KERALA

മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ, കേരള നിയമ-രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം; കോടതിയുടെ അപൂർവ വിധിക്ക് പിന്നില്‍

നിയമകാര്യ ലേഖിക

രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മാവേലിക്കര സെഷന്‍സ് കോടതി വിധി കേരളത്തിലെ നിയമ-രാഷ്ട്രീയ ചരിത്രത്തിൽ ആദ്യത്തേത്‌. ഒരു ക്രിമിനൽ കേസിൽ ഏറ്റവും കൂടുതൽ പേർക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്. വിചാരണ നേരിട്ട 15 പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര അഡി. സെഷൻസ് കോടതി വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലിക്കര കോടതി ശിക്ഷ വിധിച്ചത്.

രാഷ്ട്രീയ കൊലപാതകക്കേസുകളിൽ അപൂർവമായിട്ടാണ് കോടതികൾ വധശിക്ഷ വിധിക്കാറുള്ളത്. കെടി ജയക്യഷ്ണൻ മാസ്റ്റർ വധക്കേസിലെ അഞ്ച് പ്രതികൾക്ക് തലശേരി അതിവേഗ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി അപ്പീൽ ശരിവക്കുകയും ചെയ്തു. എന്നാൽ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.

രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസല്ല, ഈ കേസിലെ വിധിയാണ് അപൂർവങ്ങളിൽ അപൂർവമായതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വിചാരണ നേരിട്ട മുഴുവൻ പേരെയും വധശിക്ഷയ്ക്ക് വിധിക്കുന്നത് അപൂർവ നടപടിയാണ്.

ശിക്ഷ ഹൈക്കോടതി ശരിവയ്ക്കണം

ക്രമിനൽ കേസില്‍ കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചാലും ഹൈക്കോടതി അനുമതി നൽകിയാൽ മാത്രമേ നടപടിക്രമങ്ങൾ പ്രകാരം വധശിക്ഷയാകുകയുള്ളൂ. രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച ഉത്തരവിനും ഹൈക്കോടതിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. പ്രതികൾ അപ്പീൽ നൽകാതെ തന്നെ ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിയാണോയെന്ന് പരിശോധിക്കും. അതിനുശേഷമായിരിക്കും ശിക്ഷ എന്ത് എന്നത് സംബന്ധിച്ച് തീരുമാനമാകുക.

22 പേരാണ് കേരളത്തിലെ വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കഴിയുന്നത്. ഈയടുത്ത് വധശിക്ഷ വിധിച്ച ആലുവയിലെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്കിനു പുറമേ സംസ്ഥാനത്തെ നാല് ജയിലുകളിലാണ് ഈ 21പേർ വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുരയിൽ-ഒൻപത്, വിയ്യൂരിൽ-അഞ്ച്, കണ്ണൂരിൽ-നാല്, വിയ്യൂർ അതിസുരക്ഷാ ജയിലിൽ-മൂന്ന് പേർ വീതം. മിക്കവരും ശിക്ഷാ ഇളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും