അതിരുകളിലാത്ത ആകാശത്തേക്ക് ഇന്ത്യയിലെ ട്രാന്‍ഡ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് വാതില്‍ തുറക്കുന്നു. ഹോര്‍മോണ്‍ ചികിത്സ പൂര്‍ത്തിയാക്കിയ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ഇനി പൈലറ്റ് ലൈസന്‍സിന് അപേക്ഷിക്കാം. പൈലറ്റ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ ഡിജിസിഎ പുതുക്കി. ചരിത്ര തീരുമാനവുമായി ഡിജിസിഎ നയങ്ങള്‍ മാറ്റം വരുത്തുമ്പോള്‍ വിജയം കാണുന്നത് ആദം ഹാരി എന്ന 23 വയസ്സുള്ള ട്രാന്‍സ് മെന്‍ന്റെ സമാനതകളില്ലാത്ത പോരാട്ടം കൂടിയാണ്.
സ്വകാര്യ പൈലറ്റ് ലൈസന്‍സ്, വിദ്യാര്‍ത്ഥികളുടെ പൈലറ്റ് ലൈസന്‍സ്, കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേക്കും മെഡിക്കല്‍ ക്ലിയറന്‍സ് ലഭിക്കുന്നതിനുള്ള മാര്‍ഗരേഖകളാണ് ഇന്നലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയത്. വേള്‍ഡ് പ്രൊഫഷണല്‍ അസോസിയേഷന്‍ ഫോര്‍ ട്രാന്‍സ്ജെന്റര്‍ ഹെല്‍ത്തിന് അനുസൃതമായി അഞ്ചു വര്‍ഷത്തിലേറെ ആയി ഹോര്‍മോണ്‍ തെറാപ്പിയും ലിംഗസ്ഥിരീകരണ ശസ്ത്രക്രിയയും നടത്തുന്നവരെ യോഗ്യരായി പരിഗണിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നിന്ന് പൈലറ്റ് പരിശീലനം പുര്‍ത്തിയാക്കുകയും പ്രൈവറ്റ് പൈലറ്റ് ലൈസന്‍സുളള രാജ്യത്തെ ആദ്യ ട്രാന്‍സ്മാന്‍ ആകുകയും ചെയ്ത വ്യക്തിയാണ് ആദം ഹാരി. തൃശ്ശൂര്‍ സ്വദേശി ആദം ഹാരിയുടെ പോരാട്ടങ്ങള്‍ക്ക് കേരള സര്‍ക്കാറിന്റെ പിന്തുണയുണ്ടായിരുന്നു.
കുടുംബത്തോടും സമൂഹത്തിനോടും പോരാടിയായിരുന്നു ആദം ഹാരി തന്റെ സ്വപ്‌നങ്ങളിലേക്ക് സഞ്ചരിച്ചത്. കൂടെനിന്ന സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ ചേരുന്നതിന് 23.34 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. സാമൂഹിക നീതി വകുപ്പായിരുന്നു സഹായം നല്‍കിയത്.
ഒടുവില്‍ പരിശീലനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ഹോര്‍മോണ്‍ തെറാപ്പി തുടരുന്നതിനാല്‍ പറക്കുന്നതിന് ആദം ഹാരി യോഗ്യനല്ലെന്ന് ഡിജിസിഎ കണ്ടെത്തിയത്. 2020 ഏപ്രിലില്‍ ആണ് ആദം ഹാരിയുടെ മെഡിക്കല്‍ ക്ലിയറന്‍സ് ഡിജിസിയെ തള്ളിയത്. ഇതോടെ അതിജീവനത്തിനായി തലസ്ഥാന നഗരത്തില്‍ ഡെലിവറി ബോയിയായി മാറേണ്ടി വന്നു ആദം ഹാരിക്ക്. നീണ്ട ആറുവര്‍ഷങ്ങളുടെ നിരന്തര പോരാട്ടമാണ് ഡിജിസിഎയെ ഇപ്പോള്‍ നിലപാട് തിരുത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയില്‍ ജോലിക്കുകയറുകയെന്നതാണ് ഹാരിയുടെ സ്വപനം. അതിനായുള്ള കാത്തിരിപ്പ് ഇനിയും തുടരേണ്ടിവരും.
ലിംഗഭേദത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന ഒരു വലിയ വിഭാഗത്തിന് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം എന്നായിരുന്നു ഡിജിസിഎയുടെ നടപടിയെ ആദം ഹാരി വിശേഷിപ്പിച്ചത്. 'ഇത് എന്റെ മാത്രം വിജയമല്ല, മറ്റ് ലിംഗക്കാരെപ്പോലെ തുല്യ കഴിവുള്ളവരാണെങ്കിലും ലിംഗഭേദത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന മുഴുവന്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയുടെയും വിജയമാണ്. ഡിജിസിഎയുടെ തീരുമാനം കൂടുതല്‍ ട്രാന്‍സവിഭാഗക്കാര്‍ക്ക് മുന്നോട്ട് വരാനും വ്യോമയാന മേഖലയില്‍ അവരുടെ സ്വപ്ന ജീവിതം നയിക്കാനും വഴിയൊരുക്കും'. ആദം ഹാരി ചൂണ്ടിക്കാട്ടുന്നു.
ഡിജിസിഎ ഉത്തരവിലെ പുതിയ വ്യവസ്ഥകള്‍
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട അപേക്ഷകര്‍ ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റിലാണെങ്കില്‍ മൂന്ന് മാസത്തേക്ക് മെഡിക്കല്‍ ' അണ്‍ഫിറ്റ്' ആയി പ്രഖ്യാപിക്കും. ഹോര്‍മോണ്‍ തെറാപ്പിയില്‍ നിന്നുള്ള പാര്‍ശ്വഫലങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നതും ഫ്‌ളൈറ്റ് സുരക്ഷയെ ബാധിക്കുകയും ചെയ്യും. അതിനാല്‍, നിര്‍ദ്ദേശിച്ച അളവില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ ലൈസന്‍സില്‍ നിര്‍ദ്ദേശിക്കണമെന്നും ഡിജിസിഎ ഉത്തരവില്‍ പറയുന്നു.
യോഗ്യത നേടുന്നതിനായി, അപേക്ഷകന്‍ എടുക്കുന്ന ഹോര്‍മോണ്‍ തെറാപ്പിയുടെ വിശദമായ റിപ്പോര്‍ട്ട് ചികിത്സിക്കുന്ന എന്‍ഡോക്രൈനോളജിസ്റ്റില്‍ നിന്ന് സമര്‍പ്പിക്കണം. ഇതില്‍ തെറാപ്പിയുടെ ദൈര്‍ഘ്യം, ഡോസേജ്, ആവര്‍ത്തി, തെറാപ്പിയിലെ മാറ്റങ്ങളുടെ റെക്കോര്‍ഡ്, ഹോര്‍മോണ്‍ പരിശോധന റിപ്പോര്‍ട്ടുകള്‍ എന്നിവ സര്‍ക്കുലറില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹോര്‍മോണ്‍ തെറാപ്പി എടുക്കുകയോ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയോ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ അപേക്ഷകരുടെ മാനസികാരോഗ്യനില പരിശോധിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.