KERALA

ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തില്ല; ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് സർക്കാർ

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സർക്കാരിനെ അറിയിക്കാതെ ഇക്കാര്യം ചെയ്യാൻ ഗവർണർക്ക് അധികാരമില്ല

വെബ് ഡെസ്ക്

മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകാൻ ഡിജിപിയും ചീഫ് സെക്രട്ടറിയും ഇന്ന് രാജ്ഭവനിലെത്തില്ല. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പി വി അൻവറിന്‍റെ ഫോൺ ചോർത്തൽ തുടങ്ങിയ വിവാദങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് ഇന്നലെയാണ് ഗവർണർ ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിപ്പിച്ചത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനും പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബും ഇന്ന് വൈകീട്ട് നാലിന് രാജ്ഭവനിൽ എത്തണമെന്നായിരുന്നു നിർദേശം. എന്നാൽ നടപടി ചട്ടവിരുദ്ധമാണെന്നാണ് സർക്കാർ നിലപാട്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും നേരിട്ടെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവർണറുടെ നിർദേശം.എന്നാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് തെറ്റാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി ഗവർണർക്കു കത്ത് നൽകി. സർക്കാരിനെ അറിയിക്കാതെ ഇക്കാര്യം ചെയ്യാൻ ഗവർണർക്ക് അധികാരമില്ല. ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും കത്തിൽ പറയുന്നു.

സ്വര്‍ണക്കടത്ത്, ഹവാല കേസുകള്‍, ഫോണ്‍ ചോര്‍ത്തല്‍ എന്നിവ വിശദീകരിക്കണമെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞ ദേശവിരുദ്ധ ശക്തികള്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേരിൽ ദേശീയ മാധ്യമമായ ദ ഹിന്ദുവിനു നൽകിയ വിവാദ പരാമർശത്തിലായിരുന്നു ഗവർണറുടെ അസാധാരണ ഇടപെടൽ. മലപ്പുറം വിഷയം രാഷ്ട്രീയ ചർച്ചയായി മാറുന്ന സാഹചര്യത്തിലാണ് നീക്കം.

ദേശവിരുദ്ധര്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും ഇതിനുപിന്നില്‍ ആരാണെന്ന് അറിയിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഇതിന് മറുപടി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ ഗവർണർ ആവശ്യപ്പെട്ടത്.

സെപ്റ്റംബർ 30ന് ദ ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിൽ മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമർശങ്ങളാണ് വിവാദമായത്. അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടില്ലാത്ത വാചകങ്ങൾ ഉൾപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഹിന്ദുവിനെ അറിയിച്ചതോടെ വാചകങ്ങൾ ഉൾപ്പെടുത്തിയതിൽ പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ അഭിമുഖം വാഗ്ദാനം ചെയ്തുകൊണ്ട് കെയ്‌സൻ എന്ന പിആർ ഏജൻസി തങ്ങളെ ബന്ധപ്പെടുകയായിരുന്നുവെന്നാണ് ദ ഹിന്ദു നൽകിയ വിശദീകരണം. മലപ്പുറത്തെ ഹവാല പണമിടപാടും സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അഭിമുഖ വാർത്തയിൽ ഉൾപ്പെടുത്താൻ പിആർ ഏജൻസി ആവശ്യപ്പെടുകയും എഴുതി നൽകുകയുമായിരുന്നുവെന്നും തുടർന്നാണ് ഉൾപ്പെടുത്തിയതെന്നും ദ ഹിന്ദു തിരുത്തിൽ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രി പി ആർ ഏജൻസിയുടെ സഹായം തേടിയത് കൂടുതൽ രാഷ്ട്രീയ കോളിളക്കങ്ങൾക്കാണ് വഴിവെച്ചത്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം