രാഷ്ട്രപതിക്കെതിരെ ഒരു സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുക! അസാധാരണ നീക്കമാണ് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ഏറ്റുമുട്ടല്‍ മറ്റൊരു തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഭരണഘടനയെയും ഫെഡറല്‍ തത്വങ്ങളെയും കാറ്റില്‍ പറത്തി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ വരിഞ്ഞുമുറക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ പ്രതിരോധിക്കാന്‍ രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കുന്ന കേരളം നിയമസഭകളുടെ അധികാരം സംബന്ധിച്ച് കൂടുതൽ വ്യക്തതയെന്ന പ്രതീക്ഷയിലാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഒരുപക്ഷേ, കേന്ദ്ര നിലപാടുകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്ന സംസ്ഥാനമാവും കേരളം. ഗുരുതര ആരോപണങ്ങളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉയർത്തിയിരിക്കുന്നത്.
ഗവര്‍ണറുടെയും ബിജെപിയുടെയും അജണ്ടയ്ക്കനുസരിച്ച് രാഷ്ട്രപതി പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ഉയര്‍ത്തിയിട്ടില്ല. എന്നാല്‍, രാഷ്ട്രപതിയുടെ സെക്രട്ടറിയെ കൂടി കക്ഷിചേര്‍ത്ത് സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍, സമരങ്ങളിലൂടെ മാത്രം കേന്ദ്രത്തെ ചെറുക്കാനാകില്ലെന്ന് പിണറായി വിജയനും സിപിഎമ്മും തിരിച്ചറിഞ്ഞിരിക്കുന്നുവെന്നു വേണം അനുമാനിക്കാന്‍. നിയമപോരാട്ടത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.
ബില്ലുകള്‍ അനാവശ്യമായി തടഞ്ഞുവയ്ക്കുന്നതിനെതിരെ കേരള, തമിഴ്‌നാട്, പഞ്ചാബ് ഗവര്‍ണര്‍മാരെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേരള നിയമസഭ പാസാക്കിയ ബില്ലുകൾ കാരണം പറയാതെ രണ്ടു വർഷത്തോളം പിടിച്ചുവച്ചശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിട്ടത്. അതും കേരളം സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന്. ഇതാണ് ഗവർണർക്കെതിരായ കേരളത്തിന്റെ പ്രധാനവാദവും.
ബില്ലുകൾ കാരണം കൂടാതെ അനിശ്ചിതമായി ഗവർണർ പിടിച്ചുവെച്ച കാര്യം രാഷ്ട്രപതി ഭവൻ കണക്കിലെടുത്തില്ലെന്ന കാര്യം കേരളം കോടതിയിൽ ചൂണ്ടിക്കാട്ടും. അതുപോലെ ബില്ലുകൾ രാഷ്ട്രപതി എത്രകാലം കൊണ്ട് പരിഗണിക്കമെന്നത് സംബന്ധിച്ച് ഭരണഘടനാ വ്യവസ്ഥയോ സുപ്രീംകോടതി പരാമർശമോ ഇല്ല. സാധാരണ ഗവർണർമാർ കൈമാറുന്ന ബില്ലുകൾ രാഷ്ട്രപതി ഭവനിൽ കാലങ്ങളോളം കെട്ടിക്കിടക്കുന്ന സ്ഥിതി പൊതുവെയുണ്ട്. ഈ വിഷയത്തിലേക്കു കൂടി ശ്രദ്ധ ക്ഷണിക്കുന്നതാവും കേരളത്തിന്റെ ഹർജി. ഇതോടെ, ഭരണഘടന സ്ഥാപനങ്ങളുടെ അധികാര പരിധിയെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരും.
''അധികാര പരിധി ലംഘിച്ച് പലപ്പോഴും മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരസ്യമായ വിമര്‍ശനം നടത്തുകയും ചെയ്യുന്ന ഗവര്‍ണര്‍, തന്റെ ഭരണഘടനാപരമായ ചുമതലകള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയാണ്. ഈ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടേണ്ടതാണെങ്കിലും അല്ലെങ്കിലും രണ്ടു വര്‍ഷം പിടിച്ചുവയ്ക്കുന്നത് ഗവര്‍ണറുടെ പദവിയോടും ഭരണഘടനാ ചുമതലയോടും കാണിക്കുന്ന അനീതിയാണ്,'' മുതിര്‍ന്ന അഭിഭാഷകന്‍ സികെ ശശി മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയെ കക്ഷിചേര്‍ക്കാന്‍ ഭരണഘടന അനുവദിക്കാത്ത സാഹചര്യത്തില്‍, രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷിചേര്‍ത്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ച് കേരളം ഹര്‍ജിയില്‍ വിശദമായി പറയുന്നുണ്ട്.
