യാർഥികൾ അടുത്ത മൂന്നു ദിവസം സിദ്ധാർഥനെ ക്രൂരമായി മർദിക്കുകയും വിവസ്ത്രനാക്കി പൊതുമധ്യത്തിൽ വിചാരണ ചെയ്യുകയും ചെയ്തു എന്ന വിവരങ്ങൾ പിന്നീട് പുറത്ത് വന്നിരുന്നു.

പുറത്ത് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പോലീസിന്റെ റിമാൻഡ് റിപ്പോർട്ടും ഈ സംഭവങ്ങൾ നടന്നു എന്ന് തെളിയിക്കുന്നതായിരുന്നു. പിന്നീട് സിദ്ധാർത്ഥന്റെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ശേഷം അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് മുഖ്യമന്ത്രി പ്രസ്താവനയിറക്കി. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനമിറങ്ങി ദിവസങ്ങൾ കഴിഞ്ഞും പെർഫോമ റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈമാറാതിരുന്നത് കാരണമാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിൽ കാലതാമസമുണ്ടായത്. ശേഷം ആഭ്യന്തര സെക്രട്ടറി നടത്തിയഅന്വേഷണത്തിലാണ് ഈ മൂന്നുപേർക്കെതിരെ നടപടി സ്വീകരിച്ചത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