കേരളത്തിൽ ബിജെപിക്ക് വളരാൻ കഴിയാത്തതിന്റെ മുഖ്യ കാരണം സംസ്ഥാനത്തിന്റെ ജനസംഖ്യാ ഘടനയെന്ന് ആർഎസ്എസ്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ആർഎസ്എസ് പ്രചാരക് ജെ. നന്ദകുമാറിന്റെ പ്രതികരണം. കേരളത്തിൽ ശാഖകളുടെ എണ്ണം വളരെയധികമായിട്ടും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അതെന്തുകൊണ്ട് സഹായകമാകുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നന്ദകുമാർ.
ബിജെപിക്ക് കേരളത്തിൽ തിരഞ്ഞെടുപ്പ് വിജയം സാധ്യമാകാത്തതിന് പ്രധാനമായും മൂന്നു കാരണങ്ങളാണ് ജെ നന്ദകുമാർ ചൂണ്ടിക്കാട്ടിയത്. ജനസംഖ്യ ഘടനയ്ക്ക് പുറമെ കേരളത്തിലെ രാഷ്ട്രീയത്തിൽ സംഘടിതമായ ന്യൂനപക്ഷങ്ങൾ ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും ആർ എസ് എസ് പ്രചാരക് അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്ത് കേരളത്തിൽ മാത്രമാണ് ഇങ്ങനെയൊരു ന്യൂനപക്ഷ വിഭാഗമുള്ളത്. കൂടാതെ ബിജെപിക്കെതിരെ ഒരു അപ്രഖ്യാപിത രാഷ്ട്രീയ കൂട്ടുകെട്ട് കേരളത്തിലുണ്ട്. ബിജെപിക്ക് വിജയസാധ്യത ഉള്ളിടത്തെല്ലാം അവർ ഒരുമിച്ചുനിന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ജെ നന്ദകുമാർ പറഞ്ഞു.
മതേതരത്വമെന്ന ആശയം അനാവശ്യമാണ്. ഭരണഘടനാ നിർമാണ സഭ മതേതരത്വമെന്ന വാക്ക് ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ് ഭരണഘടനയുടെ ആമുഖത്തിൽ 'സെക്കുലർ' എന്ന വാക്ക് ചേർക്കുന്നത്. ജാതി രാഷ്ട്രീയം കളിക്കാൻ വേണ്ടി ഇന്ദിര ഗാന്ധി നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രം തിരുത്തിയെഴുതുന്നത് രാജ്യത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണെന്ന് നന്ദകുമാർ പറഞ്ഞു. ഔറംഗാബാദ് എന്ന പേരുകേൾക്കുമ്പോൾ ഔറംഗസീബ് ചെയ്ത മോശം കാര്യങ്ങളെ പറ്റിയാണ് ഓർമവരിക. സ്വാഭിമാനമുള്ള രാജ്യത്തെ സംബന്ധിച്ചിടത്തോളം സ്വന്തം പൈതൃകം വീണ്ടെടുക്കുക എന്നത് പ്രധാനമാണ്. ഭക്ഷണത്തിന്റെ പേരിലുള്ള ആൾകൂട്ടക്കൊലകളെ കുറ്റം പറയാൻ കഴിയില്ലെന്നും അഭിമുഖത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. "നമുക്കാരെയും കുറ്റം പറയാൻ സാധിക്കില്ല. ആൾക്കൂട്ട കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചുകൂടി നമ്മൾ ചിന്തിക്കണം" ആർ എസ് എസ് പ്രചാരക് പറഞ്ഞു.
മിത്ത് വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശം വർഗീയമായിരുന്നുവെന്ന് നന്ദകുമാർ പറഞ്ഞു. ഒരു ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി ഇത്തരം പരാമർശം നടത്താൻ പാടില്ല. ഒരു തരത്തിൽ സാമൂഹ്യവിരുദ്ധമായ പരാമർശമാണ് ഷംസീർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.