'എത്രയും വേഗം' എന്ന വാക്ക് മറക്കുന്ന ഗവര്‍ണര്‍
സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിക്കുന്ന ബില്ലുകളില്‍, എത്രയും വേഗം ഗവര്‍ണര്‍ ഒപ്പിടണമെന്ന് തെലങ്കാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള കേസില്‍ 2023-ല്‍ സുപ്രീംകോടതി വിധിയുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. 'എത്രയും വേഗം' എന്ന പദപ്രയോഗത്തിന് കാര്യമായ ഭരണഘടന ഉള്ളടക്കമുണ്ട്. അത് ഭരണഘടന അധികാരികള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട ഗവര്‍ണര്‍, അതില്‍ എത്രയും വേഗം എന്നത് മെന്‍ഷന്‍ ചെയ്തില്ല. ഇത് ഭരണഘടനയുടെ അനുച്ഛേദം 200-ന്റെ ലംഘനമാണ്. ഭരണഘടന വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് ബില്ലുകള്‍ തയാറാക്കിയിരിക്കുന്നത് എന്നിരിക്കെ, ഇവയില്‍ ഒപ്പിടാതിരിക്കുന്ന ഗവര്‍ണറുടെ നിലപാട് സംശയാസ്പദമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം, സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകള്‍ കാലതാമസം വരുത്താതെ, ഒപ്പിട്ടുനല്‍കുകയെന്നതാണ് ഗവര്‍ണറുടെ ഉത്തരവാദിത്തം. സംസ്ഥാന സര്‍ക്കാര്‍ അയയ്ക്കുന്ന ബില്ലുകള്‍ ധനബില്‍ അല്ലെങ്കില്‍, വിയോജിപ്പുണ്ടെങ്കില്‍ അത് രേഖപ്പെടുത്തി തിരിച്ചയയ്ക്കണമെന്നും നിയമം പറയുന്നു. എന്നാല്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് കേരളം ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ച ഏഴ് ബില്ലുകളില്‍ ഒന്നുപോലും കേന്ദ്ര-സംസ്ഥാന ബന്ധവുമായി ബന്ധപ്പെട്ടതല്ല. കേരള ഗവര്‍ണര്‍ സ്വയം കൈകാര്യം ചെയ്യേണ്ട ബില്ലുകള്‍ ആയിരുന്നു ഇവ. എന്നിട്ടും ഗവര്‍ണര്‍ ഇവ രാഷ്ട്രപതിക്ക് വിട്ടു. രണ്ടുവര്‍ഷമായി ഈ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുത്തിരുന്നില്ല. സംസ്ഥാന നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന പ്രവര്‍ത്തനമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായത്. പൊതുജന നന്‍മയ്ക്ക് വേണ്ടിയുള്ള പൊതുതാത്പര്യ ബില്ലുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഗവര്‍ണര്‍ തടഞ്ഞുവച്ചത്. അഞ്ച് സര്‍വകലാശാല ബില്ലുകള്‍, ലോകായുക്ത ബില്ല്, സഹകരണ ബില്ല് എന്നീ ബില്ലുകളാണ് ഗവര്‍ണര്‍ തടഞ്ഞുവെച്ചശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്.
എന്താണ് ഗവര്‍ണറുടെ ജോലികളെന്ന് സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചതിന് പിന്നാലെയാണ് ഒരു ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായത്. ബാക്കി ഏഴു ബില്ലുകള്‍ അതിനുശേഷം രാഷ്ട്രപതിക്ക് അയച്ചത്. ബില്ലില്‍ ഒപ്പിടാതിരിക്കുന്നതിന് കാരണമായി ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങളും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ക്ക് അവരുടെ അധികാരങ്ങള്‍ മന്ത്രിസഭയുടെ ഉപദേശവും സഹായവും അനുസരിച്ച് മാത്രമേ വിനിയോഗിക്കാന്‍ സാധിക്കുള്ളൂയെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേരള ഗവര്‍ണര്‍ സുപ്രീംകോടതിയെ ധിക്കരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു.
കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍, സര്‍ക്കാര്‍ നേരത്ത സുപ്രീകോടതിയെ സമീപിച്ചിരുന്നു. രണ്ടുവര്‍ഷം എന്തുചെയ്യുകയായിരുന്നുവെന്ന് ചോദിച്ച് സുപ്രീംകോടതി ഗവര്‍ണറെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ, ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പിടുകയും ചെയ്തിരുന്നു.
2022 ഓഗസ്റ്റിലാണ് നിയമസഭ ലോകായുക്ത ഭേദഗതി ബില്‍ പാസാക്കിയത്. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലാണിത്. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗവര്‍ണറുടെ വാദം. ലോകായുക്ത വിധി മന്ത്രിമാര്‍ക്കെതിരാണെങ്കില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്ക് എതിരാണെങ്കില്‍ നിയമസഭയ്ക്കും അപ്പീല്‍ പരിഗണിക്കാം. എംഎല്‍എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്ക് പുനഃപരിശോധിക്കാന്‍ കഴിയും എന്നിവയാണ് ലോകായുക്ത നിയമഭേദഗതി ബില്ലിലെ പ്രധാന മാറ്റങ്ങള്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേര്‍ത്ത് സുപ്രീംകോടതിയെ സമീപിച്ചതിലൂടെ, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍ വിഷയം കൂടുതല്‍ ചര്‍ച്ചയാക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നുണ്ടെന്നും വിലയിരുത്താം.