ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതിവിവേചനം നേരിട്ടുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ തുറന്ന് പറച്ചില്‍. ഒരു ക്ഷേത്രത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജാതിയുടെ പേരില്‍ തന്നെ മാറ്റി നിര്‍ത്തിയെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
എവിടെ വച്ചാണ് മന്ത്രിക്ക് അധിക്ഷേപം നടന്നതെന്ന് മന്ത്രി വെളിപ്പെടുത്തിയിട്ടില്ല
പൂജാരിമാര്‍ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നല്‍കാതെ നിലത്തു വച്ചു. താന്‍ അത് എടുത്ത് കത്തിക്കുണമെന്നാണ് അവര്‍ ഉദ്ദേശിച്ചത് എന്നും എന്നാല്‍ അവരോട് പോയി പണിനോക്കാനാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ജാതീയമായ വേര്‍തിരിവിനെതിരെ അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ എവിടെ വച്ചാണ് മന്ത്രിക്ക് അധിക്ഷേപം നടന്നതെന്ന് മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
മന്ത്രി പറഞ്ഞത്
'ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു ക്ഷേത്രത്തില്‍ പോയി. അവിടുത്തെ പ്രധാന പൂജാരി ഒരു വിളക്കുമായി എന്റെ നേരെ വന്നു. ഞാന്‍ കരുതിയത് അതെനിക്ക് തരാനാണെന്നാണ്. പക്ഷെ പൂജാരി തന്നെ വിളക്ക് കത്തിച്ചു. ശേഷം പ്രധാന പൂജാരി അടുത്തുണ്ടായിരുന്ന മറ്റെരു പൂജാരിക്ക് വിളക്ക് കൈമാറി അപ്പോഴും എനിക്ക് തന്നില്ല. അതിന് ശേഷം അവര്‍ വിളക്ക് നിലത്ത് വച്ചു. അത് ഞാന്‍ എടുത്ത് കത്തിച്ചോളണമെന്നാണവര്‍ ഉദ്ദേശിച്ചത്. ഞാന്‍ കത്തിക്കണോ.. എടുക്കണോ.. പോയി പണിനോക്കാന്‍ പറഞ്ഞു. ഞാന്‍ അടക്കമുള്ള പിന്നോക്ക വിഭാഗക്കാര്‍ തരുന്ന പണത്തിന് അവര്‍ക്ക് അയിത്തമില്ല എനിക്കാണ് അയിത്തമെന്ന് ആ പൂജാരിയെ നിര്‍ത്തിക്കൊണ്ട് തന്നെ ഞാന്‍ പറഞ്ഞു.'മന്ത്രി പറഞ്ഞു.